Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹരോഗികളിലെ വരെ മുറിവുണക്കുന്ന ബാൻഡിജുമായി എംജി സർവകലാശാല

bandage എംജിയിലെ ബയോഎൻജിനീയറിങ് റിസർച്ച് ലാബ്

കടുത്ത പ്രമേഹമുള്ളവരിൽ പോലുമുണ്ടാകുന്ന മുറിവുകൾ കരിക്കാനുള്ള ബാൻഡിജ് (bandage)– കോട്ടയത്ത് എംജി സർവകലാശാലയിലെ നാനോവിഭാഗത്തിനു കീഴിലുള്ള ബയോഎൻജിനീയറിങ് റിസർച്ച് സംഘത്തിന്റേതാണു കണ്ടുപിടിത്തം. 

ജീവകോശങ്ങളുമായി സഹകരിച്ചുപോകാനുള്ള പ്രാപ്തിയുള്ള പദാർഥങ്ങളാണ് ബയോ ആക്ടിവ് പദാർഥങ്ങൾ. മുറിവുകൾ കരിക്കുന്നതിൽ ഇവയെ ഉപയോഗിക്കാനുള്ള ഗവേഷണം നേരത്തേതന്നെ നടന്നുവന്നിരുന്നു. നാനോ പരിധിയിലുള്ള ഇത്തരം പദാർഥങ്ങൾ മുറിവു കരിക്കുന്നതിൽ സഹായകമാണെന്നു പരീക്ഷണശാലകളിൽ തെളിഞ്ഞതാണ്. ഇതിന്റെ ചുവടുപിടിച്ചാണ് സർവകലാശാലയിലെ നാനോ വിഭാഗം ഡയറക്ടകർ ഡോ. നന്ദകുമാർ കളരിക്കലിന്റെ നേതൃത്വത്തിൽ ഗവേഷണം നടന്നത്.

മനുഷ്യരുടെ ത്വക്കിനു സമാനമായ സ്തരം നിർമിക്കുകയാണ് ഇതിലെ ആദ്യ ഘട്ടം. പോളിമറുകൾ, പ്രോട്ടീനുകൾ‌ എന്നിവയുടെ മിശ്രണമായ നാനോ–ബയോ കോംപസിറ്റ് വസ്തുക്കൾ ഉപയോഗിച്ചാണ് സ്തരം നിർമിക്കുന്നത്. നാനോ ടെക്നോളജിയിലെ നൂതന ഉത്പാദന പ്രക്രിയകളായ സോൾവെന്റ് കാസ്റ്റിങ്, ഡിപ് കാസ്റ്റിങ് തുടങ്ങിയവ ഉപയോഗിച്ചാണ് സ്തരം സാധ്യമാക്കുന്നത്.

നമ്മൾ സാധാരണ കാണുന്ന ബാൻ‍ഡിജുകൾ ചതുരാകൃതിയോ ദീർഘചതുകരാകൃതിയോ ഉള്ളവയായിരിക്കും. എന്നാൽ ഇവരുടെ ബാൻഡിജ് മുറിവിന്റെ രൂപം അനുസരിച്ചു രൂപം മാറും. ഉദാഹരണമായി L രൂപത്തിലുള്ള മുറിവാണെങ്കിൽ അതേ രൂപത്തിൽ സ്തരം നിർ‌മിച്ചെടുക്കാം.

സ്തരം പൂർത്തിയായശേഷം ഇതു മുറിവിലേക്കുവയ്ക്കും. പതിയെ ശരീരം ഇതുവലിച്ചെടുക്കും. സ്തരത്തിനുള്ളിലുള്ള സിങ്ക് ഓക്സൈഡ്, ഫൈബ്രിൻ തുടങ്ങിയ രാസസംയുക്തങ്ങൾ മുറിവുണക്കും. മറ്റു ചികിൽസാരീതികളെക്കാൾ ചെലവും സമയവും ഇതിനു കുറവാണെന്നു ഗവേഷകർ പറയുന്നു. ശരീരം ഇവ പുറന്തള്ളാനുള്ള സാധ്യതയും വളരെക്കുറവ്.

ഡോ.ജി. പ്രവീൺ, ഡോ ജിയ ജോസ്, ബ്ലെസി ജോസഫ്, ഡോ. റോബിൻ എന്നിവരാണു ഗവേഷണസംഘത്തിൽ. മനുഷ്യരിൽ പരീക്ഷിക്കുന്നതിനുമുൻപുളള (പ്രീ ക്ലിനിക്കൽ) പരീക്ഷണങ്ങൾ നടക്കുകയാണിപ്പോൾ.

Read More : ആരോഗ്യവാർത്തകൾ