ഏറെ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള രോഗമാണ് ഫൈബ്രോമയാൾജിയ. വിദഗ്ധർ പോലും തിരിച്ചറിയാതെ പോകുന്ന രോഗം. തിരിച്ചറിയുന്നതോടെ ഇല്ലാത്ത രോഗമെന്നും മനസ്സിന്റെ തോന്നലാണെന്നും പറഞ്ഞുള്ള പഴിയും ശിക്ഷണങ്ങളും. കടുത്ത വേദനകൾക്കിയിലും ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ കൂടി ആകുന്നതോടെ രോഗി തളർന്നു പോകുമെന്നതിൽ സംശയമില്ല. പത്തുവർഷത്തോളം ആയുർവേദവും ഇല്ലാത്ത രോഗത്തിനുള്ള ചികിത്സകളുമെല്ലാം അനുഭവിക്കേണ്ടി വന്ന ഫൈബ്രോമയാൾജിയ രോഗത്തിന്റെ കാഠിന്യത്തിലൂടെ കടന്നു പോയ അതുല്യ കൃഷ്ണ എന്ന യുവതിയുടെ കുറിപ്പാണിത്. രോഗം തിരിച്ചറിയാതെ കഷ്ടപ്പെടുന്നവർക്കും ദുരിതത്തിലാകുന്നവർക്കും എവിടെ ചികിത്സ തേടണമെന്ന അങ്കലാപ്പിലുള്ളവർക്കും ഒരു കൈ സഹായമാവാൻ ഇതു സഹായിച്ചേക്കും. മേയ് 12 ആയിരുന്നു ലോക ഫൈബ്രാമയാൾജിയ ബോധവൽക്കരണ ദിനം.
അതുല്യ കൃഷ്ണയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണ രൂപം:
പതിവില്ലാത്ത അമ്പരപ്പും കൊണ്ടാണ് സഹപ്രവർത്തകന്റെ വിളി, കൊറേ ചോദ്യങ്ങൾ തലങ്ങും വിലങ്ങും:
നിനക്കു പണ്ട് നടക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോ?
വീൽ ചെയറിൽ ഒക്കെ കോളേജിൽ പോയോ?
അവർ ചോദിച്ചത് നിന്നെകുറിച്ചാണോ? അവർ പറയുന്നത് വേറെ അതുല്യ ആയിരിക്കും ലേ!
അല്ല. ഞാൻ തന്നെയാ എന്നു പറയുമ്പോൾ മനസ്സിൽ ഒത്തിരി ധൈര്യം. തിരിഞ്ഞു നോക്കുമ്പോൾ കണ്ണു നിറയുമെങ്കിലും പിന്നാലെയൊരു ചിരി കൂടി വരും.
ഇനിയും ആരെയും പറഞ്ഞു മനസ്സിലാക്കാനാവാത്ത വേദനകളുടെ ലോകം - ഫൈബ്രോമയാൽജിയ
ഒത്തിരി തെറ്റിദ്ധരിക്കപ്പെടുന്ന ഒരു അവസ്ഥ. പത്തു വർഷത്തോളം മറ്റൊരു രോഗമാണെന്നു കരുതി തെറ്റായി ചികിത്സ തുടർന്നു. ആദ്യത്തെ കണ്ടുപിടിത്തം ആമവാതം (Rheumatoid Arthritis) ആണെന്ന്, കേട്ടപാതി കേൾക്കാത്ത പാതി ആയുർവേദം മതി എന്നു കുടുംബക്കാരും അഭ്യുദയകാംക്ഷികളും കൂടിയങ്ങ് തീരുമാനിച്ചു.
ആദ്യം നേരിടേണ്ടി വന്നത് അസഹ്യമായ വേദനകൾ തന്നെ ആയിരുന്നു. വേദന ഇല്ലാതെ ഒരു നിമിഷം പോലും ഇല്ല. ഉറങ്ങാൻ ബുദ്ധിമുട്ട്, ഉറക്കം ശരിയാവാതെ തളർച്ചയിൽ തുടങ്ങുന്ന ഓരോ ദിവസങ്ങളും. ഇരിക്കുക, എണീക്കുക, നടക്കുക, ബ്രഷ് ചെയ്യുക, കുളിക്കുക, ഡ്രസ് ചെയ്യുക, എഴുതുക, യാത്ര ചെയ്യുക, ഭക്ഷണം കഴിക്കുക എല്ലാം വേദനിപ്പിക്കുക തന്നെ ചെയ്യും. ദേഹം മുഴുവൻ വേദന, ഓരോ ദിവസവും വ്യത്യസ്ത സ്വഭാവങ്ങൾ കാണിച്ചുകൊണ്ടിരുന്നു.
