ചുവന്നതെരുവിലെ ഒരമ്മയുടെ പൊള്ളുന്ന അനുഭവം; ഹൃദയത്തിൽ തട്ടും ഈ കുറിപ്പ്

Image Courtesy : G M B Akash

ചുവന്നതെരുവുകളിലെ കാഴ്ചകള്‍ എന്നും നമ്മെ ഒരേസമയം വേദനിപ്പിക്കുന്നതും അതിലേറെ ചിന്തിപ്പിക്കുന്നതുമാണ്. ഇരുളടഞ്ഞു പോയ കുറെ സ്ത്രീജീവിതങ്ങള്‍, എന്നോ ചിതറിപ്പോയ ഒരുപിടി സ്വപ്‌നങ്ങള്‍. പക്ഷേ അവര്‍ക്കെല്ലാം ഒരേ മുഖമാണ്. അവരുടെ കഥകള്‍ക്കെല്ലാം ഒരേ തീച്ചൂടാണ്. ഏതോ ഒരു പുരുഷന്റെ ചതിയില്‍, എപ്പോഴോ എവിടെയോ സര്‍വവും നഷ്ടമായവര്‍. 

ആ ചുവന്നതെരുവില്‍ നിന്നും അതിജീവനം അസാധ്യമെന്നറിഞ്ഞിട്ടും പ്രതീക്ഷയുടെ ചെറിയൊരു തുരുത്ത് മുന്നില്‍ കണ്ടു ജീവിക്കുന്ന ഒരു അമ്മയുടെ കഥ ലോകത്തെ അറിയിച്ചിരിക്കുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജിഎംബി  ആകാശ്. മുന്‍പും ഇത്തരം ജീവിതഗന്ധിയായ നിരവധി കഥകള്‍ ചിത്രങ്ങളായി തന്റെ ഫേസ്ബുക്കില്‍ അദ്ദേഹം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നീറുന്ന ആ കഥ ശോപ്ന തന്നെ പറയുന്നത് ഇങ്ങനെ...

എന്റെ അമ്മയും അമ്മൂമ്മയും ലൈംഗികതൊഴിലാളികളായിരുന്നു. ഓര്‍മവച്ച കാലം മുതല്‍ കുടുംബത്തിന്റെ ഈ വേരുകള്‍ പിന്തുടരാന്‍  വിധിക്കപ്പെട്ടവളാണ് ഞാനും എന്ന് ആരും പറയാതെ തന്നെ എനിക്ക് അറിയാമായിരുന്നു. എങ്കിലും ഈ ചങ്ങലയില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷനേടണമെന്നു ഞാന്‍ ആശിച്ചിരുന്നു. ഒരിക്കലും ഒരമ്മയാകാന്‍ ഞാന്‍ കൊതിച്ചിരുന്നില്ല. അങ്ങനെയെങ്കിലും ഈ ചങ്ങലയറ്റ് പോകട്ടെയെന്നു മോഹിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങൾക്ക് അറിയാമോ ? ഈ ബന്ധനം അത്രവേഗത്തില്‍ അറുത്തുമാറ്റാന്‍ സാധിക്കില്ല. 

എനിക്കറിയാം കസ്റ്റമറെ കാത്ത് അമ്മയ്ക്കൊപ്പം ഒരേതെരുവില്‍ നില്‍ക്കേണ്ടി വരുന്നതിന്റെ വേദന, ആ സമയം എന്റെ അമ്മയുടെ ഉള്ളിലെ പിടച്ചില്‍. മകളുമായി ശയിച്ച  കസ്റ്റമറുമായി അടുത്ത ദിവസം ശരീരം പങ്കിടേണ്ടിവരുമ്പോള്‍ എന്റെ അമ്മയ്ക്ക് ഉണ്ടായ ദുഃഖം, അതും എനിക്കറിയാം. പലവട്ടം എന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. പക്ഷേ വിധി അവിടെയും അവരെ തോല്‍പ്പിച്ചു.

ലൈംഗികതൊഴിലാളി ആയിപ്പോയ എനിക്ക് ഒരിക്കലും ഒരമ്മയാകാന്‍ മോഹമില്ലായിരുന്നു. പക്ഷേ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം ഞാന്‍ എല്ലാം മറന്നു. എന്റെ കുഞ്ഞിനെ കൊന്നുകളയാന്‍ എല്ലാവരും നിര്‍ബന്ധിച്ചു. ഞാന്‍ അബോര്‍ഷന്‍ നടത്തണം എന്ന് ഞങ്ങളുടെ മാഡം പറഞ്ഞു. എന്നാല്‍ എനിക്കെന്റെ കുഞ്ഞിനെ വേണമായിരുന്നു. ഒടുവില്‍ മാഡം ബാബുവിനെ വിളിപ്പിച്ചു. എനിക്കൊപ്പം മിക്കപ്പോഴും കിടക്കപങ്കിടുന്നന്‍ ആയിരുന്നു അയാള്‍. ഒരിക്കല്‍ എന്നെ വിവാഹം ചെയ്യാമെന്ന് അയാള്‍ പറഞ്ഞിട്ടുണ്ട്. ഇത് അയാളുടെ കുട്ടി ആയിരിക്കുമെന്നും അയാളെ ബ്ലാക്ക്‌ മെയില്‍ ചെയ്യാനും മാഡം എന്നില്‍ സമ്മര്‍ദം ചെലുത്തി.

