മലമ്പനി സ്ഥിരീകരിച്ചു: ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക

കണ്ണൂർ ജില്ലയിൽ വിവിധ മേഖലകളിൽ മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർ നിർദേശം നൽകി. മട്ടന്നൂർ മേഖലയിലാണു തദ്ദേശീയനായ വ്യക്തിക്കു മലമ്പനി സ്ഥിരീകരിച്ചത്. നേരത്തേ ഒരു ഇതരസംസ്ഥാന തൊഴിലാളിക്കും മലമ്പനി സ്ഥിരീകരിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ‌ നിന്നു വരുന്നവരിൽ മലമ്പനി കണ്ടെത്തുന്നത് അപൂർവമല്ലെങ്കിലും തദ്ദേശീയരിൽ രോഗം കണ്ടെത്തുന്നത് ആരോഗ്യവകുപ്പ് അതീവഗൗരവത്തോടെയാണു കാണുന്നതെന്നു ഡിഎംഒ ഡോ.കെ.നാരായണ നായ്ക്ക് അറിയിച്ചു. 

എന്താണ് മലമ്പനി?

അനോഫെലിസ് കൊതുകുകൾ വഴി പകരുന്ന രോഗമാണ് മലമ്പനി. ജില്ലയിൽ പല മേഖലകളിലും ഒറ്റപ്പെട്ട രീതിയിൽ മലമ്പനി കണ്ടുവരുന്നുണ്ട്. ഇട വിട്ടുള്ള പനിയോടൊപ്പം വിറയലും പേശീവേദനയും തലവേദനയുമാണു പ്രധാന ലക്ഷണങ്ങൾ. വിറയലോടുകൂടി ആരംഭിച്ച്, തുടർന്നു ശക്തമായ പനിയും വിയർപ്പും ക്ഷീണവും ഉണ്ടാകുന്നു. ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ പനിയും വിറയലും ആവർത്തിക്കുന്നതു മലമ്പനിയുടെ പ്രത്യേക ലക്ഷണമായി കരുതാം. മനംപിരട്ടൽ, ഛർദ്ദി, വയറിളക്കം, ചുമ, തൊലിപ്പുറമേയും കണ്ണിലും മഞ്ഞനിറം എന്നിവയും ഉണ്ടാകാം.

രക്തപരിശോധനയിലൂടെ മാത്രമേ മലമ്പനി സ്ഥിരീകരിക്കാനാവൂ. വീടുകളിൽ നിന്നോ ആരോഗ്യസ്ഥാപനങ്ങളിൽ വച്ചോ രക്ത സാംപിളെടുത്ത് പരിശോധിക്കാനുള്ള ലബോറട്ടറി സൗകര്യം പിഎച്ച്സികളിലും സിഎച്ച്സികളിലും ലഭ്യമാണ്.  

ജാഗ്രതാ നിർദ്ദേശം 

∙പനിയുള്ളവരെല്ലാം അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ ചികിത്സ തേടണം.

∙ആരോഗ്യപ്രവർത്തകർ ഗൃഹസന്ദർശനം നടത്തുമ്പോൾ, പനിബാധിതർ രക്തസാംപിളുകൾ എടുക്കാൻ അനുവദിക്കണം.

∙ഫീൽഡ്‌തലത്തിൽ ഗൃഹസന്ദർശനം നടത്തുന്ന ആരോഗ്യപ്രവർത്തകർക്കു രക്തസാംപിൾ പരിശോധനയ്‌ക്കു നൽകണം.

∙ഡോക്‌ടർമാർ നിർദേശിക്കുന്ന ചികിത്സ പൂർണമായും എടുക്കണം (മൂന്നു ദിവസം മുതൽ 14 ദിവസം വരെ).

∙വീട്ടിലിരുന്നു മരുന്നു കഴിക്കുന്ന രോഗികൾക്കു പനി കുറയാതിരിക്കുകയോ, മറ്റു ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ ഡോക്‌ടറെ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കണം.

