കുഞ്ഞുങ്ങള്‍ക്ക്‌ സ്ട്രോക്ക് ഉണ്ടാകുമോ? ഈ മാതാപിതാക്കള്‍ പറയുന്നതു കേള്‍ക്കൂ

കുട്ടികൾക്ക് സ്ട്രോക്ക് ഉണ്ടാകില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ കുട്ടികളിലും പീഡിയാട്രിക് സ്ട്രോക്ക് സംഭവിക്കാം. അതിനാൽ കുഞ്ഞുങ്ങളിലുണ്ടാകുന്ന ചെറിയ മാറ്റംവരെ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നു മുന്നറിയിപ്പു നൽകുകയാണ് കലിഫോർണിയ സ്വദേശികളായ ദമ്പതികൾ. ഏഴുവയസ്സുകാരൻ മകനുണ്ടായ പീഡിയാട്രിക് സ്ട്രോക്ക് ലക്ഷണങ്ങളും ഇവർ പങ്കുവയ്ക്കുന്നു

ഹഡ്സണ്‍ ക്രോംവെല്‍ എന്ന ഏഴു വയസ്സുകാരന്‍ അവന്റെ പ്രായത്തിലെ ഏതൊരു കുട്ടിയെയും പോലെ മിടുക്കനായിരുന്നു. സ്കൂള്‍ വിട്ടു വീട്ടില്‍ വന്നാല്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളി നിർബന്ധമായിരുന്നു. അങ്ങനെയുള ഒരു ദിവസമാണ് ഹഡ്സന്റെ ജിവിതത്തില്‍ അത് സംഭവിച്ചത്. 

2012 ഒക്ടോബറിലെ ആ ദിവസത്തെക്കുറിച്ച് അച്ഛന്‍ ആന്‍ഡ്രൂ ക്രോംവെല്‍ പറയുന്നത് ഇങ്ങനെ: ഫുട്ബോള്‍ കളി കഴിഞ്ഞുവന്ന ഹഡ്സനെ കണ്ടപ്പോള്‍  ക്ഷീണിച്ച പോലെ തോന്നി. വലതു കൈത്തണ്ടയില്‍ മുറുക്കിപിടിച്ചു കരയുകയായിരുന്നു. താഴേക്ക് കുനിഞ്ഞു ഷൂസ് അഴിക്കുമ്പോള്‍ തളര്‍ന്നു വീണു. പെട്ടന്നുതന്നെ അബോധാവസ്ഥയിലുമായി.

ഹഡ്സന്റെ അമ്മ കെറി ഒരു നഴ്സ് ആണ്. ജോലി കഴിഞ്ഞെത്തിയ കെറി കാണുന്നത് മകന്‍ തളര്‍ന്നു വീഴുന്നതാണ്. ഉടന്‍ തന്നെ അവര്‍ അത്യാഹിതമെഡിക്കല്‍ സര്‍വീസ് നമ്പറില്‍ ബന്ധപ്പെട്ടു. ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ടും കുട്ടിക്ക് എന്താണ് പ്രശ്നമെന്ന് കണ്ടെത്താന്‍ ആദ്യം സാധിച്ചില്ല. ഒടുവില്‍ കെറി തന്നെയാണ് സിടി സ്കാന്‍ എടുക്കാന്‍ ആവശ്യപ്പെട്ടത്. അതിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. തുടർന്ന് എംആര്‍ഐ സ്കാന്‍ എടുത്തു. അതിലാണ് സ്ട്രോക്ക് സംഭവിച്ചോ എന്ന് ഡോക്ടർമാര്‍ക്ക് സംശയം തോന്നിയത്.

കുഞ്ഞുങ്ങള്‍ക്ക്‌ സ്ട്രോക്ക് വരുമോ എന്നായിരുന്നു ആദ്യം തോന്നിയ ആശങ്ക. എന്നാല്‍ അത് അപൂര്‍വമായി സംഭവിക്കാമെന്ന് ചില ഡോക്ടര്‍മാര്‍ അഭിപ്രായപെട്ടു. കൂടുതല്‍ ചികിത്സകള്‍ ആവശ്യമാണെന്ന് കണ്ട് ഹഡ്സനെ കലിഫോര്‍ണിയയിലേക്ക് അയച്ചു. 

പീഡിയാട്രിക് സ്ട്രോക്ക് എന്ന അപൂര്‍വമായ അവസ്ഥയാണ് ഹഡ്സണ് സംഭവിച്ചത്. 18 വയസ്സിൽ താഴെയുള്ള 10,000 കുട്ടികളില്‍ 11 പേര്‍ക്ക് ഇതുണ്ടാകാം എന്നാണു വിദഗ്ധര്‍ പറയുന്നത്. 20- 40 % വരെയുള്ള ഇത്തരം സ്ട്രോക്കുകള്‍ അപകടകരമാണ്. ഇതില്‍ തന്നെ 50 - 80% പേര്‍ക്കും ഭാവിയില്‍ ന്യൂറോസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. 

മുഖം കോടുക, സംസാരത്തിലെ അസ്വസ്ഥത, കൈകാലുകള്‍ ചലിപ്പിക്കാന്‍ സാധിക്കാതെ വരിക എന്നിവ മുതിര്‍ന്നവരില്‍ സ്ട്രോക്ക് ഉണ്ടാകുമ്പോള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ കുട്ടികളില്‍ മറ്റു ചില സൂചനകള്‍ ആണ് ഉണ്ടാകുക. ഹഡ്സണ് പെട്ടെന്ന് ബാലന്‍സ് നഷ്ടമാകുക, തലകറക്കം എന്നിവ അനുഭവപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഇത്ര ചെറിയ കുട്ടിക്ക് സ്ട്രോക്ക് ഉണ്ടായതെന്ന് ഡോക്ടർമാര്‍ക്ക് പോലും ഉറപ്പില്ല. പത്ത് ദിവസത്തോളം ഹഡ്സണ്‍ കോമ അവസ്ഥയിലായിരുന്നു. പതിയെ അവന്‍ ബോധവാനായി. ആദ്യമൊക്കെ ഇരിക്കാനും നടക്കാനും കഴിക്കാനും സഹായം ആവശ്യമായിരുന്നു. പിന്നീട് പതിയെ ജീവിതത്തിലേക്കു തിരിച്ചു വന്നു.

ഇപ്പോള്‍ ഹഡ്സണ് 12 വയസ്സായി. ഇപ്പോഴും ചില വാക്കുകള്‍ പറയാനും വലതു കൈ ഉപയോഗിക്കാനും ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും അവന്‍ ഇന്ന് സ്വയം പര്യാപ്തനാണെന്ന് മാതാപിതാക്കള്‍ പറയുന്നു. പീഡിയാട്രിക് സ്ട്രോക്ക് എന്ന അവസ്ഥയെ കുറിച്ചു മാതാപിതാക്കള്‍ ബോധാവാന്മാരാകാനാണ് ഹഡ്സന്റെ മാതാപിതാക്കള്‍ മകന്റെ കഥ ലോകത്തോട്‌ പങ്കുവച്ചത്. കുഞ്ഞുങ്ങള്‍ക്ക്‌ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഈ അച്ഛനും അമ്മയും മുന്നറിയിപ്പു നല്‍കുന്നു.

Read More : ആരോഗ്യവാർത്തകൾ