ഒറ്റരാത്രിയിലെ ഉറക്കം; നഷ്ടമായത് രണ്ടു മക്കളെ

കുടുംബചിത്രം

2015 ജൂണ്‍ മാസത്തിലെ ആ ദിവസം ഇന്നും ബെക്കി സവേജിനു നടുക്കുന്ന ഒരോര്‍മയാണ്. ഒറ്റ രാത്രി കൊണ്ട് നഷ്ടമായത് രണ്ടു ആണ്‍മക്കളെ. അതും യാതൊരു കുഴപ്പവുമില്ലാതെ ഉറങ്ങാന്‍ കിടന്നവര്‍. 

നടുക്കുന്ന ആ ദിവസത്തെ കുറിച്ചു ഓര്‍ക്കുന്നത് തന്നെ ഭയമായിരുന്നു ബെക്കിക്ക്. എന്നാൽ ഈ ദുരനുഭവം മറ്റു കുടുംബങ്ങള്‍ക്ക് മുന്നറിയിപ്പാകണമെന്നു കരുതിയതിനാലാണ് തുറന്നു പറയാൻ തയാറായത്. 

ഒരു സാധാരണ ദിവസമായിരന്നു അന്നും ബെക്കിക്കും കുടുംബത്തിനും. ഭര്‍ത്താവും നാലു മക്കളും അടങ്ങിയ സംതൃപ്തകുടുംബം. ജൂൺ മാസത്തിലെ ഒരു വൈകുന്നേരമാണ് മൂത്ത കുട്ടികളായ ജാക്കും നിക്കും ഹൈസ്കൂള്‍ ഗ്രാജുവേഷന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയത്. തിരിച്ച് അവര്‍ വരുമ്പോള്‍ സമയം 12.30. അവര്‍ വരുന്നതും കാത്ത് അപ്പോഴും ബെക്കി ഇരിക്കുന്നുണ്ടായിരുന്നു. നിക്കും ജാക്കും തിരികെ വന്ന് അമ്മയോട് സംസാരിച്ചിരുന്ന ശേഷമാണ് ഉറങ്ങാന്‍ പോയതും. 

അടുത്ത ദിവസം രാവിലെ മുറിയില്‍ നിന്നും മുഷിഞ്ഞ വസ്ത്രങ്ങള്‍ എടുക്കാന്‍ ബെക്കി ചെല്ലുമ്പോഴും നിക്ക് ഉണര്‍ന്നിരുന്നില്ല. എത്ര ശ്രമിച്ചിട്ടും നിക്ക് ഉണരാതിരുന്നതോടെ അത്യാവശ്യമെഡിക്കല്‍ സര്‍വീസ് നമ്പറില്‍ ബന്ധപ്പെട്ടു. ഈ സമയത്ത് താഴത്തെ മുറിയില്‍ കിടന്നുറങ്ങിയിരുന്ന ജാക്കിനെ ബെക്കി വിളിക്കുന്നുണ്ടായിരുന്നു. 

ഉടന്‍ വീട്ടിലെത്തിയ മെഡിക്കല്‍ സംഘം നിക്കിനൊപ്പം തന്നെ അബോധാവസ്ഥയില്‍ ജാക്കിനെയും കണ്ടു. എന്നാല്‍ അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. അമിതഅളവില്‍ hydrocodone എന്ന മയക്കുമരുന്നും മദ്യവും ഉള്ളില്‍ ചെന്നതായിരുന്നു മരണകാരണം.  

മെഡിക്കല്‍ രേഖകള്‍ ഇല്ലാതെ വിൽപന നടത്താന്‍ കഴിയാത്ത ഈ വസ്തു ആരോ ഇവരുടെ പാര്‍ട്ടിക്കു കൊണ്ടുവന്നതായിരുന്നുവെന്ന് പിന്നീടാണ് അറിയുന്നത്.

അമിതമായി മദ്യം ഉപയോഗിക്കാത്ത മക്കള്‍ക്ക്‌ ഈ ദുരന്തം എങ്ങനെ സംഭവിച്ചുവെന്ന് ആദ്യം വിശ്വസിക്കാന്‍ ബെക്കിക്കും ഭര്‍ത്താവിനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ കൗമാരക്കാര്‍ക്കിടയിലെ മദ്യപാനത്തെക്കുറിച്ചും ലഹരി ഉപയോഗത്തെ ക്കുറിച്ചും ബോധവത്കരണം നടത്താന്‍ അവസരം ലഭിച്ചപ്പോഴാണ് എന്തുകൊണ്ട് തങ്ങളുടെ ദുരന്തത്തെ കുറിച്ചു മറ്റുള്ളവരോടു പറഞ്ഞുകൂടാ എന്ന് ബെക്കി ചിന്തിക്കുന്നത്. 

ഈ അവസരത്തിന് ശേഷം ബെക്കിയെ തേടി നിരവധി അവസരങ്ങള്‍ വന്നു. അവിടെയെല്ലാം പോയി ബെക്കി തന്റെ അനുഭവം പറയുകയും കുട്ടികളെ എങ്ങനെ ലഹരി ഉപയോഗത്തില്‍ നിന്നും സംരക്ഷിക്കണമെന്ന് മാതാപിതാക്കളോട് പറയുകയും ചെയ്തു. 

അങ്ങനെയാണ് അവര്‍ 525  ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്. നിക്കിന്റെയും ജാക്കിന്റെയും ഹോക്കി ജെര്‍സി നമ്പര്‍ ചേര്‍ത്താണ് ഈ പേരു വന്നത്. 

ഇപ്പോള്‍ ഏകദേശം 23,000  കുട്ടികള്‍ക്ക് മുന്‍പില്‍ ബെക്കി സംസാരിച്ചിട്ടുണ്ട്. ഇത്തരം മയക്കുമരുന്നുകളുടെ ഉപയോഗം കര്‍ശനമായി നിരോധിക്കണം എന്നാണു ബെക്കിയുടെ ആവശ്യം. ഇനിയൊരു കുടുംബത്തിനും ഈ ഗതി വരരുതെന്നാണ് ബെക്കിയുടെ മോഹം. ഒരു കുടുംബത്തിനെങ്കിലും തങ്ങളുടെ ഈ അനുഭവം കൊണ്ട് കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചാല്‍ അതിലേറെ മറ്റൊരു സന്തോഷം തങ്ങള്‍ക്കില്ല എന്ന് ബെക്കി പറയുന്നു.

Read More : Health News