അമിതമായാല്‍ അമൃതും വിഷം എന്നൊരു ചൊല്ലുണ്ട്. ആഹാരത്തിന്റെ കാര്യത്തിലും ഇത് അര്‍ഥവത്താണ്. ഭക്ഷണം ആരോഗ്യത്തിന് ആവശ്യമായ വസ്തുവാണെങ്കിലും അമിതമായ അളവില്‍ ഉള്ളില്‍ ചെല്ലുന്നത് വിപരീതഫലമാകും നല്‍കുക.
ചില നേരത്ത് ഇതിന്റെ ദൂഷ്യഫലം ഉടൻ അറിയാന്‍ സാധിക്കും. അമിതമായി ആഹാരം കഴിച്ചാല്‍ ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ള ചില പ്രശ്നങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.
ദഹനപ്രശ്നം
അമിതമായി ആഹാരം കഴിച്ചാല്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാകും. സ്വന്തം വയറാണ്. വാരി വലിച്ചു കഴിച്ചാല്‍ അതിന്റെ ഫലം അനുഭവിക്കാന്‍ പോകുന്നത് നിങ്ങള്‍ തന്നെയാണ് എന്നോര്‍ക്കുക. വെപ്രാളം പിടിച്ചുള്ള ആഹാരം കഴിക്കലില്‍ പലപ്പോഴും നന്നായി ആഹാരം ചവച്ചിറക്കാതെയാണ് പലരും കഴിക്കുക. ഇത് വയറിനു പണി നല്‍കും.
വായുപ്രശ്നം
വായുപ്രശ്നങ്ങള്‍ക്ക് കാരണം തന്നെ അമിതാഹാരം ആണ്. ഭക്ഷണം കഴിക്കുമ്പോള്‍ അകത്തു പോകുന്ന ഗ്യാസാണ് വായിലൂടെയും മറ്റും പുറത്തേക്കു ചാടുന്നത്. ഗ്യാസ് വയറില്‍ നിറയുമ്പോള്‍ വയറ്റിലും അസ്വസ്ഥതകള്‍ ഉണ്ടാകും.
ക്ഷീണം
ഊണിനു ശേഷമോ ഡിന്നറിനു ശേഷമോ വല്ലാത്ത ക്ഷീണം തോന്നാറുണ്ടോ? എന്നാല്‍ ഇതിനു കാരണം അളവില്‍ കൂടുതല്‍ കഴിച്ച ആഹാരം തന്നെയാണ്. ശരീരത്തിന്റെ ശ്രദ്ധ മുഴുവന്‍ ദഹനത്തിലേക്കാണ് ഈ സമയം തിരിയുന്നത്. മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനം ഈ സമയം മന്ദഗതിയിലുമാകും.
ചര്‍മരോഗം
ഇതും അമിതാഹാരവും തമ്മിലും ബന്ധമുണ്ട്. പ്രത്യേകിച്ചു ജങ്ക് ഫുഡ് ആണ് നിങ്ങളുടെ പ്രിയപ്പെട്ടത് എങ്കില്‍. ഇതില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ ബാധിക്കുന്നത് ചര്‍മത്തെയാണ്.
ഗ്ലുക്കോസ് നില
ഗ്ലൂക്കോസ് നില കൂട്ടാനും ആഹാരം അമിതമാകുന്നത് കാരണമാകും. ഇത് ടൈപ്പ് 2 പ്രമേഹത്തിലേക്കു നയിക്കും.
അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും
അമിതമായ ആഹാരം അവയവങ്ങള്‍ക്ക് കൂടുതല്‍ സ്ട്രെസ് നല്‍കും. ഇത് കാലക്രമേണ അവയവങ്ങളെ ബാധിക്കുന്നു.
പൊണ്ണത്തടി
ആഹാരവും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കുമറിയാം. ശരീരത്തിനു വേണ്ടതില്‍ കൂടുതല്‍ കാലറി ഉള്ളില്‍ ചെല്ലുമ്പോള്‍ അത് ഫാറ്റ് ആയി അടിയും .ഇതാണ് പിന്നീട് അമിതവണ്ണമായി പരിണമിക്കുന്നത്.
വിഷാദം
വിശ്വസിച്ചാലും ഇല്ലെങ്കിലും വിഷാദവും ഈ ആഹാരം കഴിക്കലും തമ്മിലും ബന്ധമുണ്ട്. ചിലപ്പോള്‍ പൊണ്ണത്തടി തന്നെ നിങ്ങളെ വിഷാദത്തിലേക്ക് തള്ളി വിടാന്‍ സാധ്യതയുണ്ട്.
മറ്റു രോഗങ്ങള്‍
കൊളസ്ട്രോള്‍, ഹൃദ്രോഗം, രക്തസമ്മര്‍ദം, പ്രമേഹം എന്നു വേണ്ട അമിതാഹാരം കൊണ്ടുവരുന്ന രോഗങ്ങളുടെ പട്ടിക ഇങ്ങനെ നീളും.
Read More : Health News