∙ രോഗം ഭേദമാകുന്നതു വരെ കൊതുകുവലയ്‌ക്കുള്ളിൽ കിടക്കണം.

∙രോഗിയുടെ വീട്ടിലുള്ളവരും കൂട്ടിരിപ്പുകാരും മലമ്പനിരോഗബാധയില്ല എന്നുറപ്പു വരുത്താൻ രക്തപരിശോധന നടത്തണം.

രോഗപ്രതിരോധവും കൊതുകു നിയന്ത്രണവും

∙വീടിനു പരിസരത്തു വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക. അത്തരം വെള്ളക്കെട്ടുകൾ മണ്ണിട്ടു നികത്തുകയോ ഒഴുക്കിക്കളയുകയോ ചെയ്യുക.

∙കിണറുകൾ, ടാങ്കറുകൾ, വെള്ളം സംഭരിച്ചുവെയ്‌ക്കുന്ന പാത്രങ്ങൾ എന്നിവ കൊതുകു കടക്കാത്ത വിധം വലയിട്ടോ തുണികൊണ്ടോ മൂടുക.

∙വീടിന്റെ ടെറസ്സിലും സൺഷെയ്ഡിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം  ഒഴുക്കിക്കളയുക.

∙തീരപ്രദേശത്തു കയറ്റിവച്ചിരിക്കുന്ന ബോട്ടുകളിലും മത്സ്യവിത്തുല്‌പാദന കേന്ദ്രങ്ങളിലെ ടാങ്കുകളിലും കൊതുകു കൂത്താടികൾ വളരാതെ വെള്ളം ഒഴുക്കിക്കളയുക. ഒഴുക്കിക്കളയാനാകാത്ത വെള്ളക്കെട്ടുകളിൽ മണ്ണെണ്ണ, എംഎൽഒ (മൊസ്ക്വിറ്റോ ലാർവ്വിസിഡൽ ഓയിൽ) തുടങ്ങിയവ ജലോ പരിതലത്തിൽ ഒഴിക്കുക. 

∙കൂത്താടികളെ തിന്നൊടുക്കുന്ന ഗപ്പി, ഗാമ്പുസിയ, മാനത്തുകണ്ണി തുടങ്ങിയ മത്സ്യങ്ങളെ ജലാശയങ്ങളിലും ആഴം കുറഞ്ഞ കിണറുകളിലും വളർത്തുക

∙ജൈവകീടനാശിനിയായ ബാസിലസ് തുറിൻചിയൻസിസ്, രാസവസ്തുവായ ടെമിഫോസ് തുടങ്ങിയവ  ഉപയോഗിച്ചു കൂത്താടികളെ നശിപ്പിക്കുക.

∙മലമ്പനി റിപ്പോർട്ട് ചെയ്‌ത സ്ഥലങ്ങളിൽ വീടിനുള്ളിലും ചുമരുകളിലും കീടനാശിനി തളിക്കേണ്ടത് അത്യാവശ്യമാണ്. അന്തരീക്ഷത്തിൽ ഫോഗിങ്ങും ചെയ്യേണ്ടി വരും. അതിന് ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കുക

∙ജനാലകളും മറ്റും കൊതുകു കടക്കാത്ത വിധം വലയടിച്ചു സുരക്ഷിതമാക്കുക. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക.

∙കൊതുകിനെ അകറ്റിനിർത്തുന്ന ലേപനങ്ങൾ, കൊതുകുതിരികൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൊതുകു റിപ്പലന്റുകൾ തുടങ്ങിയവ ഉപയോഗി ക്കുക. ശരീരം പരമാവധി മൂടുന്ന തരത്തിലുള്ള വസ്‌ത്രങ്ങൾ ധരിക്കുന്നതു കൊതുകു കടിയേൽക്കാതിരിക്കാൻ സഹായിക്കും.

∙വീടിനു പുറത്തു കിടന്നുറങ്ങാതിരിക്കുക. അങ്ങനെ ഉറങ്ങേണ്ടി വന്നാൽ കൊതുകു വല ഉപയോഗിക്കുക.

Read More : Health News