ചിക്കന്‍പോക്സ് കുട്ടികളെ ബാധിക്കുമ്പോള്‍ പൊതുവേ മുതിര്‍ന്നവരുടെ അത്ര രോഗം വഷളാവാറില്ല. എന്നാലും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്.
മുന്‍കരുതല്‍
ചിക്കന്‍പോക്സ് ബാധിച്ച വ്യക്തികളുടെ വീട്ടില്‍ കുട്ടികളെ പരമാവധി കൊണ്ട് പോകാതിരിക്കാന്‍ ശ്രമിക്കുക. താല്പര്യമുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രതിരോധ വാക്സിന്‍ നല്‍കാവുന്നതാണ്. ആദ്യ ഡോസ് ഒരു വയസ്സിനും ഒന്നര വയസ്സിനും ഇടയിലും രണ്ടാമത്തെ ഡോസ് നാലും ആറും വയസ്സിന് ഇടയിലും നല്‍കാം .
പരിചരണം
പല ദേശങ്ങളിലും ചിക്കന്‍ പോക്സുമായി ബന്ധപ്പെട്ടു പല വിശ്വാസങ്ങളും ആചാരങ്ങളും നിലവില്‍ ഉണ്ട്, അവയില്‍ മിക്കതും അശാസ്ത്രീയവുമാണ്. ചില വിശ്വാസപ്രമാണം അനുസരിച്ച് ചിക്കന്‍പോക്സ് വന്ന ആളെ കുളിപ്പിക്കാന്‍ പാടില്ല. എന്നാല്‍ ഇത് തെറ്റാണെന്ന് ശാസ്ത്രം പറയുന്നു, പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍. കുളിക്കാതിരിക്കുന്നത് അസ്വസ്ഥത കൂട്ടും. ചെറിയ ചൂടുള്ള വെള്ളത്തില്‍ കുഞ്ഞുങ്ങളെ ദിവസേന കുളിപ്പിക്കാം. പൊടിച്ച ഓട്സ് കുഴമ്പ് രൂപത്തില്‍ ആക്കി വെള്ളത്തില്‍ ചേര്‍ത്ത് കുളിപ്പിക്കുന്നത് ആശ്വാസം പകരും. ശേഷം കുളികഴിയുമ്പോള്‍ ഡോക്ടര്‍ നിര്‍ദേശിച്ച ലോഷന്‍ ഉണ്ടെങ്കില്‍ അത് പുരട്ടാം.
ശരീരത്തില്‍ ഒട്ടികിടക്കുന്ന വസ്ത്രങ്ങള്‍ ധരിപ്പിക്കരുത്. അയഞ്ഞ മൃദുവായ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കാം. ബട്ടന്‍സും തൊങ്ങലുകളും ഉള്ള ഉടുപ്പുകള്‍, പോളിയെസ്റ്റര്‍ ഉടുപ്പുകള്‍ എന്നിവ പാടെ ഒഴിവാക്കുക.
നഖം പറ്റെ വെട്ടിക്കളയാന്‍ ആദ്യമേ തന്നെ ശ്രദ്ധിക്കുക. ചൊറിയുന്ന സ്ഥലങ്ങളില്‍ നഖം കാരണം മുറിവ് വരാതിരിക്കാന്‍ ഇത് സഹായിക്കും. ചൂടും ഹ്യുമിഡിറ്റിയും അസ്വസ്ഥത സൃഷ്ടിക്കും എന്നുള്ളതുകൊണ്ട് തണുപ്പുള്ള സ്ഥലത്ത് വേണം അവരെ കിടത്താന്‍.
ചൂടാറിയ ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കുക. പുളിയും എരിവും ഉള്ള ഭക്ഷണം ഒഴിവാക്കുക. ചവയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണവും നല്‍കരുത്. വായ്ക്കുള്ളില്‍ പൊങ്ങിയ കുരുക്കള്‍ കാരണമുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ ആണിത്. ഉപ്പുള്ള ചെറുചൂടുവെള്ളം കവിള്‍കൊള്ളിക്കുന്നത് ആശ്വാസം നല്‍കും.
ഏറ്റവും പ്രധാനം മാനസികാവസ്ഥയാണ്. കുട്ടികളില്‍ അനാവശ്യമായ ഭീതിയുണ്ടാക്കാന്‍ ഇട വരുത്തരുത്. വീടിനു പുറത്തിറങ്ങിയാല്‍ ഈ രോഗം പകരുമെന്നും അതുകൊണ്ട് ചില നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നും സ്നേഹത്തോടെ ആദ്യമേ പറഞ്ഞു മനസ്സിലാക്കിക്കുക. ശരീരത്തിന് അധികം ആയാസമില്ലാത്ത കളികളില്‍ അവര്‍ ഏര്‍പ്പെട്ടാല്‍ തടയേണ്ടതില്ല. ശാരീരിക അസ്വസ്ഥതകളാല്‍ വാശികൂടുന്നത് കൊണ്ട് വെറുതെ കിടക്കാനോ പറയുന്നത് അനുസരിക്കാനോ ഒക്കെ കുട്ടികള്‍ പൊതുവേ വിമുഖത കാണിക്കാം . അപ്പോള്‍ അടുത്തിരുന്നു അവര്‍ക്ക് പ്രിയപ്പെട്ട കഥകള്‍ വായിച്ചു കൊടുക്കുകയോ പാട്ടുകള്‍ ഒരുമിച്ചു കേള്‍ക്കുകയോ ഒക്കെയാവാം.
Read More : Health News