പിന്നീട് വന്ന അവസ്ഥയുടെ ഭീകരത ഓർക്കുമ്പോൾ വേദനകൾ ഒക്കെ പുല്ല് ആയിരുന്നു എന്നായി.
വേദനകൾ കാണാൻ പറ്റില്ലല്ലോ! അതിനാൽ തന്നെ ബുദ്ധിമുട്ടുകൾ മറ്റുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കികൊടുക സാധ്യമല്ലായിരുന്നു. വേദനയുംകൊണ്ടു സാധാരണ ആരോഗ്യമുള്ളവരെപ്പോലെ പെരുമാറാൻ നിർബന്ധിക്കപ്പെടുന്ന അവസ്‌ഥ. വേദനകളെ മടിയായും, ചുമ്മാ ചിന്തിച്ച് കൂട്ടുന്ന കാര്യങ്ങളായും വെറുതെ തോന്നുന്നതാണെന്നും ഒക്കെ കുറ്റപ്പെടുത്തുന്നത് കേട്ട് കുറഞ്ഞും കൂടിയും വരുന്ന വേദന മിണ്ടാതെയിരുന്നു സഹിക്കാനും തീരെ സഹിക്കാനാവാതെ കുറെ ദിവസങ്ങൾ നീണ്ടു നിൽക്കുമ്പോൾ അലറികരഞ്ഞു ഒരു പെയിൻ കില്ലെർ ഇഞ്ചക്ഷൻ എടുക്കാൻ കൊണ്ടുപോവാൻ ബഹളം ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട്. വേദന സഹിച്ചു പുളഞ്ഞു തലയിണയിൽ നനവ് പടർന്നു കിടക്കുമ്പോളും ചുറ്റിലും കുറ്റപ്പെടുത്തലുകൾ ആഞ്ഞടിച്ചു, രാവിലെ എണീറ്റ് വരില്ല, അടുക്കളയിൽ ഒന്നും ചെയ്ത് പഠിക്കുന്നില്ല, കോളേജിൽ പകുതി ദിവസം പോകുന്നില്ല, എന്താ എണീറ്റു വരാത്തത്, വയ്യാഞ്ഞിട്ടാകുമോ എന്നൊരിക്കലും വരാത്ത അന്വേഷണങ്ങൾക്ക് കാത്തിരുന്നിട്ടുണ്ട്.
വേദനകൾ കൂടുതൽ തോന്നുന്ന ദിവസങ്ങളിൽ ക്ലാസ്സിൽ പോകാൻ പേടിക്കും. അവിടെ പോയി നടക്കാൻ ബുദ്ധിമുട്ട് എന്നു പറഞ്ഞാൽ രാവിലെ സ്റ്റെപ് കേറി വന്നപ്പോ ഇല്ലാത്ത വേദന എന്താ ഇപ്പൊ എന്നാവും. ഇന്നലെ ഓടി നടന്നല്ലോ പിന്നെന്താ ഇന്ന് അസ്സൈന്മെന്റ്റ് എഴുതാൻ പറ്റായ്ക? എഴുതുമ്പോൾ ഉണ്ടാവുന്ന വേദന വേറെ രീതിയിൽ ആണ്, ഇന്നലെ ഓടി നടക്കാനായത് കഴിഞ്ഞ ഒരാഴ്ച റെസ്റ്റ് എടുത്തകൊണ്ട് ആണ് എന്നൊന്നും വിശദീകരിക്കാൻ അപ്പോ സാധിക്കാതെ ഒഴികിയിറങ്ങുന്ന കണ്ണുനീർ ഒളിപ്പിക്കാൻ പാടുപെട്ടിട്ടുണ്ട്. വേദന കൊണ്ട് ചെയ്യാൻ സാധിക്കുന്നില്ല എന്നൊരു ഒഴിവ്കഴിവ് പറയേണ്ടി വരുന്ന ഓരോ സാഹചര്യങ്ങളെയും ഒത്തിരി പേടിച്ചിരുന്നു.
