ഒരു ജൻമത്തിൽ തന്നെ മൂന്ന് മുഖങ്ങളുമായി ജീവിക്കേണ്ടി വന്ന മനുഷ്യനാണ് പാരീസ് സ്വദേശിയായ ജെറോം ഹാമൻ. ജനിച്ചപ്പോൾ എല്ലാവരെയും പോലെ ജെറോമിനുമുണ്ടായിരുന്നു ഒരു സുന്ദരൻ മുഖം. മുഴകൾ രൂപപ്പെട്ട് മുഖം വികൃതമാകുന്ന ജനിതകരോഗമായ ന്യൂറോഫൈബ്രോമറ്റോസിസ് ടൈപ്പ് വൺ ബാധിച്ചതോടെ ഒന്നല്ല രണ്ടു പ്രാവശ്യമാണ് ആ മുഖം മാറ്റിവയ്ക്കേണ്ടി വന്നത്. 2010–ൽ കണ്ണീർഗ്രന്ഥികളും കൺപോളകളുമടക്കം സമ്പൂർണ മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്തെങ്കിലും ആ വർഷം ജലദോഷത്തിനു കഴിച്ച ആന്റിബയോട്ടിക് ദോഷം ചെയ്തു.
2016–ൽ പുതിയ മുഖത്തെ ശരീരം തിരസ്കരിച്ചു. മാറ്റിവച്ച മുഖകോശങ്ങൾ നശിച്ചു. മുഖം സ്വയം പുറന്തള്ളുന്ന നെക്രോസിസ് എന്ന അവസ്ഥ വന്നതോടെ കഴിഞ്ഞ വർഷം നവംബറിൽ മുഖം നീക്കം ചെയ്തു. തുടർന്ന് മൂന്നു മാസത്തോളെ ഒരു ദാതാവിനെ കാത്ത് മുഖമില്ലാത്ത അവസ്ഥയിൽ, മുഖത്തിന്റെ സ്ഥാനത്ത് ട്യൂമറുകൾ മാത്രമായി 43കാരനായ ജെറോം രണ്ടുമാസം ആശുപത്രിയിൽ കഴിഞ്ഞു. മുഖമില്ലാതെ കഴിഞ്ഞ രണ്ടുമാസവും ധൈര്യം കൈവിടാൻ ജെറോം തയാറായിരുന്നില്ല. ഒടുവിൽ പാരീസിന് നൂറുകണക്കിന് കിലോമീറ്റർ അകലെ മസ്തിഷ്കമരണം സംഭവിച്ച ഒരു 22കാരന്റെ മുഖം ജെറോമിനു യോജിക്കുമെന്ന് കണ്ടെത്തി.
അങ്ങനെ ജനുവരി 15, 16 തീയതികളിലായി ശസ്ത്രക്രിയ നടത്തി. മാറ്റിവെച്ച രണ്ടാമത്തെ മുഖത്തോട് ഇണങ്ങിവരുന്നതായും താൻ പതിയെ പുതിയമുഖത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയതായും ജെറോം അറിയിച്ചു. പുതിയ മുഖത്തെ ശരീരം തിരസ്കരിക്കാതിരിക്കാനുള്ള പ്രത്യേക ചികിത്സകൾ മൂന്നു മാസമായി ഡോക്ടർമാർ നടത്തുന്നുണ്ടായിരുന്നു. ആശുപത്രിയിൽ തന്നെയാണ് ജെറോം ഇപ്പോഴുമുള്ളത്. 22കാരന്റെ മുഖവുമായി വീണ്ടും ചെറുപ്പം വീണ്ടെടുത്ത് എല്ലാവരുടേയും മുന്നിലേക്ക് എത്താനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ ജെറോം.
Read More : Health News