പെട്ടെന്നു കുഴഞ്ഞു വീണു സംഭവിക്കുന്ന മരണങ്ങളെക്കുറിച്ചു ഈയിടെയായി പത്രങ്ങളിലും നവ മാധ്യമങ്ങളിലും ധാരാളം വാർത്തകൾ വരുന്നുണ്ട്. പൊതുജനങ്ങൾക്കിടയിൽ ഇത് വളരെയധികം ആശങ്കകളും സംശയങ്ങളും ഉണ്ടാക്കുന്നുമുണ്ട്.
കുഴഞ്ഞു വീഴുന്നത് എന്തുകൊണ്ട്?
പല കാരണങ്ങൾ മൂലം ഇത് സംഭവിക്കാം.
1 . രക്തസമ്മർദം ക്രമാതീതമായി കുറയുക
2 . രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറയുക
3 . ശരീരത്തിന്റെ സന്തുലനാവസ്ഥ തെറ്റുക (ചെവിയുടെയോ മസ്തിഷ്കത്തിന്റയോ പ്രശ്നങ്ങൾ മൂലം)
4 . മസ്തിഷ്കാഘാതം (stroke )
5 . അപസ്മാരം (Seizure)
6. ഹൃദയസ്തംഭനം (Cardiac Arrest )
7. ശ്വാസകോശത്തിലോട്ടുള്ള പ്രധാന രക്തധമനിയിൽ (Pulmonary Artery) ബ്ലോക്ക് ഉണ്ടാകുന്ന അവസ്ഥ (Pulmonary Embolism)
ഇവയെല്ലാം തന്നെ അപകടകാരികൾ ആയേക്കാമെങ്കിലും കുഴഞ്ഞു വീണു പെട്ടെന്നുള്ള മരണം സംഭവിക്കുന്നത് ഹൃദയസ്തംഭനം മൂലവും പൾമൊണറി എംബോളിസം മൂലവും ആണ് . ഇതിൽ തന്നെ ഏറ്റവും സാധാരണയായി സംഭവിക്കുന്നത് ഹൃദയസ്തംഭനം തന്നെ.
എന്താണ് ഹൃദയസ്തംഭനം (Cardiac Arrest )?
ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്യുന്നതു മൂലം (സാധാരണ ഹൃദയമിടിപ്പിന്റെ തോത് മിനിറ്റിൽ 60 -100 ആണ്) തലച്ചോറിലേക്കും മറ്റു അവയവങ്ങളിലേക്കുമുള്ള രക്തയോട്ടം കുറയുന്ന അവസ്ഥ ആണിത് . ഇത്തരം സാഹചര്യങ്ങളിൽ കൃത്യ സമയത്തു ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതൽ ആണ് (Sudden cardiac death ). രോഗലക്ഷണങ്ങൾ ആരംഭിച്ചതിനു ശേഷം ഒരു മണിക്കൂറിനുളിൽ മരണം സംഭവിക്കുന്നതിനാണ് Sudden Cardiac death എന്നു പറയുന്നത്
ഹൃദയസ്തംഭനം എന്തുകൊണ്ട്?
1 ഹൃദയപേശികൾക്കു രക്തം എത്തിക്കുന്ന രക്ത ധമനികളിൽ (coronary arteries ) പെട്ടെന്ന് ബ്ളോക്ക് ഉണ്ടായി ഹൃദയാഘാതം(Heart Attack അഥവാ Myocardial Infarction) സംഭവിക്കുന്നതാണ് ഏറ്റവും കൂടുതലായി കാണുന്ന കാരണം.
സാധാരണയായി പ്രായം ചെന്നവരിലാണ് ഇതു സംഭവിക്കുന്നതെങ്കിലും ഇപ്പോൾ ചെറുപ്പക്കാരിലും കാണുന്നുണ്ട്. പ്രമേഹം, അമിത രക്ത സമ്മർദം, പുകവലി, വ്യായാമം ഇല്ലായ്മ, പാരമ്പര്യം എന്നിവ ഇതിനുള്ള കാരണങ്ങളിൽ ചിലതാണ്.
2. മുൻപ് ഹൃദയാഘാതം വന്ന ആളുകളിലും ഹൃദയത്തിന്റെ പ്രവർത്തന ക്ഷമത കുറഞ്ഞ വ്യക്തികളിലും ഹൃദയമിടിപ്പ് ക്രമാതീതമായി കൂടി (ventricular tachycardia / ventricular fibrillation ) ഹൃദയസ്തംഭനം സംഭവിക്കാം.