വേദനകൾ ഡോക്ടർനോട് പറയുമ്പോൾ മരുന്ന് കഴിച്ചാൽ മാറിക്കോളും കുറച്ചു വേദനകൾ ഒക്കെ ഉണ്ടാവും, അതങ്ങ് സഹിക്കണം. ഒരുപാട് അന്വേഷിച്ചു വായിച്ചു സംശയങ്ങൾ ചോദിക്കാൻ നിക്കണ്ട, എനിക്കറിയാം ചികിൽസിക്കാൻ എന്ന മറുപടി. ഒരു പരിധി കഴിഞ്ഞപ്പോൾ പഠിക്കാൻ പോകാൻ കഴിയില്ല അതിനുള്ള അടവല്ലേ വേദന എന്നായി ഡോക്ടർ. അതുല്യ പറയുന്ന രീതിയിൽ ഉള്ള വേദനയൊന്നും ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ അല്ല എന്നായി അവസാനം. ഡോക്ടർനെ ചോദ്യം ചെയ്യരുത് എന്ന് ഉപദേശിച്ചു വീട്ടുകാരും.
പഠിക്കണം എന്നു സ്വന്തം ആഗ്രഹമായിരുന്നു. ഡിഗ്രി എങ്ങനെയോ തട്ടികൂട്ടി എടുത്തു. ആഗ്രഹിച്ച പോലെ പഠിക്കാൻ സാധിക്കാത്തകൊണ്ടു വീണ്ടും പഠിക്കാൻ ചേർന്നു. ഇത്തവണ എനിക് പഠിക്കണം, വേദന മാറുന്നില്ലെങ്കിൽ വേറെ ഡോക്ടർ കാണാൻ പോണമെന്നു പറഞ്ഞപ്പോൾ ഇപ്പോളത്തെ ഡോക്ടർ പറയാതെ പോവേണ്ട എന്ന നിലപാടിൽ നിന്ന വീട്ടുകാരും, ഇതൊക്കെ ഞാൻ യിപ്പോ ശരിയാക്കാം എന്ന മട്ടിൽ നിന്ന ഡോക്ടറൂം - പിന്നേം നരകം. അവസാനം വീണ്ടുമൊരു ആയുർവേദ ആശുപത്രിയിലേയ്ക്കു തന്നെ പറഞ്ഞു വിടാൻ ഡോക്ടർ തയ്യാറായി. അവിടെ പിന്നെ കുറച്ചു വർഷങ്ങൾ ചുറ്റിത്തിരിഞ്ഞു. വേദനകൾ കൂടെ നീരും. വണ്ണം കുറയ്ക് കല്യാണം ആലോചിക്കാൻ ഉള്ളതല്ലേ എന്നുപദേശിച്ചു കൊറേ ബന്ധുക്കളും.
തുടർച്ചയായി ഒരേ രീതിയിൽ ദിനചര്യകൾ പോവില്ല, വേദനയുടെ രീതി അനുസരിച്ചു ഓരോ ദിവസോം വ്യത്യസ്തമാവും രീതികൾ. അതിനാൽ തന്നെ ജോലി വിവാഹം പോലെയുള്ള ഉത്തരവാദിത്തങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നാലോചിക്കും മുൻപേ വിവാഹം ആലോചിച്ചുറപ്പിച്ചിരുന്നു കുടുംബത്തിൽ. ആരോഗ്യകാര്യങ്ങൾ സൂചിപ്പിച്ചു എങ്കിലും, അയ്യോ അഹ് കുട്ടിക്കു വാതം ആണ്. കുറച്ചു കാലം കൂടി എണീറ്റു നടക്കുള്ളൂ എന്നൊക്കെ കേട്ട് പേടിച്ച പയ്യന്റെ അച്ഛനോട് എന്റെ റിപ്പോർട്ട് കൊണ്ടുപോയി കാണിച്ചു നിങ്ങൾ ആരോട് വേണേലും അന്വേഷിച്ചോ എന്നു വിളിച്ചു പറയുമ്പോൾ, വിവാഹം പറഞ്ഞുറപ്പിച്ച സ്നേഹമുള്ള ബന്ധുക്കൾ മൗനവ്രതത്തിൽ ആയിരുന്നു.
