മനുഷ്യ ശരീരത്തിൽ എത്ര അവയവങ്ങളുണ്ട് എന്ന ചേദ്യത്തിന് ഇനി 80 എന്ന് ഉത്തരം പറയേണ്ടി വരും. ജേണൽ ഓഫ് സയന്റിഫിക് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ ഒരു അവയവം കൂടി കണ്ടെത്തിയത്. ‘ഇന്റർസ്റ്റീഷിയം’ ആണ് ഈ അവയവം. ഇത് ഒരു പക്ഷേ മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ആയിരിക്കാം.
ചർമത്തിനും ആന്തരാവയവങ്ങൾക്കും ഇടയിലുള്ള ദ്രവങ്ങളാൽ (Fluid) നിറഞ്ഞ ഒരു സ്ഥലമാണ് ഇന്റര്‍സ്റ്റീഷിയം. കലകളുടെ (tissue) ഈ പാളി, കൊളാജന്റെ കട്ടിയുള്ള ഒരു ഭിത്തി ആണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇത് ഒരു തുറന്ന, ദ്രവങ്ങളാൽ നിറഞ്ഞ ഒരു ‘ഹൈവേ’ ആണെന്ന് കണ്ടെത്തി.
ശക്തവും (കൊളാജൻ) ഫ്ലെക്സിബിളും (ഇലാസ്റ്റിൻ) ആയ പ്രോട്ടീൻ കലകൾ കൊണ്ടാണ് ഇത് നിർമfച്ചിരിക്കുന്നത്. ഇതിലൂടെയാണ് ഇന്റർസ്റ്റീഷ്യൽ ഫ്ലൂയിഡ് ചലിക്കുന്നത്.
ദ്രാവകം നിറഞ്ഞ അറകളുടെ ഒരു ശൃംഖലയാണ് പുതിയ അവയവം എന്ന് പഠനത്തിൽ തെളിഞ്ഞു. കൊളാജൻ വലയാൽ ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഇതിന് ചുരുങ്ങുകയും വികസിക്കുകയും ചെയ്യാൻ സാധിക്കും. ഇത് ഒരു ‘ഷോക്ക് അബ്സോർബർ’ ആയി പ്രവർത്തിക്കും. പഠനത്തിനു മുൻപേ ഇന്റർസ്റ്റീഷ്യൽ ടിഷ്യവും ഇന്റർസ്റ്റീഷ്യൽ ഫ്ലൂയിഡും അറിയാവുന്നതായിരുന്നു എങ്കിലും ഇവയുടെ പ്രവർത്തനത്തെ അത്ര പ്രധാനപ്പെട്ടതായി കണ്ടിരുന്നില്ല. ശരീരത്തിന്റെ, മുൻപ് തിരിച്ചറിയപ്പെടാതെ കിടന്ന ഭാഗത്തിലേക്ക് പുതിയ പഠനം ഉള്‍ക്കാഴ്ച നൽകുന്നു.
ചർമത്തിന്റെ മുകളിലത്തെ പാളിയുടെ അടിയിൽ ഉള്ള ഇന്റർസ്റ്റീഷ്യം, ഫ്ലൂയിഡുകളെ ചലിപ്പിക്കുന്ന ഒരു ഹൈവേ പോലെ പ്രവർത്തിക്കുന്ന അന്നനാളം, ശ്വാസകോശം, യൂറിനിറി സിസ്റ്റം ഇവയുടെ ചുറ്റിലും, കൂടാതെ ധമനികൾ, ഞരമ്പുകൾ, പേശികൾ ഇവയ്ക്കു ചുറ്റിലും ഇത് ഉണ്ട്. ഇന്റർസ്റ്റീഷ്യൽ ഫ്ലൂയിഡിനെ വഹിക്കുന്ന ഈ ശൃംഖല ഒരു അവയവം തന്നെയാണെന്നും ഒരു പക്ഷേ ഇത് മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ആകാമെന്നും പഠനം പറയുന്നു.
ഈ ഇന്റർസ്റ്റീഷ്യം, അർബുദത്തെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ശരീരത്തെ മെറ്റാസ്റ്റാറ്റിക് എന്ന അവസ്ഥയിൽ എത്തിക്കുന്നു. (തുടങ്ങിയ സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് അർബുദം വ്യാപിക്കുന്നതിന്റെ മെഡിക്കൽ ടേം ആണ് മെറ്റാസ്റ്റാസിസ്) അർബുദം, ചർമത്തിന്റെയോ കുടലിന്റെയോ (Viscera) ഭാഗത്തേക്കു പ്രവേശിക്കുമ്പോളാണ് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കാൻ തുടങ്ങുന്നത്.
രോഗനിർണയത്തിനും ഔഷധ രംഗത്തും വളരെയധികം ചലനങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഒരു പഠനമാണിതെന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലാംഗോൺ ഹെൽത്തിലെ പാതോളജി വിഭാഗം പ്രൊഫസറും പഠനത്തിനു നേതൃത്വം നൽകിയ ആളുമായ നെയ്ല്‍ തെയ്സ് പറയുന്നു.
അർബുദം എങ്ങനെയാണ് വ്യാപിക്കുന്നത് എന്ന് വിശദമാക്കാൻ ഇന്റർസ്റ്റീഷ്യത്തിന്റെ കണ്ടെത്തലിലൂടെ കഴിയും. ഇത് രോഗനിർണയത്തിനും ചികിത്സയ്ക്കും മികച്ച, മെച്ചപ്പെട്ട മാർഗങ്ങൾ വികസിപ്പിക്കാൻ സഹായകമാകും.
Read More : ആരോഗ്യവാർത്തകൾ