3 ഹൃദയ വാൽവുകൾക്കു ചുരുക്കം സംഭവിക്കുന്നതു മൂലം (പ്രത്യേകിച്ചും ആയോർട്ടിക് വാൽവിന് - Aortic Stenosis )
4 ഹൃദയഭിത്തികൾക്കു കട്ടി കൂടുന്ന ഹൈപെർട്രോഫിക് കാർഡിയോമയോപ്പതി (Hypertrophic cardiomyopathy)
5 ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുവാനോ (Ventricular tachycardia / ventricular fibrillation ) കുറയുവാനോ (bradyarrhythmia) സാധ്യതയുള്ള ജനിതക രോഗങ്ങൾ
Read More : കുഴഞ്ഞുവീണു മരണം ഒഴിവാക്കാൻ
ഹൃദയസ്തംഭനത്തിനു മുന്നറിയിപ്പ് തരുന്ന രോഗലക്ഷണങ്ങൾ
∙ നടക്കുമ്പോഴോ കയറ്റം കയറുമ്പോഴോ നെഞ്ചിനു വേദനയോ ഭാരമോ തോന്നുകയാണെങ്കിൽ അത് ഹൃദ്രോഗത്തിന്റെ ലക്ഷണം ആകാൻ സാധ്യത ഉണ്ട്
∙കണ്ണിൽ ഇരുട്ടു കയറുക, ബോധക്ഷയം സംഭവിക്കുക, വളരെ വേഗത്തിലുള്ള നെഞ്ചിടിപ്പ് എന്നീ ലക്ഷണങ്ങൾ ചിലപ്പോൾ ഹൃദയസ്തംഭനത്തിന്റെ മുന്നോടിയായി കാണാറുണ്ട്.
ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ(ECG, Echocardiogram, Treadmill Tests, Holter test etc) നടത്തുന്നത് ഉചിതം ആയിരിക്കും.
ഹൃദയസ്തംഭനത്തിനു ഫലപ്രദമായ ചികിത്സ ഉണ്ടോ ?
ഹൃദയാഘാതം (Heart attack ) മൂലം ആണ് ഹൃദയസ്തംഭനം സംഭവിച്ചതെങ്കിൽ കൊറോണറി രക്ത ധമനികളിലെ ക്ലോട്ട് അലിയിക്കുന്ന ത്രോംബോളൈറ്റിക് ചികിത്സയോ എമർജൻസി ആൻജിയോപ്ലാസ്റ്റിയോ ആണ് ചികിത്സ. (ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ ഉടനെ ചെയ്യുന്ന ആൻജിയോപ്ലാസിക്ക് Primary angioplasty എന്ന് പറയും). ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും ത്രോംബോളൈറ്റിക് ചികിത്സയെക്കാൾ ഫലപ്രദം ആൻജിയോപ്ലാസ്റ്റി ആണ്.
ഹൃദയമിടിപ്പ് ക്രമാതീതമായി കൂടിയതാണ് ( ventricular tachycardia / ventricular fibrillation ) കാരണമെങ്കിൽ defibrillator എന്ന ഉപകരണം ഉപയോഗിച്ച് നെഞ്ചിൽ ഷോക്ക് കൃത്യമായി കൊടുത്താൽ രോഗിയെ രക്ഷിക്കാൻ സാധിച്ചേക്കും.
ഹൃദയമിടിപ്പ് തീരെ കുറഞ്ഞു പോയതാണ് കാരണമെങ്കിൽ പേസ്‌മേക്കർ ഉപയോഗിച്ച് ഹൃദയമിടിപ്പ് കൂട്ടുക എന്നതാണ് ചികിത്സാരീതി.
ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുന്ന ventricular tachycardia അല്ലെങ്കിൽ ventricular fibrillation ഇനി വീണ്ടും സംഭവിക്കാൻ സാധ്യത ഉണ്ടെങ്കിൽ ഹൃദയത്തിന്റ്റെ ഉള്ളിൽ ഷോക്ക് കൊടുക്കുന്ന (Implantable Cardioverter Defibrillator ) എന്ന ഉപകരണം പേസ്‌മേക്കർ ഘടിപ്പിക്കുന്നത് പോലെ ഹൃദയത്തിന്റെ ഉള്ളിൽ ഘടിപ്പിച്ചാൽ ഇനിയും ഹൃദയസ്തംഭനം സംഭവിച്ചു ജീവഹാനി ഉണ്ടാകുന്നത് തടയാൻ സാധിക്കും.