ഒരു റിപ്പോർട്ടും കാണാതെ, കേരളത്തിലെ പ്രമുഖ ആയുർവേദ ഡോക്ടർമാർ വിധി എഴുതി, ആമവാതം ആണോ, കഴുത്തിൽ മൂർഖൻ പാമ്പിനെ ചുറ്റും പൊലെ ആണത്രേ. കൂടിപ്പോയാൽ ഏഴോ എട്ടോ വർഷം കൂടി എണീറ്റു നടന്നാലായി, കുട്ടികൾ ഉണ്ടാവില്ല. ഘോരഘോര അപ്രിയ സത്യങ്ങൾ കേട്ടു വിറച്ചു സ്വന്തം ഡോക്ടർ നെ കാണാൻ ഓടി, എന്തേ എന്റെ ആരോഗ്യ കാര്യങ്ങൾ എന്നോട് തുറന്നു പറഞ്ഞില്ല. ഇങ്ങനെ ഒക്കെ ഉണ്ടെങ്കിൽ അത് എന്നോട് പറയേണ്ടത് അല്ലെ എന്നു ചോദിച്ചപ്പോൾ:
അത് അതുല്യടെ രോഗം ആമവാതം തന്നെ ആണെന്ന് ഇപ്പോളും ഉറപ്പില്ല.
അപ്പൊ ഇത്രേം നാള് ചികിൽസിച്ചതോ?
അത് പിന്നെ ഒരു 80% ലക്ഷണങ്ങൾ നോക്കി അങ്ങു ചികിൽസിച്ചു. കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ ഒരു വാതരോഗ വിദഗ്ദ്ധനെ (Rheumatologist) കണ്ടോള്ളൂ. കണ്ണുനീർ മാറി തീ പാറി പിന്നെ അങ്ങോട്ട്.
അന്ന് ചികിത്സയെക്കാൾ ഇതിന്റെ ഒക്കെ അവബോധം എവിടെ കിട്ടും എന്നന്വേഷിച്ചാണ് പരക്കം പാഞ്ഞത്. വെപ്രാളപെട്ടു ഓടി Dr. Padmanabha Shenoy ടെ അടുത്ത് എത്തി. നേരെ കേറി വേദനയുടെ വിവരങ്ങൾ പറയും മുൻപേ, നിങ്ങൾ എന്താ കാര്യമായ അവബോധം ഉണ്ടാക്കുന്നില്ലാത്തെ ആളുകൾക്കിടയിൽ എന്നാക്രോശിക്കുകയായിരുന്നു.
നീ ഇങ്ങ് വാ, നമുക്ക് ചെയ്യാം എന്ന് പറഞ്ഞു ചിരിച്ചു. ആമവാതം അല്ല നിനക്ക് എന്നു രക്തപരിശോധനകൾക്ക് മുൻപ് തന്നെ ഉറപ്പ് നൽകിയെങ്കിലും എല്ലാ ടെസ്റ്റും നോർമൽ ആയി കണ്ടിട്ടേ ഞാൻ വിശ്വസിച്ചുള്ളൂ. ഒരിക്കലും ഭേദമാവില്ല എന്നൊരു രോഗാവസ്ഥയിൽ ജീവിക്കാൻ, ജീവിതകാലം മുഴുവൻ എന്തോക്കെ നേരിടേണ്ടി വരും എന്ന പേടിയിൽ ഓരോ ദിവസവും കഴിയേണ്ടി വരിക, അവസാനം അഹ് രോഗമല്ല എന്നറിഞ്ഞപ്പോൾ കിട്ടിയ ആശ്വാസം, പറന്നു നടക്കുന്ന പോലെ ആയി മനസ്സ്.
