സെൽഫി മരണങ്ങൾക്കു പിന്നിൽ?

മൊബൈൽ ഫോണിൽ സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ ഹരിപ്പാട് ആയാപറമ്പ് കടവിൽ വള്ളം മറിഞ്ഞു യുവാവു മരിച്ചു- നമ്മുടെ തൊട്ടടുത്തുനിന്ന് ഏറ്റവുമൊടുവിൽ കേട്ട സെൽഫി ദുരന്ത വാർത്ത. മരണത്തിലേക്കു വഴി കാണിച്ച ചിത്രങ്ങളിൽ ആദ്യത്തെ ചിലതു ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്തതിനു ശേഷമായിരുന്നു അപകടവും മരണവും. മരണവിവരമറിയാതെ ഈ ചിത്രത്തിനു ലൈക്കും കമന്റും വന്നുകൊണ്ടിരുന്നു; ഏതോ ഒരാൾ ചിത്രത്തിനു താഴെ ആദരാഞ്ജലികൾ എന്ന കമന്റ് ചെയ്യുന്നതുവരെ. അടുത്തും അകലെയുമായി ദിവസവുമുണ്ടാകുന്നുണ്ട് ഇത്തരം സെൽഫി ദുരന്തങ്ങൾ. മുന്നിലെ ക്യാമറയിൽ സ്വന്തം മുഖം മാത്രം കാണുന്നവർ, പിന്നിലെ അപകടം തിരിച്ചറിയുന്നില്ല. 

പത്തനംതിട്ട പൂക്കോട് പാറക്കുളത്തിൽ വീണു മരിച്ച പതിനാറുകാരൻ, കോയമ്പത്തൂർ ചാവടിയിൽ ഡാമിന്റെ പടിക്കെട്ടിൽനിന്നു വീണു മരിച്ച കോളജ് വിദ്യാർഥി, കൊടുങ്ങല്ലൂർ കരൂപ്പടന്നപ്പുഴയിലെ പാറക്കെട്ടിൽനിന്നു വീണുമരിച്ച വിദ്യാർഥി, വാഗമൺ കോലാഹലമേട്ടിലെ ആത്മഹത്യാ മുനമ്പിൽ നിന്ന് 1300 അടി താഴ്ചയിൽ വീണു മരിച്ച തൃപ്പൂണിത്തുറ സ്വദേശിയായ യുവാവ്, കോയമ്പത്തൂരിൽ ഗുഡ്സ് ട്രെയിനിടിച്ചു മരിച്ച മലയാളി വിദ്യാർഥി, ഇടുക്കി ശ്രീനാരായണപുരം വെള്ളച്ചാട്ടത്തിൽ സെൽഫിയെടുക്കുന്നതിനിടെ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ചു മുങ്ങിമരിച്ച നവവരനായ ഡോക്ടർ... സെൽഫിയെടുക്കുന്നതിനിടെ സംഭവിച്ച ഈ ദുരന്തങ്ങളെല്ലാം അടുത്തിടെ, നമുക്കു വളരെയടുത്തുണ്ടായവയാണ്.

ഫെയ്‌സ്ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ വീട്ടിനുളളിൽ സ്വന്തം മരണം അഭിനയിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി യുവാവു മരിച്ചതു കായംകുളത്താണ്. കാൻപൂരിൽ ഗംഗാനദിയിൽ കുളിക്കുമ്പോൾ സെൽഫിയെടുക്കാനുള്ള ശ്രമത്തിൽ നിലതെറ്റി മുങ്ങിമരിച്ചതു സുഹൃത്തുക്കളായ ഏഴു യുവാക്കളാണ്. സംഭവം നടന്നിട്ടു രണ്ടു വർഷം തികഞ്ഞിട്ടില്ല. ഇങ്ങനെ നൂറുകണക്കിനു സെൽഫി മരണങ്ങളാണ് ഓരോ വർഷവും ലോകത്തുണ്ടാവുന്നത്. 

കൊച്ചിയിൽ ടൂവീലർ സെൽഫി

കൊച്ചിയിൽ കണ്ടെയ്നർ റോഡിലെ സ്ഥിരം കാഴ്ചയാണ് ഇരുചക്രവാഹന യാത്രയ്ക്കിടയിലെ അപകട സെൽഫി. വലിയ വാഹനത്തിരക്കില്ലാത്ത വിശാലമായ റോഡ്, ഇരുവശവും മനോഹരമായ കാഴ്ചകൾ. ഇതൊക്കെയാകാം യുവാക്കളെ സെൽഫിക്കു പ്രേരിപ്പിക്കുന്നത്. എന്നാൽ, അമിതവേഗത്തിൽ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചുകൊണ്ടു പകർത്തുന്ന സെൽഫി ഏതു നിമിഷവും അപകടത്തിൽ കലാശിക്കാം. കണ്ടെയ്നർ റോഡിൽ ഇതുവരെയുണ്ടായ ഇരുചക്രവാഹനാപകടങ്ങളുടെ കണക്കെടുത്താൽ അതിൽ സെൽഫിക്കും സ്ഥാനമുണ്ട്. 

