കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍തന്നെ ആളുകള്‍ക്ക് ഭയമാണ്. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചുവെന്നു പറഞ്ഞാലും കാന്‍സറിനെ ഭീതിയോടെ കാണാനേ സാധിക്കുന്നുള്ളൂ. എല്ലാ കാന്‍സറും അപകടകാരികള്‍ തന്നെയാണ്. സ്കിന്‍ കാന്‍സര്‍ അഥവാ ചർമാർബുദവും ഇതുപോലെ തന്നെയാണ്.
എന്താണ് ചർമാർബുദം?
മെയ് മാസം ചർമാർബുദ ബോധവത്കരണമാസമായാണ് ആചരിക്കുന്നത്. ചർമാർബുദത്തി ല്‍ഏറ്റവും അപകടകാരി മെലനോമയാണ്. എത്രയും നേരത്തെ കണ്ടെത്തിയാല്‍ അത്രയും വേഗം രോഗം സുഖപ്പെടുത്താം എന്നതാണ് കാന്‍സറിന്റെ പ്രത്യേകത. സ്വന്തം ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധയോടെ നോക്കികാണുക എന്നതാണ് ചർമാർബുദം കണ്ടെത്താനുള്ള പ്രാരംഭനടപടി. വേഗത്തില്‍ വളരുന്ന മറുകുകള്‍, പാടുകള്‍ എന്നിവ കണ്ടാല്‍ ഉടനെ ഒരു ഡോക്ടറെ കാണിച്ചു ചികിത്സ തേടണം.
ഒരിക്കലും വിചാരിക്കാത്തെ ഇടങ്ങളിലാകും പലപ്പോഴും ചർമാർബുദം വരുന്നത്. ഉദാഹരണത്തിന് കണ്‍പോള, തലയോട്ടി, വിരലുകളുടെ ഇടഭാഗം, ചെവിയുടെ പിന്‍വശം എന്നിങ്ങനെ എവിടെ വേണമെങ്കിലും കാന്‍സര്‍ വരാം.
ചർമാർബുദത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഏഴ് ലക്ഷണങ്ങള്‍
പുതിയ മറുക്
ചര്‍മത്തിലെ കറുത്ത കുത്തുകളും ഇത്തരത്തില്‍ പ്രധാനപ്പെട്ടതാണ്. ക്രമാതീതമായ തോതില്‍ ഇവയുടെ എണ്ണം പെരുകുന്നതും വലുതാവുന്നതും ശ്രദ്ധിക്കണം. പെട്ടെന്ന് ഇവ വളരുകയും മറ്റും ചെയ്യുന്നുണ്ടെങ്കില്‍ ഉടനടി ഒരു വിദഗ്ധ ഡോക്ടറെ കാണണം. ജനിക്കുമ്പോള്‍തന്നെ ഉള്ള മറുകുകള്‍ പോലും ചിലപ്പോള്‍ കാന്‍സര്‍ കോശമായി വളരാന്‍ സാധ്യതയുണ്ട്.
നഖത്തിലെ പാടുകള്‍
നഖത്തില്‍ കാന്‍സര്‍ വരുമെന്ന് ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ ഇതിനും സാധ്യതയുണ്ട്. ഗായകന്‍ ബോബ് മാര്‍ലി മരിച്ചത് Acral lentiginous melanoma മൂലമാണ്. കാല്‍നഖത്തിലെ ഒരു പാടാണ് അദേഹത്തിന് ആദ്യം ഉണ്ടായ ലക്ഷണം. 36–ാം വയസ്സില്‍ ഇത് കരളിനെ വരെ ബാധിച്ചു. പലപ്പോഴും നഖത്തിലെ കറുത്ത പാടുകള്‍ രക്തം കട്ട പിടിച്ചു കിടക്കുന്നതായി തെറ്റിദ്ധരിക്കാറുണ്ട്. ഇത് അപകടമാണ്.
കാഴ്ച പ്രശ്നം
ഇതും ഒരു ലക്ഷണമാണ്. മെലനോമ കണ്ണിനെ ബാധിക്കും. ശരീരത്തില്‍ ഉണ്ടാകുന്ന മറുക് പോലെ തന്നെ കണ്ണിലെ കറുപ്പിനുള്ളില്‍ മറുക് വരും. ഡോക്ടറുടെ വിദഗ്ധപരിശോധനയിലൂടെ മാത്രമേ ഇത് കണ്ടെത്താന്‍ കഴിയൂ.
മാറാത്ത മുഖക്കുരു
മുഖക്കുരു എല്ലാവർക്കും ഉണ്ടാകും. എന്നാല്‍ ഒരുപാട് നാളായി മാറാത്ത മുഖക്കുരു ഉണ്ടോ? എങ്കില്‍ സൂക്ഷിക്കണം. അതുപോലെ ഒരേ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും കുരു വരിക .അതിനുള്ളില്‍ പഴുപ്പ് ഇല്ലാതെ കാണപ്പെടുക എന്നതൊക്കെ ശ്രദ്ധിക്കാം.
കാല്‍വെള്ളയില്‍ പാട്
കയ്യിലെയോ കാലിലെയോ വെള്ളയില്‍ ഒരു പുതിയ പാട് ഉണ്ടായാല്‍ അതിനെ നിസ്സാരമായി കാണരുത്.
നീക്കം ചെയ്താലും കരുവാളിപ്പ് കാണുന്നുണ്ടോ
കറുത്ത മറുകുകള്‍ നീക്കം ചെയ്തിട്ടും അവിടെ പിന്നെയും കരിവാളിപ്പോ നിറം മാറ്റമോ കാണുന്നുണ്ടോ എങ്കില്‍ ഉടനെ വിദഗ്ധചികിത്സ നടത്തണം. ഇതിനു സമീപം ചെറിയ തടിപ്പുകള്‍ തോന്നിയാല്‍ അതും ശ്രദ്ധിക്കണം.
കവിളിനുള്ളില്‍ ഉണ്ടാകുന്ന പാടുകള്‍
വായ്ക്കുള്ളില്‍ കവിളില്‍ കറുത്ത പൊട്ടുകള്‍ കാണുന്നുണ്ടോ? അടിക്കടി വായില്‍ അള്‍സര്‍ ഉണ്ടാവുന്നതും അര്‍ബുദ ലക്ഷണങ്ങള്‍ തന്നെയാണ്. വയറ്റില്‍ കാന്‍സര്‍ കോശങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു എന്നതിന്റേയും പ്രധാന ലക്ഷണമാണ്. അതുപോലെ മൂക്കിനുള്ളില്‍ , യോനിയ്ക്കുള്ളില്‍ ഒക്കെ എന്തെങ്കിലും മറുകുകള്‍ കണ്ടാല്‍ ഉടനടി ഒരു വിദഗ്ധഡോക്ടറിന്റെ സേവനം തേടുക.
Read More : Health Tips