സൂക്ഷിക്കുക; കാൽ നഷ്ടമായ ഈ 26കാരൻ മുന്നറിയിപ്പു നൽകുന്നു മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയെക്കുറിച്ച്

കാലിലോ കയ്യിലോ ദേഹത്തോ ചെറിയ ഒരു തടിപ്പോ ചൊറിച്ചിലോ കാണുമ്പോൾ പലപ്പോഴും നിസ്സാരമായി അവഗണിക്കുകയാണ് നമ്മളിൽ പലരും ചെയ്യുന്നത്. രണ്ടോ മൂന്നോ ദിവസം നോക്കിയിട്ടും യാതൊരു മാറ്റവും കണ്ടില്ലെങ്കിലോ അസ്വസ്ഥതകൾ പ്രകടമാകുമ്പോഴോ ആകും ഡോക്ടറെ സമീപിക്കുന്നത്. അപ്പോഴും എന്തെങ്കിലുമൊക്കെ തരത്തിലുള്ള പരീക്ഷണങ്ങൾ അതിൽ നടത്തിയിട്ടുമുണ്ടാകും. ഇതുതന്നെയാണ് 26 കാരനായ റൗൾ റെയ്സും ചെയ്തത്.

ഡേ കെയര്‍ അധ്യാപകനായ റൗള്‍ റെയ്‌സ് ഒരുദിവസം രാവിലെ ഉണര്‍ന്നപ്പോഴാണ് കാലിലെ തടിപ്പ് ശ്രദ്ധിച്ചത്. ഒരു ചെറിയ കുമിള പോലെയായിരുന്നു  കാഴ്ചയില്‍ അത്.  ആദ്യം നിസ്സാരമെന്നു കരുതിയെങ്കിലും  വൈകുന്നേരം ആയതോടെ വേദനയും നീരും കൂടി. ഇതിനിടെ ഭാര്യ ജോസെഫൈന്‍ ചില വീട്ടുമരുന്നുകളൊക്കെ പരീക്ഷിക്കുകയും ചെയ്തു. പക്ഷേ ഒന്നും ഒരു ഫലവും കണ്ടില്ലെന്നു മാത്രമല്ല സ്ഥിതി വഷളാകുകയും ചെയ്തു.

കുമിള പോലെ വീര്‍ത്തു നിന്നതില്‍ റൗള്‍ ഒരല്‍പം സമ്മര്‍ദം നല്‍കിയതിനാൽ അത് പൊട്ടി പഴുപ്പും രക്തവും സമീപത്തെ തൊലിയിലേക്ക് പടരുകയും ചെയ്തു.  അന്ന് രാത്രി ഒരു ബാന്‍ഡ്എയ്ഡ് കൊണ്ട് മുറിവ് വൃത്തിയാക്കി കിടന്നെങ്കിലും അസ്വസ്ഥതകള്‍ കൂടിയതോടെ ആശുപത്രിയില്‍ എത്തി. 

പരിശോധയനയിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയാണ് കാലിനെ ആക്രമിച്ചിരിക്കുന്നതെന്നു കണ്ടെത്തി. ഉടന്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബാക്ടീരിയ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കു പടരുന്നതു തടയാൻ അണുബാധ പടര്‍ന്ന കാല്‍ നീക്കം ചെയ്യണമെന്ന് ഡോക്ടര്‍ നിർദ്ദേശിച്ചു. 

ജീവനു തന്നെ ഭീഷണിയായ Necrotizing fasciitis ആയിരുന്നു റെയ്സിന്റെ ജീവിതം തകര്‍ത്തത്. അഴുക്കു വെള്ളത്തിലോ പുഴയിലോ മറ്റോ ഇറങ്ങുമ്പോഴാണ് ഇത് ഒരാളിലേക്കു പടരുന്നത്‌. എന്നാല്‍ ഇവിടെ താന്‍ എവിടെയും പോയിട്ടില്ലെന്ന് റെയ്സ് പറയുന്നു. കാലില്‍ എന്തെങ്കിലും മുറിവുകള്‍ ഉള്ളവര്‍ നദിയിലോ പുഴയിലോ എന്തിനു ബാത്ത്ടബ്ബില്‍ പോലും ഇറങ്ങരുതെന്ന് ഇപ്പോള്‍ ഡോക്ടർമാര്‍ പറയുന്നു. പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ ബാക്ടീരിയ വേഗത്തില്‍ പിടികൂടുന്നത്. ഈ ബാക്ടീരിയയുടെ ആക്രമണം ഉണ്ടായാല്‍ ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. 

ഒരുപക്ഷേ തന്റെ കാലിലെ കുഴിനഖത്തില്‍ നിന്നാകാം ഈ ബാക്ടീരിയ ബാധിച്ചതെന്ന് റെയ്സ് പറയുന്നു.  കണംകാലില്‍ വെച്ചാണ് റെയ്സിന്റെ കാല്‍ നീക്കം ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം കൃത്രിമകാല്‍ വയ്ക്കുന്നതിന് സജ്ജമാക്കാന്‍ ഇനിയൊരു ശസ്ത്രക്രിയ കൂടി ഉണ്ട്. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ഒരു സംഭവമാണ് ഉണ്ടായതെന്നും  ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും ജോലിക്ക് പോകണമെന്നും റെയ്സ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

Read More : Health Magazine