തീവണ്ടി, ദുരന്തം, വന്യജീവി...

ഇതു മൂന്നും സെൽഫിപ്രിയർ ഏറ്റവും ഇഷ്ടപ്പെടുന്ന പശ്ചാത്തലങ്ങളാണ്. അതിവേഗത്തിൽ പായുന്ന തീവണ്ടിയുടെ തൊട്ടടുത്തുനിന്നു സെൽഫി പകർത്തി ചതഞ്ഞരഞ്ഞുപോയവർ ഏറെയുണ്ട്. ദുരന്തമുഖത്തെ സെൽഫി കൊണ്ടു ക്രൂരമായ ആനന്ദം അനുഭവിക്കുന്നവരാണു മറ്റൊരു കൂട്ടർ. റോഡപകടം, റോഡിലെ വാതകച്ചോർച്ച, കെട്ടിടത്തിൽനിന്നുള്ള വീഴ്ച, തീപിടിത്തം, മുങ്ങിമരണം... ഇങ്ങനെ ദുരന്തങ്ങൾ ഏതുമാകട്ടെ അവിടെ ക്യാമറയും നിവർത്തിപ്പിടിച്ചു സെൽഫിക്ക് ഒരുങ്ങി നിൽപുണ്ടാകും ചിലർ.

പൗരബോധത്തെക്കാൾ മുൻപു ലൈക്ക് മോഹമുണരുന്ന നിമിഷങ്ങൾ. വന്യജീവികളാണു മറ്റൊരു ഇര. വനംവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചു സെൽഫിക്കു  ശ്രമിച്ചവരിൽ പലരും ഇവയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടിട്ടുള്ളതു തലനാരിഴയ്ക്കാണ്. പിടികൂടിയ പാമ്പുമായി സെൽഫിക്കു പോസ് ചെയ്യുന്നതിനിടെ യുവാവിനു കടിയേറ്റ സംഭവമുണ്ടായിട്ട് അധികമായില്ല. 

എല്ലാം ഒരു ലൈക്കിനു വേണ്ടി

റിയാലിറ്റി ഷോയിലെ വിജയികളെ എസ്എംഎസ് വോട്ടിങ്ങിലൂടെ തീരുമാനിച്ചു തുടങ്ങിയ കാലത്താണു കൊച്ചി ഉൾപ്പെടെ പല നഗരങ്ങളിലും പെയ്ഡ് എസ്എംഎസ് സർവീസുകൾ മുളച്ചുപൊന്തിയത്. ഇവരിപ്പോൾ ലൈക്കും ഷെയറും വർധിപ്പിക്കുന്ന ഏജൻസികളാണ്. 100 ലൈക്കിന് 500 രൂപയെന്നും മറ്റുമുള്ള പരസ്യങ്ങൾ കാണാം.

വ്യാജ ഐഡി ഉപയോഗിച്ചാണ് ഇവർ ലൈക്കും ഷെയറും നൽകുന്നത്.  ലൈക്കുകളുടെ എണ്ണംകൊണ്ടു പ്രതിഛായ ഉയർത്താൻ ശ്രമിക്കുന്ന പുതുതലമുറക്കാരും രാഷ്ട്രീയ- സാമൂഹിക പ്രവർത്തകരുമെല്ലാം ഇവരുടെ ഇടപാടുകാരാണ്. അപകടകരമായ സെൽഫിക്കു മെനക്കെടുന്നവരുടെ മനസിലുള്ളതും ലൈക്ക് - കമന്റ് ഭ്രമമാണ്.  

സെൽഫിയിൽ കുടുങ്ങിയവർ

മോഷണക്കുറ്റമാരോപിച്ചു പാലക്കാട്ട് ആദിവാസി യുവാവ് മധുവിനെ കെട്ടിയിട്ടു തല്ലിക്കൊന്ന സംഭവത്തിൽ ചിലരെയെങ്കിലും പ്രതികളാക്കിയതു സെൽഫിയാണ്. മധുവിനെ കെട്ടിയിട്ട സമയത്ത്, എന്തോ സാഹസിക കൃത്യം നടത്തിയെന്നു തെറ്റിദ്ധരിച്ച്, ചിലർ സെൽഫിയെടുത്ത് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. മർദനമേറ്റ മധു മരിച്ചപ്പോൾ, പ്രതികളെ കണ്ടെത്താൻ പൊലീസിന് അധികം മെനക്കെടേണ്ടിവന്നില്ല.  

