ആർ സി സിയിൽ എച്ച് ഐ വി ബാധ; ഞെട്ടിപ്പിച്ച് വീണ്ടും മരണം

ആര്‍ സി സിയില്‍ നിന്ന് രക്തം സ്വീകരിച്ചതുവഴി എച്ച് െഎ വി ബാധിച്ച് ഹരിപ്പാട് സ്വദേശിനിയായ കുട്ടി മരിച്ചതിന്റ ഞെട്ടല്‍ മാറുന്നതിന് മുമ്പെയാണ് മറ്റൊരു ഗുരുതര ആരോപണം. ലുക്കീമിയയ്ക്ക് ചികില്‍സയിലായിരുന്ന ഇടുക്കി സ്വദേശിയായ 14 കാരന്‍ കഴിഞ്ഞ 26നാണ് മരിച്ചത്. എച്ച് െഎ വി ബാധിച്ചതായി ആശുപത്രി അധികൃതര്‍ തന്നെ കുട്ടിയോട് പറഞ്ഞിരുന്നു. 

പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനയിലും എച്ച് െഎ വി  സ്ഥിരീകരിച്ചിരുന്നു. രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച് െഎ വി പടര്‍ന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷെ ആര്‍ സി സിയില്‍ നിന്നു മാത്രമല്ല, രക്തം സ്വീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.എന്നാല്‍ മറ്റൊരിടത്തുനിന്നും രക്തം സ്വീകരിച്ചിട്ടില്ലെന്ന് മരിച്ച കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.

വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധിച്ച് നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ചികില്‍സ നല്‍കുന്ന സ്ഥാപനമാണ് അപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി കെ.കെ.ശൈലജ പ്രതികരിച്ചു. 

കഴിഞ്ഞമാസമാണ് ആര്‍ സി സിയില്‍ ചികില്‍സയിലായിരുന്ന ഹരിപ്പാട് സ്വദേശിനിയായ ഒന്‍പത് വയസുകാരി മരിച്ചത്. ആര്‍ സി സിയില്‍ നിന്ന് രക്തം സ്വീകരിച്ചത് വഴിയാണ് രോഗം പിടിപെട്ടതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ആര്‍ സി സി നിഷേധിച്ചതോടെ നീതിക്കായി കോടതിയെ സമീപിച്ചിരിക്കുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍.

Read More : ആരോഗ്യവാർത്തകൾ