കുഞ്ഞുങ്ങളെ ഇങ്ങനെ മസാജ് ചെയ്യാമോ; ഈ വിഡിയോ കണ്ടാല്‍ ആരും പേടിക്കും

കൊച്ചു കുഞ്ഞുങ്ങളെ നന്നായി എണ്ണതേപ്പിച്ചു, ശരീരമൊക്കെ ഒന്നുഴിഞ്ഞു കുളിപ്പിക്കുന്നത് നമ്മുടെ നാട്ടിലെ പതിവാണ്. പല നാടുകളിലും ഇത് ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചെയ്യുന്ന പ്രവര്‍ത്തി തന്നെയാണ്. കുഞ്ഞിന്റെ കുഞ്ഞുദേഹം നല്ല പോലെ ഒന്ന് ഉറയ്ക്കാനും ശരീരത്തിന് ആയാസം വരുത്താനുമാണ് ഇതൊക്കെ ചെയ്യുന്നത്. 

എന്നാല്‍ കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ മസാജ് ചെയ്താലോ? ഈ വിഡിയോ ആദ്യമായി കാണുന്നവര്‍ അറിയാതെ  തലയില്‍ കൈവെച്ചു പോകും. കാരണം എട്ടും പൊട്ടും തിരിയാത്ത ഒരു പിഞ്ചു കുഞ്ഞിനെ കാലില്‍ പിടിച്ചു തൂക്കിയാണ് ഇവിടെ ഒരു സ്ത്രീ മസ്സാജ് ചെയ്യുന്നത്. ഖസാക്കിസ്ഥാനില്‍ നിന്നുള്ള ഒരു വിഡിയോയിലാണ് കാണുന്നവര്‍ക്ക് പേടി തോന്നുന്ന ഉഴിച്ചില്‍ ഉള്ളത്. 

ഒറിന്‍ബസര്‍നോവ എന്നൊരു സ്ത്രീയാണ് വിഡിയോയിലെ ഉഴിച്ചിലുകാരി. ഒരു പ്രൊഫഷണല്‍ ഉഴിച്ചിലുകാരി എന്നവകാശപ്പെടുന്ന ഇവര്‍ പറയുന്നത് തന്റെ ഈ പ്രവര്‍ത്തി കൊണ്ട് കുഞ്ഞുങ്ങള്‍ക്ക്‌ ഒരു ദോഷവും സംഭവിക്കില്ല, മറിച്ച് അവര്‍ക്ക് എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അതൊക്കെ മാറികിട്ടും എന്നാണ്.

ഉഴിച്ചില്‍ എങ്ങനെ നടത്തണമെന്ന് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സ്‌ എടുക്കുന്നതിനിടയിലാണ് ഈ വിഡിയോ എടുത്തിരിക്കുന്നത്.  3000 ഖസാക്കിസ്ഥാന്‍ പണമാണ് ഇതിനായി ഇവര്‍ ഓരോ മാതാപിതാക്കളില്‍ നിന്നും ഈടാക്കുന്നത്. അതും വെറും പതിനഞ്ചു മിനിറ്റ് നേരത്തേക്ക്. 

കുഞ്ഞിനെ കയ്യിലെടുത്ത ശേഷം കുഞ്ഞിന്റെ കാലുകള്‍ വേഗത്തില്‍ ഇവര്‍ അനക്കാന്‍ തുടങ്ങും. ശേഷം കുഞ്ഞിനെ കാലില്‍ പിടിച്ചു തലകീഴായി ആട്ടും. അതിനു ശേഷം കുഞ്ഞിന്റെ കയ്യും കാലുമെല്ലാം അതിവേഗം പിടിച്ചുയര്‍ത്തുകയും കറക്കുകയും ചെയ്യും. അതിനു ശേഷം കുഞ്ഞിന്റെ കവിളില്‍ പിടിച്ച ശേഷം ശരീരത്തിന്റെ മുഴുവന്‍ ഭാരവും കവിളില്‍ വരുന്ന പോലെ കുഞ്ഞിനെ മുന്നൂട്ടും പിന്നോട്ടും ചലിപ്പിക്കും. ഏറ്റവും ഭയപ്പെടുത്തുന്നത്‌ ഇതാണ്. 

വിഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ ഇവർക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. നവജാതശിശുക്കളുടെ ശരീരം ഒരുകാരണവശാലും ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്ന് എല്ലാവരും ഒരേപോലെ പറയുന്നു. കുഞ്ഞിന്റെ എല്ലുകള്‍ ഒടിയാന്‍ വരെ ഇത് കാരണമായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഏറ്റവും മൃദുവായ രീതിയിലാകണം എപ്പോഴും കുഞ്ഞുങ്ങളെ മസാജ് ചെയ്യേണ്ടത് എന്നാണു ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശം. ഒപ്പം കുഞ്ഞിനുപയോഗിക്കുന്ന എണ്ണ പോലും സൂക്ഷിച്ചു തിരഞ്ഞെടുക്കണം എന്നും ശിശുരോഗവിദഗ്ധര്‍ പറയുന്നുണ്ട്. ഈ അവസരത്തിലാണ് ഖസാക്കിസ്ഥാനില്‍ നിന്നുള്ള ഈ വിചിത്രവിഡിയോ പ്രചരിക്കുന്നത്. 

Read More : Health Tips