ഏതോ വാഹനമിടിച്ചു ചത്ത കാട്ടുമുയലിനൊപ്പം നിന്നു സെൽഫിയെടുത്ത് ഓൺലൈൻ മാധ്യമത്തിലിട്ടതാണ് ചിന്നാറിലേക്കു വിനോദയാത്രക്കെത്തിയ എട്ടു വിദ്യാർഥികളെ കേസിൽ കുടുക്കിയത്. ഒടുവിൽ, മുയലിനെ കൊന്നതു തങ്ങളല്ലെന്നു തെളിയിക്കേണ്ട ബാധ്യത ഇവരുടെ തലയിലായി.

ഇതു ലൈക്കഹോളിസം

ജീവിതത്തിലെ സ്വന്തം സാന്നിധ്യം സ്വയം അടയാളപ്പെടുത്താൻ സാങ്കേതികവിദ്യ നൽകിയ വലിയ സൗകര്യമാണു സെൽഫി. അമിതമാകാതെയും അപകടമില്ലാതെയും ഇരുന്നാൽ നല്ല വിനോദവും രസവുമാണ്. എന്നാൽ, ആൽക്കഹോളിസം പോലെ ലൈക്കഹോളിസം പിടിമുറുക്കുകയാണു പുതിയ തലമുറയെ എന്നു സംശയിക്കണമെന്നു മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോൺ പറയുന്നു. സ്വന്തം രൂപത്തോടുള്ള പ്രണയം അഥവാ നാർസിസം അതിന്റെ പാരമ്യത്തിലെത്തിക്കുകയാണ് ഇത്തരം സെൽഫികൾ. 

അമ്പട ഞാനേ എന്ന് ആളുകളെ കാണിച്ചു സ്വയം മതിപ്പു നിർമിക്കാനുള്ള തത്രപ്പാട്, മറഞ്ഞിരിക്കുന്ന അപകർഷതാ ബോധത്തിന്റെ പ്രകടനം കൂടിയാണ്. ആസക്തിയായി മാറുമ്പോൾ അതു രോഗാവസ്ഥ തന്നെയാണ്. 

സെൽഫിയിൽ അല്ല സെൽഫ്

വൈഎംസിഎ ഏഷ്യ - പസിഫിക് യൂത്ത് അലയൻസ് ചെയർമാൻ എൽദോ ജോർജ് വർഗീസിന്റെ ഫെയ്സ്ബുക് പേജിൽ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കൾക്കും ചലച്ചിത്ര താരങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. അതൊന്നും പക്ഷേ, സെൽഫിയല്ല. യുവതലമുറ അഭിമുഖീകരിക്കുന്ന വലിയ ആസക്തിയാണു സെൽഫി മാനിയ എന്ന് എൽദോ പറയുന്നത്, ആയിരക്കണക്കിനു യുവാക്കളുമായി സംവദിച്ചിട്ടുള്ള മോട്ടിവേഷനൽ ട്രെയിനർ എന്ന അനുഭവപരിചയത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. ജീവിതം പണയം വച്ചുള്ള ഈ സാഹസികത പരാജയപ്പെട്ടാൽ എന്തു സംഭവിക്കുമെന്ന് അവർ ചിന്തിക്കുന്നില്ല. സെൽഫിയിൽ അല്ല ഒരാളുടെ സെൽഫ്.

പകർത്തുന്നതേയുള്ളു, ആസ്വദിക്കുന്നില്ല

ജീവിതത്തിലെ ഓരോ നിമിഷവും സെൽഫിക്കായി നീക്കിവയ്ക്കുന്നവർ, ആ നിമിഷങ്ങളൊക്കെ പകർത്തുന്നതല്ലാതെ ആസ്വദിക്കുന്നില്ലെന്നാണ് എംജി സർവകലാശാല കലാതിലകം നിലോഫറിന്റെ പക്ഷം. ശാന്തമായി മുന്നോട്ടു നീങ്ങുന്ന ഒരു വരി (ക്യൂ) യിൽ ഇടിച്ചു കയറാൻ ശ്രമിക്കുന്നവരുടെ വ്യഗ്രതയാണ് ഇങ്ങനെയുള്ളവർക്ക്. അവർക്ക് എങ്ങനെയെങ്കിലും ശ്രദ്ധ പിടിച്ചുപറ്റണമെന്നേയുള്ളൂ. അടച്ചാക്ഷേപിക്കുന്നില്ല. ചുറ്റുപാടും സാഹചര്യങ്ങളും ഒന്നു ശ്രദ്ധിക്കണമെന്ന അഭ്യർഥന മാത്രം. 

Read More : Healthy Living Tips