Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിപ്രഷൻ ഉള്ളവരും ഇല്ലാത്തവരും അറിഞ്ഞിരിക്കാൻ...

stress

ഡിപ്രഷൻ– ശരിക്കും ഒരു രോഗം തന്നെയാണ്. കേൾക്കുന്നവർക്ക് ചിലപ്പോൾ പുച്ഛിച്ചു തള്ളാൻ തോന്നും. എന്നാൽ ഈ രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് അറിയാം അതിന്റെ ഭീകരാവസ്ഥ. ഇതിനെക്കുറിച്ച് ശ്രുതി ശരണ്യം ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം.

ഇരുപത്തിയാറാം വയസ്സുമുതൽ ക്ലിനിക്കൽ ഡിപ്രഷൻ എന്ന രോഗാവസ്ഥയുടെ തീവ്രതയിലൂടെ കടന്നുപോവുന്ന ആളാണു ഞാൻ. എന്റെ അറിവിൽ അതിന് മുൻപും ഞാൻ സമാനമായ അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്. അന്നൊന്നും അത് ഡിപ്രഷനാണ് എന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്ന് മാത്രം. പൊതുവെ സൈക്ലിക്കൽ സ്വഭാവമുള്ള എന്റെ രോഗാവസ്ഥ ആറുമാസത്തിലൊരിക്കൽ തീവ്രമാവും. ഇതോടൊപ്പം എല്ലാ മാസവും ഒരാഴ്ചയോളം ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൂലം പ്രീ-മെൻസ്ട്രുവൽ സിൻഡ്രോം ആയും ഡിപ്രഷൻ പ്രത്യക്ഷപ്പെടാറുണ്ട്. ഇതുണ്ടാവുമ്പോൾ അങ്ങേയറ്റത്തെ മൂഡ് വേരിയേഷൻസിനൊപ്പം ക്രയിംഗ് സ്പെൽസ് (നിയന്ത്രിക്കാനാവാത്ത അലറിക്കരച്ചിൽ), അപസ്മാരം പോലെ തോന്നിക്കുന്ന ആങ്ങ്സൈറ്റി അറ്റാക്സ്, അസഹ്യമായ തലവേദന, സന്ധിവേദന, ഈറ്റിംഗ് ഡിസോഡർ, ഉറക്കമില്ലായ്മ, അലസത, വായിലെ തൊലിയടർന്ന് പോവൽ ഇവയെല്ലാം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ തന്നെ അനുഭവിക്കാറുണ്ട്. 

ഇതിനേക്കാളേറെ അലട്ടിയിട്ടുള്ളത് ആത്മഹത്യാ പ്രവണതയാണ്. എന്നെപ്പോലെ മറ്റ് ഡിപ്രഷൻ രോഗികൾക്കും കാണും നാലും അഞ്ചും തവണ ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ട ചരിത്രം. സാധാരണ ഡിപ്രഷൻ ഉള്ള ദിവസങ്ങളിൽ ഞാനൊരു മുറിക്കുള്ളിൽ ദിവസങ്ങളോളം അടച്ചിരിക്കും. വിരുന്നുവരുന്നവരെ പോയിട്ട് വീട്ടിലുള്ളവരെപ്പോലും കാണാറില്ല. എന്റെ കുട്ടികളെ ശ്രദ്ധിക്കുക പോയിട്ട് അവർക്കൊരുമ്മ കൊടുക്കുവാൻ പോലും കഴിയാറില്ല. എനിക്കു മുൻപിൽ കുമിഞ്ഞുകൂടുന്ന ചെയ്തു തീർക്കാൻ ബാക്കി വച്ച ജോലികൾ ഞാനെത്ര വലിയ പരാജയമാണെന്ന് എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും. അതിനിടയിൽ വ്യക്തിജീവിതത്തിലോ തൊഴിലിടത്തിലോ ഉണ്ടായേക്കാവുന്ന ചെറിയ അലോസരപ്പെടുത്തലുകൾ പോലും എന്നെ ആത്മഹത്യയെക്കുറിച്ച് ചിന്തിപ്പിക്കാറുണ്ട്. അന്നേരം ഈ അസഹ്യമായ വേദനയിൽ നിന്ന് മരണത്തിലൂടെയെങ്കിലും രക്ഷപ്പെടണം എന്നല്ലാതെ എനിക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ചോർക്കുവാനുള്ള വിവേകം ഉണ്ടാവാറില്ല.