നമ്മുടെ മുൻപിൽവച്ച് ഒരാൾക്ക് ഹൃദയസ്തംഭനം സംഭവിച്ചാൽ....?
നമ്മുടെ മുൻപിൽ വച്ച് ഒരാൾ കുഴഞ്ഞു വീണാൽ മനഃസാന്നിധ്യത്തോടെയുള്ള ഇടപെടൽ ചിലപ്പോൾ ഒരു ജീവൻ രക്ഷിച്ചേക്കാം.
ഹൃദയസ്തംഭനം ആണ് സംഭവിച്ചിരിക്കുന്നതെന്ന് മനസ്സിലായാൽ ആദ്യം ചെയ്യേണ്ടത് മറ്റുള്ളവരെ സഹായത്തിനായി വിളിക്കുക (Call for help )യാണ് . എത്രയും പെട്ടെന്ന് വിദഗ്ധ വൈദ്യ സഹായം എത്തിച്ചാൽ മാത്രമേ മിക്ക അവസരങ്ങളിലും ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളൂ.
വൈദ്യ സഹായം എത്തുന്നതുവരെ ജീവൻ നിലനിർത്താൻ CPR (Cardiopulmonary resuscitation ) അത്യന്താപേക്ഷിതം ആണ്.
CPR (Cardiopulmonary resuscitation ) എങ്ങനെ ചെയ്യണം?
ഹൃദയസ്തംഭനം സംഭവിച്ച ആളെ ഉറച്ച പ്രതലത്തിൽ മലർത്തി കിടത്തുക.
അതിനു ശേഷം അയാളുടെ നെഞ്ചിന്റെ നടുവിൽ മുകളിലും താഴെയുമായി കൈകൾ ചേർത്ത് പിടിച്ചു ശക്തിയായി വേഗത്തിൽ അമർത്തുകയും അയക്കുകയും ചെയ്യുക .
ഉദ്ദേശം 100 മുതൽ 120 തവണയെങ്കിലും ഒരു മിനിറ്റിൽ അമർത്തണം. ഓരോ പ്രാവശ്യവും അമർത്തുമ്പോൾ രണ്ട് ഇഞ്ച് എങ്കിലും നെഞ്ച് താഴാൻ മാത്രം ശക്തി ഉപയോഗിച്ച് വേണം അമർത്തുവാൻ .
വായുപയോഗിച്ചു രോഗിയുടെ വായിലൂടെയോ മൂക്കിലൂടെയോ ശ്വാസം നൽകുവാൻ പണ്ടൊക്കെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും, CPR ഇൽ പ്രത്യേക പരിശീലനം നേടാത്ത വ്യക്തികൾ ആണ് CPR ചെയ്യുന്നതെങ്കിൽ നെഞ്ച് അമർത്തുന്നതിൽ മാത്രം ശ്രദ്ധിക്കുക എന്നതാണ് ഇപ്പോഴത്തെ വിദഗ്ധ അഭിപ്രായം.
രോഗിയുടെ ഹൃദയസ്തംഭനത്തിന്റെ കാരണം കണ്ടു പിടിച്ചു ഹൃദയമിടിപ്പിന്റെ തോത് ക്രമാതീതമായി കൂടുന്ന ventricular tachycardia അല്ലെങ്കിൽ ventricular fibrillation ആണെങ്കിൽ അത് തിരിച്ചറിഞ്ഞു കൃത്യമായി ഷോക്ക് കൊടുക്കുവാൻ സഹായിക്കുന്ന Automatic external defibrillator(AED ), എയർപോർട്ട്, റയിൽവേ സ്റ്റേഷൻ പോലുള്ള സ്ഥലങ്ങളിൽ ചിലപ്പോൾ കണ്ടേക്കാം. AED ഉപയോഗം പലപ്പോഴും രോഗിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചേക്കാം.
ഡോ. ജയിംസ് തോമസ്
കൺസൽറ്റന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്
ഭാരത് ഹോസ്പിറ്റൽ, കോട്ടയം