Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞ് ആസിയയ്ക്കു പറയാനുണ്ട് തേജസ്സാർന്ന ഒരു കഥ

aasiya ഫോട്ടോ: ടോണി ഡൊമിനിക്

'ആസിയ മെഹറിന്‍' എന്നാല്‍ തേജസ്സുള്ള പരിചാരിക എന്നാണര്‍ത്ഥം. പേര് അന്വര്‍ത്ഥമായി. കുഞ്ഞ് ആസിയയ്ക്കു പറയാനുള്ളത് തേജസ്സാര്‍ന്ന ഒരു കഥയാണ്. കേരളത്തിന്റെ വൈദ്യശാസ്ത്ര ചരിത്രത്തിലെ തന്നെ അവിശ്വസനീയവും വിസ്മയകരവുമായ കഥ. 550 ഗ്രാം തൂക്കവുമായി ആറാം മാസം ജനനം. ഹൃദയത്തിനുള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍. ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സകള്‍. ആറു മാസത്തോളം നീണ്ട ആശുപത്രിവാസം. രണ്ടു ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കണ്ണിമ ചിമ്മാതെയുള്ള പരിചരണം. ശേഷം മാതാപിതാക്കളുടെ സ്‌നേഹവാത്സല്ല്യങ്ങളിലേക്കു മടക്കം. ഇപ്പോള്‍ ചികിത്സിച്ച ഡോക്ടര്‍മാരുമൊന്നിച്ച് ഒന്നാം പിറന്നാള്‍ ആഘോഷം.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജും സ്വകാര്യ ആശുപത്രിയും ഒരു കുരുന്നു ജീവനുവേണ്ടി കൈകോര്‍ത്തപ്പോള്‍ അതു വൈദ്യശാസ്ത്രമേഖലയിലെ പുതിയ ചരിത്രമായി. അടിമാലി സ്വദേശികളായ മുഹമ്മദിന്റെയും ഫൗസിയയുടെയും മൂന്നാമത്തെ കുട്ടിയാണ് പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആറാം മാസം ജനിച്ചത്. കുട്ടി രക്ഷപെടുവാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും രണ്ട് ആണ്‍മക്കള്‍ക്കു ശേഷം കാത്തിരുന്നു ലഭിച്ച കണ്‍മണിയെ കൈവിട്ടുകളയുവാന്‍ മാതാപിതാക്കള്‍ തയാറായിരുന്നില്ല. തുടര്‍ന്ന് കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ നവജാത ശിശുരോഗ വിദ്ഗധനായ ഡോ. പീറ്റര്‍ വാഴയിലിനെ ബന്ധപ്പെടുകയും തീവ്രപരിചരണ സൗകര്യമുള്ള ആംബുലന്‍സില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കുട്ടിയെ കളമശ്ശേരിയിലെത്തിക്കുകയും ചെയ്തു.

ഒരാഴ്ചക്കാലത്തെ ചികിത്സക്കുശേഷവും ഹൃദയത്തിന്റെ പ്രവര്‍ത്തനം മോശമായി തുടര്‍ന്നതു മൂലം ഡോ. പീറ്റര്‍ ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ഡോ. തോമസ് മാത്യുവിനെ ബന്ധപ്പെടുകയും കുട്ടിയെ ലിസി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ഹൃദയത്തിന്റെ തകരാര്‍ പരിഹരിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യമായാണ് ഇത്രയും തൂക്കം കുറഞ്ഞ കുട്ടിയില്‍ ഹൃദയശസ്ത്രക്രിയ നടത്തുന്നത്. ഡോ. തോമസ് മാത്യു, ഡോ. എഡ്‌വിന്‍ ഫ്രാന്‍സിസ്, ഡോ. സി. സുബ്രഹ്മണ്യന്‍, ഡോ. അന്നു ജോസ്, ഡോ. വി. ബിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു, ഡോ. ജേക്കബ്ബ് എബ്രഹാം എന്നിവര്‍ എല്ലാ പിന്തുണയും നല്‍കി കൂടെ ഉണ്ടായിരുന്നു. ഡ്രൈവറായ മുഹമ്മദിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് പൂര്‍ണമായും സൗജന്യമായാണ് ലിസി ആശുപത്രി ഹൃദയശസ്ത്രക്രിയ ചെയ്തത്. കൂടാതെ തുടര്‍ചികിത്സയ്ക്കായി ഡോക്ടര്‍മാരുടെ സേവനവും മെഡിക്കല്‍ കോളജിന് വിട്ടു നല്‍കിയിരുന്നു.

ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് തിരികെ കൊണ്ടുപോയി. തുടര്‍ന്ന് ഡോ. സോമശേഖരന്‍ പിള്ള, ഡോ. പീറ്റര്‍ വാഴയില്‍, ഡോ. സിന്ധു തോമസ് സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍  നീണ്ട   നാളത്തെ വിദഗ്ധ ചികിത്സയിലൂടെ കുട്ടിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയായിരുന്നു. ഒരു മാസത്തിലേറെക്കാലം വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായെങ്കിലും മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെയും മറ്റു സ്റ്റാഫംഗങ്ങളുടെയും അര്‍പ്പണബോധത്തിന്റെയും കഠിനപ്രയത്‌നത്തിന്റെയും ഫലമായി കുട്ടി പ്രതിസന്ധികളെല്ലാം അതിജീവിച്ചു. കുട്ടി അപകടഘട്ടം തരണം ചെയ്യുന്നതുവരെ ഡോക്ടര്‍മാര്‍ കാവലിരിക്കുകയായിരുന്നു. ഈ ഘട്ടത്തിലെല്ലാം കുട്ടിയുടെ മാതാപിതാക്കള്‍ ഡോക്ടര്‍മാര്‍ക്കു നല്‍കിയ പിന്തുണയും സ്വാതന്ത്ര്യവും ചികിത്സയില്‍ നിര്‍ണായകമായി.

ഇപ്പോള്‍ കുട്ടിക്ക് അഞ്ചുകിലോഗ്രാമില്‍ കൂടുതല്‍ തൂക്കമുണ്ട്. അവയവങ്ങളെല്ലാം സാധാരണ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടിയുടെ പിറന്നാളാഘോഷത്തിന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഡോ. പീറ്ററിന്റെ നേതൃത്വത്തില്‍ വലിയ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ലിസി ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അജോ മൂത്തേടന്‍, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. ജയശ്രീ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് ആശുപത്രികളിലെയും ഡോക്ടര്‍മാരും സ്റ്റാഫംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.

Read More : Health News