FMS(Fibromyalgia Syndrome) എന്നു ഡോക്ടർ പറഞ്ഞപ്പോളേ എനിക്കവളെ മനസ്സിലാവാൻ തുടങ്ങി. വേദന സംഹരികൾ എനിക് വേണ്ട എന്ന് ആദ്യമേ പറഞ്ഞു. ഒരാഴ്ച നീളുന്ന 2 ഫിസിയോതെറാപ്പി സെഷൻസ് ചെയ്തതല്ലാതെ വേറെ ഒരു ചികിത്സയും ചെയ്തിട്ടില്ല. മൂന്നു വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ. രോഗവസ്ഥയെ നന്നായി മനസ്സിലാക്കി പയ്യെ പയ്യെ കീഴടക്കി.
നിനക്കു ജീവിതത്തിൽ ഒന്നു നേടാനാവില്ല പറഞ്ഞു ഒഴിവാക്കി പോയവരോടും, നിനക്ക് മടിയാണെന്നു കുറ്റപ്പെടുത്തിയവരോടും രോഗവസ്ഥയുടെ ഒരു നിമിഷത്തിൽപ്പോലും എന്നെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും അഹ് കുട്ടിക്കു വാതമാണ്, തളർന്നു പോകും ഉടനെ എന്നു പ്രവചിച്ചവരോടും വയ്യാങ്കിൽ പഠിക്കാൻ വരാതെ വീട്ടിലെങ്ങാൻ ഇരുന്നൂടെ എന്നു ചോദിച്ചു വെറുപ്പിച്ച പ്രൊഫെസ്സർമാരോടും അഹങ്കാരത്തോടെ പറയട്ടെ : 'നന്ദി' ! നിങ്ങളോടുള്ള പ്രതികാരമാണ് എന്നെ പറക്കാൻ പഠിപ്പിച്ചത്.
കാറിൽ മാത്രം അപൂർവമായി ചെയ്തിരുന്ന യാത്രകൾ പയ്യെ ബസ്സിലും ട്രെയിനിലും പിന്നീട് കൂടെ ആരും ഇല്ലാതെയും തുടർന്ന് ഒരു യാത്ര സംബന്ധമായ ജോലിയിൽ വരെ എത്തിയതും ട്രെഡ് മിൽ സ്പീഡ് 2 ൽ നിന്നും 7 ലേക്ക് എത്തിയതും ഒരു റൂമിൽ നിന്നും അടുത്ത റൂമിലേക്ക് മാത്രം നടന്നിരുന്നത് 15km ട്രെക്കിങ്ങ് വരെയൊക്കെ എത്തിയതും ഇനിയൊരു നൂറു നൂറു കിലോമീറ്റർ സൈക്കിൾ യാത്രകളിലേക്ക് എത്താൻ പോകുന്നതും എല്ലാം അഹ് പ്രതികാരം തന്ന തീയിൽ നിന്നാണ്.
ഫൈബ്രോമയാൾജിയ ബുദ്ധിമുട്ടിക്കുന്നു എങ്കിൽ അതിനെ മനസ്സിലാക്കുക. വായിക്കുക, സമാനമായ രോഗവസ്ഥകൾ ഉള്ളവരോട് സംസാരിക്കുക. നിങ്ങളുടെ ഡോക്ടർക്ക് ഒരുപാട് വിശദീകരണം തന്ന് സഹായിക്കാനാവില്ല.
വേദനയുടെ ലോകത്തു ജീവിക്കുന്നവർ ചുറ്റിലും ഉള്ളവർക്കുള്ള താക്കീത്:
നിങ്ങളുടെ സഹതാപം നിറഞ്ഞ സാരമില്ല മാറിക്കോളും ഡയലോഗുകൾ അവർക്ക് ആവശ്യമില്ല. അവരുടെ രോഗാവസ്ഥ കൃത്യമായി അറിയില്ലങ്കിൽ ഒന്നും മിണ്ടാൻ ചെന്ന് ശല്യപ്പെടുത്തെ ഇരുന്ന് സഹകരിക്കുക. സഹായിക്കണം എന്നു ആത്മാർത്ഥമായി തോന്നിയാൽ വായിച്ചു രോഗവിവരങ്ങൾ വിശദമായി മനസ്സിലാക്കുക, ചുമ്മാ ഉപദേശിക്കാൻ വന്നു മെനക്കെടുത്തരുത്.
ഹാപ്പി ഫൈബ്രോമയാൾജിയ ഡേ !
Read More : Health Magazine