തുടര്‍ച്ചയായുള്ള വീഴ്ചയും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു എന്ന പരാതിയുമായി ആശുപത്രിയില്‍ എത്തിയ 86 കാരനെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. രോഗിയുടെ തലച്ചോറിന്റെ ഇടതുവശത്തെ ഒരു ഭാഗത്ത് വെറും വായു നിറഞ്ഞ ഒരു അറ. വടക്കന്‍ അയര്‍ലന്‍ഡില്‍ ആണ് സംഭവം.
ഭാര്യക്കും രണ്ട് ആണ്‍മക്കള്‍ക്കും ഒപ്പം താമസിക്കുന്ന വൃദ്ധന് പ്രത്യക്ഷത്തില്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു. മദ്യപാനമോ പുകവലിയോ ഉണ്ടായിരുന്നില്ല. സംസാരിക്കാനോ, മുഖത്തെ പേശികള്‍ ചലിപ്പിക്കാനോ അദേഹത്തിന് പ്രയാസവും ഉണ്ടായിരുന്നില്ല. ദൈനംദിന ജോലികളിലും ഉന്മേഷവാനായിരുന്നു. മൂന്നു ദിവസം ആശുപത്രിയില്‍ കിടത്തി പരിശോധിച്ചിട്ടും കാരണം കണ്ടെത്താൻ സാധിച്ചില്ല. തുടർന്നാണ് സാക്നിങ് തീരുമാനിക്കുന്നത്.
Pneumocephalus എന്ന അപൂര്‍വ രോഗാവസ്ഥയായിരുന്നു അദേഹത്തിന്. കടുത്ത സൈനസ് അണുബാധ കൊണ്ടോ മുഖത്തോ തലയ്ക്കോ ഉണ്ടായ അപകടത്തെ തുടര്‍ന്നോ ഇത് സംഭവിക്കാം. ചില ശസ്ത്രക്രിയകള്‍ക്കും ശേഷവും സംഭവിക്കാം. മൂന്നര ഇഞ്ച് വലിപ്പത്തിലായിരുന്നു രോഗിയുടെ തലയോട്ടിയില്‍ എയര്‍ പോക്കറ്റ് കണ്ടെത്തിയത്.
രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ അല്‍പ്പാല്‍പ്പമായി എയര്‍ പോക്കറ്റുകള്‍ രൂപപ്പെടാം. ഇവിടെ അദ്ദേഹം പോലും അറിയാതെ സംഭവിച്ച ഒരു ചെറിയ സ്ട്രോക്ക് നിമിത്തമായിരുന്നു ഈ വായു അറ ഉണ്ടായതെന്ന് ഡോക്ടർമാര്‍ പറയുന്നു. ഇതാണ് ഇടതു വശം ചേർന്നുണ്ടായ ചലനശേഷിക്കുറവിനു കാരണം.
ഇങ്ങനെവരുന്ന അവസരങ്ങളില്‍ ശസ്ത്രക്രിയ നടത്തി വായുവിനെ സപ്രെസ്സ് ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇവിടെ രോഗിയുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് സ്ട്രോക്ക് വരാതിരിക്കാനുള്ള മരുന്നുകള്‍ നല്‍കുകയാണ് ചെയ്തത്. എപ്പോഴും അദ്ദേഹം നിരീക്ഷണത്തില്‍ ആയിരിക്കണമെന്നും ഡോക്ടർമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read More : ആരോഗ്യവാർത്തകൾ