കാന്‍സര്‍ കൂടുതല്‍ ഭീകരമാകുന്നത് രോഗം കണ്ടെത്താന്‍ വൈകുമ്പോഴാണ്. മറ്റു പല രോഗങ്ങളായി തെറ്റിദ്ധരിച്ചു ശരിയായ സമയത്ത് ചികിത്സ തേടാന്‍ വൈകുന്നത് പലപ്പോഴും രോഗത്തെ കൂടുതല്‍ അപകടകാരിയാക്കാറുണ്ട്. ചില അവസരങ്ങളില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകളും രോഗം കണ്ടെത്താന്‍ വൈകുന്നതിനു കാരണമാകുന്നുണ്ട്.
58കാരനായ ഡാനി ഹണ്ട് എന്ന മനുഷ്യന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. നാളുകളായി ഉണ്ടായിരുന്ന തലവേദന മൈഗ്രേനായാണ് ഡാനിയുടെ ഡോക്ടര്‍ വിലയിരുത്തിയത്. മൈഗ്രേന്‍ എന്ന് തെറ്റിദ്ധരിച്ച വേദന സത്യത്തില്‍ കണ്ണിലെ കാന്‍സറിന്റെ ലക്ഷണമായിരുന്നു.
രോഗം കണ്ടെത്താൻ ഏറെ വൈകിയതോടെ ഡാനിയുടെ വലതു കണ്ണും അതിനോട് ചേര്‍ന്ന മൂക്കിന്റെ എല്ലും താടിയും വരെ നീക്കം ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.
ഇപ്പോള്‍ ആരു കണ്ടാലും ആദ്യം ഒന്നു ഭയക്കുന്ന രൂപമാണ് ഡാനിക്ക്. മുഖത്തിന്റെ ഒരു ഭാഗത്ത് ഒരു വലിയ കുഴിയാണ് ഇപ്പോള്‍ ഉള്ളത്. കണ്ണിന്റെ ഭാഗത്തായി വളര്‍ന്നു വന്ന ഒരു ട്യൂമര്‍ ആയിരുന്നു ഡാനിയുടെ കാര്യത്തില്‍ അപകടകാരിയായത്. മുഖത്തിന്റെ രൂപം തിരികെ നേടാന്‍ ഫേസ് റീകണ്‍സ്ട്രക്ഷന്‍ സര്‍ജറി ചെയ്‌താല്‍ ഒരളവു വരെ മുഖം മാറ്റിയെടുക്കാന്‍ സാധിക്കും. പക്ഷേ ഡാനിയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അതിനു അനുവദിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വീടിനു പുറത്തു ഇറങ്ങാന്‍ പോലും മടിച്ചാണ് ഇപ്പോള്‍ ഈ മധ്യവയസ്കന്‍ ജീവിക്കുന്നത്.
Read More : ആരോഗ്യവാർത്തകൾ