ആല്‍ഫി ഇവാന്‍സ്, ഈ പേര് തന്നെ ഇന്നോര്‍മ്മിപ്പിക്കുന്നത് ഒരു ജീവന്‍മരണപോരാട്ടത്തിന്റെ കഥയാണ്. കാരണം കുഞ്ഞ് ആല്‍ഫിയും മാതാപിതാക്കളും ആരംഭിച്ച ഒരു പോരാട്ടം ഇന്ന് ലോകം മുഴുവന്‍ ഏറ്റെടുത്തു കഴിഞ്ഞു. ആല്‍ഫിയ്ക്കു വേണ്ടി, അവന്റെ ജീവനു വേണ്ടി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നാണ് ആളുകള്‍ സംഘടിച്ചത്.
2016 ല്‍ ജനിച്ചപ്പോള്‍ മുതല്‍ അബോധാവസ്ഥയിലായിരുന്നു ആല്‍ഫി ഇവാന്‍സ്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലായിരുന്നു ഇതുവരെയും ആല്‍ഫിയുടെ ജീവന്‍ നിലനിറുത്തിയിരുന്നത്. വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് പോലും കണ്ടു പിടിക്കാന്‍ കഴിയാത്ത രോഗാവസ്ഥയായതിനാല്‍ ചികിത്സ നല്‍കുന്ന ആല്‍ഡര്‍ ഹെയ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താല്‍ ജീവന്‍ ഇനിയും നിലനിറുത്തുന്നത് മനുഷ്യത്വ രഹിതമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെയാണ് ആല്‍ഫിയുടെ മാതാപിതാക്കളായ ടോമും കേറ്റും പോരാട്ടം തുടങ്ങിയത്.
കഴിഞ്ഞ ഒരു വര്‍ഷമായി ലിവര്‍പൂളിലെ ആല്‍ഡര്‍ഹേ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ അബോധാവസ്‌ഥയില്‍ കഴിയുകയായിരുന്നു 23 മാസം പ്രായമുള്ള ആല്‍ഫി. തലച്ചോറിലെ ഞരമ്പുകള്‍ ശോഷിച്ചുവരുന്ന അപൂര്‍വ രോഗമാണ് ആല്‍ഫിക്ക്. ചികിത്സ കൊണ്ടു ഫലമില്ലെന്നും സ്വാഭാവിക മരണം സ്വീകരിക്കാന്‍ അവനെ അനുവദിക്കണം എന്നുമാണ് ആല്‍ഫിയെ ചികിത്സിക്കുന്ന ഡോക്ടര്‍മ്മാര്‍ അഭിപ്രായപ്പെടുന്നത്. അതിനു തങ്ങള്‍ തയാറല്ല എന്നായിരുന്നു ടോമും കേറ്റും പറഞ്ഞത്.
എന്നാല്‍ ഇനിയും ചികിത്സ തുടരാന്‍ സാധിക്കില്ല എന്ന നിലപാടിലായിരുന്നു 2017 ഡിസംബറില്‍ ആശുപത്രി അധികൃതര്‍ കോടതിയെ സമീപിച്ചത്. ഇനിയും ചികിത്സിക്കുന്നത് അവനോടു ചെയ്യുന്ന ക്രൂരതയാണെന്ന് ആശുപത്രിക്കു വേണ്ടി ഹാജരായ വക്കീലന്മാര്‍ വാദിച്ചു. റോയല്‍ കോര്‍ട്ട് ഓഫ് ലണ്ടനില്‍ ജസ്റ്റിസ് ഹെയ്ഡനാണ് ഈ വാദം കേട്ടത്. എന്നാല്‍ നിലവിലെ ചികിത്സകള്‍ തൃപ്തികരമാണ് എന്നാണു കോടതി വിധിച്ചത്. ഇറ്റലിയില്‍ കൊണ്ടുപോയി ചികിത്സിക്കണമെന്ന ടോമിന്റെയും കെയ്റ്റിന്റെയും ആവശ്യവും കോടതി അംഗീകരിച്ചില്ല. ആല്‍ഫിയുടെ ജീവനുവേണ്ടി മരണം വരെ പോരാടുമെന്നു ടോം പറഞ്ഞു.
മേൽ കോടതികളിൽ ആൽഫിയുടെ പിതാവ് വിധിക്കെതിരെ നൽകിയ അപ്പീലുകളും തള്ളപ്പെട്ടു. ആല്‍ഫിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ ചേര്‍ന്ന് ഒരു കാംപയിന്‍ ഗ്രൂപ്പും രൂപീകരിച്ചിരുന്നു. ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് കൊണ്ടു പോകുന്നത് കുഞ്ഞിന്റെ ജീവന്‍ തന്നെ നഷ്ടമാകുന്ന അവസ്ഥയില്‍ എത്തിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കുഞ്ഞ് ഈ അവസ്ഥ അതിജീവിക്കുമെന്നു കോടതിയില്‍ മാതാപിതാക്കളും പറഞ്ഞു.
ആല്‍ഫിയുടെ കേസ് പരിഗണിക്കുന്ന ദിവസം വന്‍ പോലിസ് കാവലായിരുന്നു കോടതിക്ക് പുറത്തു ഏര്‍പ്പെടുത്തിയത്. ഇതിനിടെ കുട്ടിയെ ഇറ്റലിയില്‍ എത്തിച്ചു വിദഗ്ധചികിത്സ നല്‍കാന്‍ ആല്‍ഫിയുടെ പിതാവ് വത്തിക്കാനോട് അപേക്ഷിച്ചിരുന്നു. ഈ വിഷയത്തില്‍ പോപ് നടത്തിയ ഇടപെടലിന്റെ ഫലമായി കുഞ്ഞിന് ഇറ്റാലിയന്‍ പൗരത്വം ലഭിച്ചു.
കുഞ്ഞിനു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ടോം യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹുമന്‍ റൈറ്റ്സിനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ അവര്‍ വിസ്സമ്മതിച്ചു.
ഇതിനിടയില്‍ ആല്‍ഫിക്ക് നൽകിക്കൊണ്ടിരുന്ന ജീവന്‍രക്ഷാഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം ലിവര്‍ പൂള്‍ ആശുപത്രി എടുത്തുമാറ്റിയിരുന്നു. കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന അപേക്ഷയെത്തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ വെന്റിലേറ്റര്‍ നീക്കിയത്.
എന്നാല്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തി കുഞ്ഞ് ആല്‍ഫി സ്വയം ശ്വസിക്കുന്നുണ്ട്. ' അമ്മയുടെ നെഞ്ചിലാണ് അവനിപ്പോള്‍ ഉറങ്ങുന്നത്. മൂന്നുദിവസത്തോളമായി കുഴപ്പമൊന്നുമില്ല. ഇത് അദ്‌ഭുതമൊന്നുമല്ല. ഡോക്‌ടര്‍മാര്‍ക്കു തെറ്റിയതാണ്. അവന്‍ ഇനിയും ജീവിക്കും, മാസങ്ങളോളം, ഒരു പക്ഷേ വര്‍ഷങ്ങളോളം."-ടോം ഇവാന്‍സ് കുറിച്ചു. എന്തയാലും ഇറ്റലിയില്‍ തുടര്‍ചികിത്സയ്ക്ക് ആല്‍ഫിയെ കൊണ്ടുപോകാന്‍ ഇപ്പോള്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.
Read More : Health News