രണ്ടാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആല്‍ഫി ഇവാന്‍സ് ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി വിടപറഞ്ഞു. ഡോക്ടർമാർ ചികിത്സിച്ചു ഫലമില്ലെന്നും ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടും അവന്റെ തിരിച്ചു വരവില്‍ പ്രതീക്ഷയര്‍പ്പിച്ച്, വിദഗ്ധചികിത്സയ്ക്ക് ഇറ്റലിയിലേക്കു കൊണ്ടു പോകാന്‍ മാതാപിതാക്കള്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് ആല്‍ഫി എല്ലാവരെയും ദുഃഖത്തിലാഴ്ത്തി യാത്രയായത്.
23 മാസം പ്രായമായ ആല്‍ഫിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത വിധത്തിലുള്ള മസ്തിഷ്‌ക രോഗമായിരുന്നു. ”എന്റെ പോരാളി അവന്റെ പടച്ചട്ട താഴെ വച്ച് ചിറകുകള്‍ സ്വീകരിച്ചു” എന്ന് ടോം ഇവാന്‍സ് ഫെയ്സ്ബുക്കില്‍ കുറിച്ചപ്പോള്‍ അവര്‍ക്കൊപ്പം ആല്‍ഫിക്കു വേണ്ടി പ്രാര്‍ത്ഥനകളോടെ കഴിഞ്ഞ നിരവധിപ്പേര്‍ ആ ദുഃഖത്തില്‍ പങ്കുചേര്‍ന്നു.
ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ ആശുപത്രിയില്‍ മസ്തിഷ്ക സംബന്ധിയായ അപൂര്‍വരോഗത്തിന്‍റെ പിടിയിലമര്‍ന്നു കഴിഞ്ഞ 23 മാസങ്ങളായി ആല്‍ഫി ജീവന്‍രക്ഷാഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഇനിയും ഇതു തുടരുന്നതില്‍ അര്‍ഥമില്ലെന്നും ഇവ നീക്കം ചെയ്യണമെന്നും ആശുപത്രി അധികൃതര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കുഞ്ഞിനെ ഇറ്റലിയിലേക്ക് ചികിത്സയ്ക്കു കൊണ്ടു പോകാന്‍ അനുമതി തേടി ആല്‍ഫിയുടെ മാതാപിതാക്കള്‍ കോടതിയില്‍ മറ്റൊരു വാദം ഉന്നയിച്ചു. വത്തിക്കാന്‍ വരെ ഇടപെട്ട ഈ സംഭവത്തില്‍ ഒടുവില്‍ ആല്‍ഫിക്ക് വേണ്ടി ഇറ്റലി പൗരത്വം പോലും നല്‍കിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച കുഞ്ഞിന്റെ ജീവന്‍രക്ഷാഉപകരണങ്ങള്‍ നീക്കം ചെയ്തിരുന്നു. നാലുമാസം നീണ്ട നിയമ പോരട്ടത്തിനൊടുവില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നതില്‍ ഒരു പ്രതീക്ഷയും ഇല്ലാത്തതിനാല്‍ ജീവന്‍ രക്ഷാഉപകരണം എടുത്തു മാറ്റാന്‍ ഡോക്ടര്‍മാരെ അനുവദിച്ചു കൊണ്ടു ഫെബ്രുവരി 20 ന് കോടതി ഇത്തരവിടുകയായിരുന്നു.
അമ്മയുടെ നെഞ്ചിലെ ചൂടില്‍ അവന്‍ ജീവന്‍ വെടിയാതെ ഇത്ര ദിവസം കഴിഞ്ഞു. പക്ഷേ കഴിഞ്ഞദിവസം കുഞ്ഞ്ആല്‍ഫി ആ കുഞ്ഞിക്കണ്ണുകള്‍ എന്നെന്നേക്കുമായി അടച്ചു. ശനിയാഴ്ച ഉച്ചക്ക് 2.30 നാണ് ആല്‍ഫി വിടപറഞ്ഞത്. കുഞ്ഞിന്റെ മരണവിവരമറിഞ്ഞു നൂറുകണക്കിന് ആളുകളാണ് പലയിടത്തുമായി തടിച്ചു കൂടിയത്. തെരുവില്‍ അവനായി നീല ബലൂണുകള്‍ പറത്തിയും സന്ദേശങ്ങള്‍ കൈമാറിയും ജനങ്ങള്‍ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. ആല്‍ഫി ആശുപത്രിയില്‍ കഴിഞ്ഞ നാളുകളില്‍ നൂറുകണക്കിന് ആളുകളാണ് അവനു വേണ്ടി ആശുപത്രിക്ക് മുന്‍പിലും കോടതിവരാന്തയിലും പ്രകടനം നടത്തിയിരുന്നത്. ആല്‍ഫിയുടെ മരണത്തില്‍ പോപ് ഫ്രാന്‍സിസ് ദുഃഖം രേഖപ്പെടുത്തി.
Read More : Health News