ഏഴു വയസ്സുകാരന്‍ ജെയ് ക്രൗച് ഒരദ്ഭുതബാലനാണ്. കാരണം ലോകത്താദ്യമായി അഞ്ചു അവയവങ്ങള്‍ മാറ്റിവച്ച ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് കൊച്ചു ജെയ്. കിഡ്നികൾ, കരള്‍, പാന്‍ക്രിയാസ്, ചെറുകുടല്‍ എന്നിവയാണ് മാറ്റിവച്ചത്. ഒറ്റതവണ കൊണ്ടാണ് കൊച്ചു ജെയുടെ ശരീരത്തില്‍ പത്തുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഈ അവയവങ്ങള്‍ വച്ചുപിടിപ്പിച്ചത്. ജെയ്‌യെക്കാള്‍ പ്രായം കുറഞ്ഞ ദാതാവില്‍ നിന്നായിരുന്നു ഇവ സ്വീകരിച്ചത്.
കുഞ്ഞ് ജനിച്ച ദിവസം മുതല്‍ ആരോഗ്യസ്ഥിതി മോശമായിരുന്നു. ആന്തരികാവയവങ്ങള്‍ വളരെ മോശമായ അവസ്ഥയിലും. ഇവ മാറ്റിവയ്ക്കുക എന്നതല്ലാതെ മറ്റൊരു സാധ്യത അവനെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നതിനു മുന്നിലില്ലായിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് ജെയ്‌യുടെ അമ്മ കാത്തിക്കു മകനു യോജിക്കുന്ന ദാതാവിനെ ലഭിച്ചു എന്നറിയിപ്പു ലഭിക്കുന്നത്. ജെയ്‌യേക്കാള്‍ ചെറിയൊരു കുട്ടിയുടെ അവയവങ്ങള്‍ സ്വീകരിക്കുന്നത് ഒരേസമയം നൊമ്പരവും സന്തോഷവുമാണ് ഉണ്ടാക്കിയതെന്ന് ലൈസിസ്റ്റർ സ്വദേശിയായ കാത്തി പറയുന്നു. ആ കുഞ്ഞിന്റെ കുടുംബത്തോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല.
ജെയ് ജനിച്ച് ഏറെ കഴിയുന്നതിനു മുന്‍പ് തന്നെ അവനു എന്തോ പ്രശ്നമുണ്ടെന്ന് കാത്തിക്കു തോന്നിയിരുന്നു. ആഹാരം കഴിക്കാനും മലശോധന നടത്താനുമൊന്നും കഴിയുമായിരുന്നില്ല. എന്നാല്‍ ആറാമത്തെ ആഴ്ചയിൽ കടുത്തഛര്‍ദ്ദിയെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടർമാർ നടത്തിയ വിവിധ പരിശോധകൾക്കൊടുവിൽ ചെറുകുടല്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണന്നു കണ്ടെത്തി. ഇതിനിടയില്‍ കിഡ്നിയും കരളും തകരാറിലായി.
ജെയ്‌യേക്കാള്‍ പ്രായം കുറഞ്ഞൊരു ദാതാവിന്റെ അവയവം ലഭിക്കണം എന്നതായിരുന്നു ഡോക്ടര്‍മാര്‍ നേരിട്ട വെല്ലുവിളി. എങ്കില്‍ മാത്രമേ ചെറുകുടല്‍ ജെയ്‌യുടെ ശരീരത്തില്‍ വയ്ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. വയറ്റിലെ പ്രധാനരക്തധമനിയിലേക്കാണ് ജെയ്‌യുടെ പുതിയ അവയവങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ഇവിടേക്ക് ഹൃദയത്തില്‍ നിന്നും നേരിട്ട് രക്തം ലഭിക്കും. കരളില്‍ നിന്നുള്ള ഞരമ്പ് വഴിയാണ് ഇവിടെ നിന്നും രക്തം തിരിച്ചു പോകുന്നത്. സാധാരണജീവിതത്തിലേക്കു കുട്ടി മടങ്ങി വരാന്‍ ഇനി ആറുമാസമെങ്കിലും വേണ്ടി വരും. അതിനു ശേഷവും അതീവശ്രദ്ധ ആവശ്യമാണ്. ബിര്‍മിങ്ഹാം ആശുപത്രിയുടെ ചരിത്രത്തില്‍ ഇത്തരമൊരു ശസ്ത്രക്രിയ അപൂര്‍വമാണ്.
Read More : ആരോഗ്യവാർത്തകൾ