ജലദോഷത്തെ സാധാരണ എല്ലാവരും അവഗണിക്കാറാണ് പതിവ്. ഒമാഹ സ്വദേശിനിയായ 52കാരി കേന്ദ്ര ജാക്സണും ജലദോഷം പിടികൂടിയപ്പോൾ അതത്ര കാര്യമാക്കിയില്ല. അലർജി പ്രശ്നങ്ങളായിരിക്കും കാരണമെന്ന് അവരും കരുതി. എന്നാൽ രണ്ടര വർഷമായിട്ടും ജലദോഷം വിട്ടുമാറാതിരുന്നപ്പോഴാണ് വിദഗ്ധ ചികിത്സ തേടിയത്.
മൂക്കിൽ നിന്നുള്ള ഫ്ലൂയിഡ് പരിശോധിച്ചപ്പോഴാണ് അത് ബ്രെയിൻ ഫ്ലൂയിഡ് ആണെന്ന സത്യം കേന്ദ്രയും തിരിച്ചറിഞ്ഞത്. തലയോട്ടിയിലെ ചെറിയ ദ്വാരത്തിലൂടെ സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് ആണ് മൂക്കിലൂടെ പുറത്തുപൊയ്ക്കൊണ്ടിരുന്നത്.
രണ്ടര വർഷം മുൻപ് ഉണ്ടായ കാർ അപകടത്തിൽ ഡാഷ്ബോർഡിൽ മുഖം ഇടിച്ചു. ഇതിനു ശേഷമാണ് തലവേദനയും മൈഗ്രേനും വിട്ടുമാറാത്ത മൂക്കൊലിപ്പും പിടിപെട്ടതെന്ന് കേന്ദ്ര പറയുന്നു. മൂക്കൊലിപ്പിനു കാരണം അലർജി പ്രശ്നങ്ങളാകാമെന്നാണ് ഡോക്ടർമാരും ആദ്യം പറഞ്ഞിരുന്നത്.
ദിവസവും അര ലിറ്റർ ഫ്ലൂയിഡ് വരെ മൂക്കിൽക്കൂടി പുറത്തു പോകാൻ തുടങ്ങിയതോടെയാണ് വിദഗ്ധ പരിശോധന തീരുമാനിച്ചത്. ചെറിയ ഒരു ശസ്ത്രക്രിയയിലൂടെ കേന്ദ്രയുടെ രോഗം ഭേദമാക്കി. ഇപ്പോൾ മൂക്കൊലിപ്പ് ഇല്ലെന്നും ഇടയ്ക്കിടെ മൈഗ്രേൻ അലട്ടുന്നുണ്ടെന്നും കേന്ദ്ര പറയുന്നു.
ബ്രെയിനും സ്പൈനൽ കോഡിനും സംരക്ഷണം നൽകുന്ന ഫ്ലൂയിഡാണ് സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ്. തലച്ചോറിലെത്തുന്ന അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യാൻ സഹായിക്കുന്നത് ഈ ഫ്ലൂയിഡാണ്.
Read More : Health News