ഇതറിഞ്ഞ ബാബു എന്നെ ഒരുപാട് മര്‍ദ്ദിച്ചു. കുഞ്ഞിനെ കൊന്നുകളയാന്‍ സമ്മതിക്കാതെ ഇരുന്നതോടെ അയാള്‍ എന്നെ നിരന്തരം ഉപദ്രവിച്ചു. ഒടുവില്‍ അയാളുടെ കാലുപിടിച്ചു ഈ കുഞ്ഞിനെ എനിക്ക് വേണമെന്ന് ഞാന്‍ കരഞ്ഞു അഭ്യര്‍ത്ഥിച്ചു. ഭാവിയില്‍ ഈ കുഞ്ഞിന്റെ പേരില്‍ യാതൊരു അവകാശസമരത്തിനും ഞാന്‍ വരില്ല എന്ന് അയാള്‍ എന്നെ കൊണ്ട് ഒപ്പിടുവിച്ചു വാങ്ങി. അങ്ങനെ ആ പ്രതിസന്ധി ഞാന്‍ അതിജീവിച്ചു. 

എന്റെ കുഞ്ഞിനു അല്ലെങ്കിലും ഒരച്ഛനെ ആവശ്യമില്ലായിരുന്നു.  വേശ്യാതെരുവില്‍ ഒരമ്മയാകുക എന്നത് കഠിനമാണ്. ശരിയായ ചികിത്സയോ വിശ്രമമോ ലഭിക്കാതെ എത്രയെത്ര സ്ത്രീകള്‍ ഇവിടെ മരിച്ചിരിക്കുന്നു. ഗര്‍ഭകാലത്തെ അവശതകള്‍ ഒന്നും എനിക്ക് ആരോടും പറയാന്‍ പോലും കഴിയില്ല. കാരണം എത്രയൊക്കെ ക്ഷീണിതയാണെങ്കിലും എനിക്ക് ദിവസവും നിരവധി കസ്റ്റമറുമാരെ തൃപ്തിപ്പെടുത്തേണ്ടിയിരിക്കുന്നു. എനിക്ക് തന്നിരിക്കുന്ന ടാര്‍ജെറ്റ്‌ പൂര്‍ത്തിയാക്കണമല്ലോ.

ഗര്‍ഭിണിയായ ഒരു സ്ത്രീയോട് ശാരീരികബന്ധം പുലര്‍ത്താന്‍ ചിലര്‍ക്ക് വലിയ താല്പര്യമാണ്. ചിലര്‍ ഒരു മനഃസാക്ഷിയും ഇല്ലാതെ എന്നെ ഉപദ്രവിക്കും. അവര്‍ക്ക് അതൊരു ഹരമാണ്. എന്റെ ഗര്‍ഭകാലം മുഴുവന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചത്‌ എന്റെ കുഞ്ഞ് ഒരു ആണ്‍കുട്ടി ആയിരിക്കണമേ എന്നായിരുന്നു. പക്ഷേ ദൈവം അവിടെയും എന്നെ കൈവിട്ടു. എനിക്കു ജനിച്ചതും ഒരു മകൾ. അതേ ഈ ചങ്ങലയിലെ അടുത്ത ഇര പിറന്നിരിക്കുന്നു. 

പക്ഷേ ഈ തെരുവില്‍ ജീവിതം അവസാനിപ്പിക്കാൻ ഇവളെ ഞാന്‍ സമ്മതിക്കില്ല. ഈ ഇരുണ്ടലോകത്ത് നിന്നും അവളെ ഞാന്‍ രക്ഷിക്കുക തന്നെ ചെയ്യും. എല്ലാവരും പറയുന്നു എനിക്കൊരു പിൻഗാമി വന്നിരിക്കുന്നുവെന്ന്. എനിക്കറിയാം എന്റെ മകള്‍ ഇവിടെ നിന്നും രക്ഷപ്പെടും. അവളെ ഞാന്‍ അഭിമാത്തോടെ ജീവിക്കാന്‍ വളര്‍ത്തും. തന്റെ മകള്‍ക്കൊരു നല്ല ജീവിതം നല്‍കണമെന്ന ഒരമ്മയുടെ നിശ്ചയദാർഡ്യത്തെ തോല്‍പ്പിക്കാന്‍ ആര്‍ക്കാണ് സാധിക്കുക...

Read More : Health News