അതെല്ലാ ഡിപ്രഷൻ രോഗികളുടെയും ഈ രോഗാവസ്ഥ മൂലമുള്ള നിസ്സഹായതയാണ്, പരാജയമോ തോന്നിവാസമോ അല്ലെന്നോർക്കണം. കഴിഞ്ഞ ഒൻപത് വർഷത്തിനിടയ്ക്ക് ലമോട്രജൻ, ഫ്ലൂപ്പെന്റിസോൾ, സെർട്രലിൻ, വാൾപാറിൻ, ഡ്യൂലക്സിറ്റിൻ, ലിതിയം തുടങ്ങി പല ആന്റി ഡിപ്രസൻറ്സ്, ആങ്ങ്സൈറ്റി റിപ്പല്ലന്റ്സ് എന്നിവ ഉപയോഗിയിച്ചിട്ടുണ്ട് ഞാൻ. ഒന്നിനും ഒരു പരിധിയിൽ കൂടുതൽ രക്ഷിക്കാനായിട്ടില്ല. ചില ആയുർവേദ - ഹെർബൽ മരുന്നുകളും പരീക്ഷിച്ചിട്ടുണ്ട്. ഒടുവിൽ കുറച്ചെങ്കിലും ആശ്വാസം കണ്ടെത്തിയത് ഈസ്ട്രജനിലൂടെ ആയിരുന്നു. ഈസ്ട്രജന് ട്യൂമർ ത്രെട്ട് ഉണ്ട് എന്നറിഞ്ഞിട്ടും കുറച്ചു കാലം ഉപയോഗിച്ചു. ഈ വേദന അത്രമാത്രം അസഹനീയമായിരുന്നു എന്നത് തന്നെ കാരണം. കുറച്ചു കഴിഞ്ഞപ്പോൾ ഈസ്ട്രജൻ റെസിസ്റ്റൻസ് ഡിവലപ്പ് ചെയ്തു തുടങ്ങി. പഴയ പോലെ ഫലം കാണാതായിത്തുടങ്ങിയപ്പോൾ ഈസ്ട്രജനും നിർത്തി. ഇപ്പോൾ വീണ്ടും ഡിപ്രഷനോട് പൊരുതുന്നു. ഈ അവസ്ഥ എത്രമാത്രം ഭീതിജനകമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. 

ഡിപ്രഷന് മറ്റു പല ഫിസിക്കൽ രോഗാവസ്ഥകളെപ്പോലെ ഗ്ലാമറില്ല. ആ വാക്ക് പറയുന്നവർക്ക് പലർക്കും നാണക്കേടാണ്. കേൾക്കുന്നവർക്ക് പരിഹാസവും. ഇത് മറ്റു രോഗങ്ങളെപ്പോലെ ഒരു രോഗമാണെന്നുള്ള അറിവില്ലായ്മ തന്നെയാണ് ഇതിന് കാരണം. മറ്റു പല രോഗാവസ്ഥകളിലൂടെ കടന്നു പോവുന്നവർക്ക് കിട്ടുന്ന പരിഗണനയുടെ ഒരു ശതമാനം പോലും ഒരു ഡിപ്രഷൻ രോഗിക്ക് കിട്ടിയെന്ന് വരില്ല. ഈ രോഗം രോഗിയുടെ തെറ്റായും താന്തോന്നിത്തരമായും എസ്കേപിസമായുമെല്ലാം പലരും കണ്ടേക്കാം.. ഈ അവസരത്തിൽ വീട്ടിൽ വരുന്ന അതിഥികളോട് വീട്ടിലുള്ളവർ പറയും "ശ്രുതിക്ക് തലവേദനയാണ്. കിടക്കുകയാണ്".. ഡിപ്രഷനാണെന്ന് തുറന്നുപറയാനുള്ള പേടി. അഥവാ പറഞ്ഞാൽ കേൾക്കുന്നവർ അതിനെ എങ്ങിനെ ഉൾക്കൊള്ളുമെന്നുള്ള ഭയം. ആരുടെയോ വാളിൽ വായിച്ചതു പോലെ, രോഗിയുടെ മരണം വരെ ഡിപ്രഷൻ പലർക്കും ഒരു രോഗമല്ല, അത് അനുഭവിക്കുന്നവന്റെ/വളുടെ തോന്നിവാസമാണ്. I am not ashamed of calling myself a depression patient. The word has a lot of stigma attached to it. However, it is an illness, just like any other physical illnesses. ഈ അവസ്ഥയെക്കുറിച്ച് കേൾക്കുമ്പോൾ, "നിനക്കൊക്കെ എന്തിന്റെ കുറവാണ് ? അവനവന്റെ ചുമതലകളിൽ നിന്ന് രക്ഷപ്പെടാനുള്ള അടവാണിതൊക്കെ" എന്നൊക്കെ പറഞ്ഞ് വീണ്ടും വീണ്ടും ആത്മഹത്യയിലേക്ക് തള്ളിവിടുന്നവരോട് - ഒരിക്കലെങ്കിലും ഡിപ്രഷന്റെ തീവ്രത അനുഭവിക്കാത്തവർക്ക് ഇതൊരു രോഗമാണെന്നു പോലുമുള്ള തിരിച്ചറിവ് ഉണ്ടായെന്ന് വരില്ല. ഡിപ്രഷനോളം വലിയ ക്രൂരതയാണ് നിങ്ങളുടെ ദയയില്ലാത്ത വാക്കുകൾ.

(NB :- ചികിത്സാ, കൗൺസിലിംഗ് , ഒറ്റമൂലി, സിദ്ധവൈദ്യം ഇത്യാദി ഉപദേശങ്ങൾ ഇവിടെ സ്വീകരിക്കപ്പെടുന്നതല്ല )

Read More : Health News