ഒന്നു വായില്‍ വച്ചാല്‍ തന്നെ വിവരമറിയും, അതാണ് കരോലിന റീപ്പര്‍. ലോകത്ത് ഏറ്റവും എരിവുള്ള മുളകാണ് ഇത്. സാധാരണ മുളകുകളുടെ എരിവ് 30000 ഹീറ്റ് യൂണിറ്റാണെങ്കില്‍ കരോലിന റീപ്പറിന്‍റെ എരിവ് 2.2 മില്യൻ ഹീറ്റ് യൂണിറ്റാണ്.
എന്തായാലും ലോകത്തെ ഏറ്റവും എരിവേറിയ ഈ മുളക് കഴിച്ചാല്‍ കടുത്ത തലവേദനയുണ്ടാകാം എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. അടുത്തിടെ 34 കാരനായ ഒരു യുവാവ് കരോലിന റീപ്പര്‍ കഴിച്ച ശേഷം കടുത്ത തലവേദനയുമായി ഡോക്ടറെ സമീപിച്ചിരുന്നു. ഇതോടെയാണ് ഈ മുളകിന് ഇങ്ങനെയൊരു ദൂഷ്യവശം കൂടിയുണ്ടെന്നു കണ്ടെത്തിയത്.
ഈ മുളക് കഴിക്കുന്നതിന്റെ ഫലമായി തലച്ചോറിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നതാണ് തലവേദനയ്ക്ക് കാരണം. ഇതിന്റെ ഫലമായി reversible cerebral vasoconstriction syndrome (RCVS) എന്ന അവസ്ഥ വരെ ഉണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതു വഴി ഉണ്ടാകുന്ന ഒരുകൂട്ടം പ്രശ്നങ്ങളാണ് ഇത്.
എരിവേറിയ വസ്തുക്കൾ രക്തക്കുഴലുകള്‍ക്കു പ്രശ്നം ഉണ്ടാക്കുന്നതായി ഇതിനു മുന്‍പ് കണ്ടെത്തിയിരുന്നില്ല. ഇതാദ്യമായാണ് ഇവ RCVS നു കാരണമാകുമെന്നു കണ്ടെത്തിയിരിക്കുന്നത്. ഇത് ഇനിയും ശാസ്ത്രീയമായി തെളിയിക്കേണ്ടതാണെന്നും ഒരു സംഘം വാദിക്കുന്നു.
എരിവിന്റെ കാര്യത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ഇട്ട മുളകാണ് കരോലിന റീപ്പര്‍. ഈ വാര്‍ത്ത വന്നതിനു പിന്നാലെ കരോലിന റീപ്പര്‍ ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങള്‍ക്കും സോസുകള്‍ക്കും വന്‍ ഡിമാൻഡാമെന്നും പറയുന്നു.
Read More : Health News