Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടറെ കാണാൻ ഇനി ക്യൂ നിൽക്കേണ്ട

medical-college-thiruvananthapuram

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടറെ കാണാൻ പുലരും മുൻപേ എത്തേണ്ടതില്ല, മണിക്കൂറുകളോളം ക്യൂ നിന്നു കുഴയേണ്ടതില്ല, കഴിഞ്ഞതവണ കണ്ട ഡോക്ടറെ വീണ്ടും കാണാനാകുമേ‌ായെന്ന ആശങ്കവേണ്ട. ആശുപത്രിയിലെ കൺസൾട്ടിങ് കാര്യങ്ങൾ ഒരുമാസത്തിനകം ഓൺലൈനായി മാറും. 

ഇ–ഹെൽത്ത് പദ്ധതി പ്രകാരമാണു മെഡിക്കൽ കോളജിലെ ഒപി സമ്പ്രദായം മാറുന്നത്. ഇപ്പോൾ സൂപ്പർ സ്പെഷ്യൽറ്റി വിഭാഗത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇന്റഗ്രേറ്റഡ് ക്യൂ മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ട്. ഇത് ആശുപത്രിയിലാകെ നടപ്പാകുന്നതോടെ ചികിൽസാ സംവിധാനം മുതൽ വാഹന പാർക്കിങ്ങിലെ തിരക്കുവരെയുള്ള കാര്യങ്ങളിൽ സമഗ്രമായ മാറ്റം ഉണ്ടാകും.

സംവിധാനം ഇങ്ങനെ:  

ഡോക്ടറെ കാണുമ്പോൾ വ്യക്തികളുടെ വിവരങ്ങൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തും. അടുത്തുവരേണ്ട സമയം മൊബൈൽ ഫോണിൽ എസ്എംഎസായി ലഭിക്കും. ഈ ദിവസവും സമയവും നോക്കി എത്തിയാൽമതി. ക്യൂവിൽ പത്തുപേരു പോലും കാണില്ല. സ്വസ്ഥമായി ഡോക്ടറെ കണ്ടുമടങ്ങാം. വീണ്ടും വരേണ്ടതുണ്ടെങ്കിൽ അതും എസ്എംഎസായി ലഭിക്കും. രോഗി ആദ്യം കണ്ട ഡോക്ടറെത്തന്നെ വീണ്ടും കാണാൻ സാധിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

മെഡിക്കൽ കോളജ് റഫറൽ ആശുപത്രിയായതിനാൽ മറ്റ് ആശുപത്രികളുമായി നെറ്റ്‌വർക്ക് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിനു പേരൂർക്കട ആശുപത്രിയിൽ ചികിൽസ തേടിയ രോഗിയെ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്യാൻ അവിടുത്തെ ഡോക്ടർ തീരുമാനിക്കും. ആ ഡോക്ടർക്കു തന്നെ ഓൺലൈൻ വഴി റഫർ ചെയ്യാം. രോഗി എപ്പോഴാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തേണ്ടതെന്നു രോഗിയുടെ തന്നെ മൊബൈലിലേക്ക് എസ്എംഎസ് വരും.  

നേരിട്ടുപോയി റജിസ്റ്റർ ചെയ്യുന്നതിനു പുറമെ ഓൺലൈനായും റജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കുന്നുണ്ട്. www.ehealth.kerala.gov.in എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാനാകും. ഇതിന് ആധാർ രേഖയിലെ വിവരങ്ങൾ നൽകണമെന്നു മാത്രം. വ്യാജ ബുക്കിങ് ഒഴിവാക്കാൻ വേണ്ടിയാണിത്.പദ്ധതി പൂർണമായി നടപ്പാക്കുന്നതോടെ മെഡിക്കൽ കോളജിനകത്തും പുറത്തുമുള്ള തിരക്കും പാർക്കിങ് പ്രശ്നങ്ങളും പരിഹരിക്കപ്പെടും. രാവിലെ തന്നെ രോഗികൾ കൂട്ടത്തോടെ വരുന്ന സ്ഥിതിയാണ് ഇപ്പോൾ. ഇനി നിശ്ചയിക്കപ്പെട്ട സമയത്ത് എത്തിയാൽ മതിയാകും. 

പിന്തുണ വേണമെന്ന് പ്രോജക്ട് ജോയിന്റ് ഡയറക്ടർ  

പദ്ധതിയുടെ പൂർണ വിജയത്തിനു രോഗികളുടെയും ബന്ധുക്കളുടെയും പൂർണ സഹകരണം വേണമെന്ന് ഇ–ഹെൽത്ത് കേരള പ്രോജക്ട് ജോയിന്റ് ഡയറക്ടർ ഡോ. സി.ജയൻ പറഞ്ഞു. ആദ്യഘട്ടത്തിൽ സാങ്കേതികമായ പ്രശ്നങ്ങൾ സംഭവിച്ചേക്കാം. പിഴവുകൾ പരിഹരിച്ചു പദ്ധതി മെച്ചപ്പെട്ട നിലയിൽ നടത്താനാണു പൊതുപിന്തുണ വേണ്ടത്. പ്രാരംഭ പ്രവർത്തനത്തിലെ കുറവുകൾ തിരുത്തിക്കഴിഞ്ഞാൽ പിന്നീടു പ്രതിസന്ധി ഉണ്ടാകില്ല. ചില ദിവസങ്ങളിൽ നാലായിരത്തോളം രോഗികൾ എത്താറുണ്ട്. എല്ലാവരെയും വേണ്ടത്ര സമയമെടുത്തു ഡോക്ടർമാർക്കു പരിശോധിക്കാനാകുന്നില്ലെന്ന പരാതിയുണ്ട്. പദ്ധതി നടപ്പാകുന്നതോടെ ഡോക്ടർമാർക്ക് ഒരു ദിവസം കാണേണ്ട രോഗികളെ കൃത്യമായി കണക്കാക്കാനാകും. ഇനി രോഗാവസ്ഥകൂടി പരിഗണിച്ചു കൺസൽറ്റിങ് സമയം നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Read More : Health News