Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോളജ് ആശുപത്രി ലാബിലെ തെറ്റായ രക്തഗ്രൂപ്പ് നിർണയം: അന്വേഷണം തുടങ്ങി

blood-test

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എസിആർ ലാബിൽ (അഡ്വാൻസ്ഡ് റിസർച് ക്ലിനിക്കൽ ലാബ്)  രക്ത പരിശോധനയിൽ ഗുരുതര പിഴവു സംഭവിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്നു കെഎച്ച്ആർഡബ്ല്യുഎസ് ഡയറക്ടർ അശോക് ലാൽ അറിയിച്ചു. തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയ പട്ടം സ്വദേശിനിയായ സ്ത്രീയുടെ രക്ത ഗ്രൂപ്പ് തെറ്റായി നിർണയിച്ചതിനെക്കുറിച്ചാണ് അന്വേഷണം.

എ പോസിറ്റീവ് ഗ്രൂപ്പ് രക്തമുള്ള രോഗിയുടെ പരിശോധനാഫലം ബി പോസിറ്റീവായി. ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്നു രക്തം വീണ്ടും പരിശോധിച്ചപ്പോഴാണ് എ പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. ശസ്ത്രക്രിയാ വേളയിൽ തെറ്റായ ഗ്രൂപ്പിലെ രക്തം നൽകിയിരുന്നെങ്കിൽ അതു രോഗിയുടെ മരണത്തിനുതന്നെ വഴിവച്ചേനെ എന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം. 

മികച്ച നിലവാരത്തിലുള്ള ലാബ് പ്രവർത്തിപ്പിക്കുന്നതിനും പരിശോധനാഫലങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അന്തിമഫലം നിർണയിക്കുന്നതിനും മതിയായ യോഗ്യതയുള്ളവർ ഇല്ലാത്തതാണ് ഏറെ പ്രശ്നങ്ങൾക്കു കാരണമത്രേ. ലാബിന്റെ ദയനീയാവസ്ഥ കാരണം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തന്നെ എസിആർ ലാബിലേക്കു റഫർ ചെയ്യാതായി. 

ലാബിലെ പ്രവർത്തനങ്ങൾക്കു പത്തോളജി ഡോക്ടർമാരെയാണു സാധാരണയായി ഉന്നത തസ്തികയിൽ നിയമിക്കുന്നത്.  അതില്ല. കുടാതെ സയന്റിഫിക് ഓഫിസർ, ബിഎസ്‌സി– എംഎൽടി ബിരുദമുള്ള ചീഫ് ടെക്നിക്കൽ ഓഫിസർ മുതലായ ഉദ്യോഗസ്ഥരും ഇല്ല. വൈദഗ്ധ്യമില്ലാത്തവരുടെ കൈകൾ രോഗികളുടെ ജീവിതം പന്താടുകയാണ്. 

ഇപ്പോൾ പരിശോധനാഫലങ്ങളുടെ അവസാന വാക്ക് ചീഫ് ടെക്നിക്കൽ ഓഫിസറുടേതാണ്. പത്തോളജിസ്റ്റിന്റെയും നിരീക്ഷണങ്ങൾക്കു ശേഷം മാത്രമാണു രോഗികൾക്കു പരിശോധനാഫലത്തിൽ അന്തിമ തീർപ്പു നൽകേണ്ടത്. 

അമോണിയ ടെസ്റ്റ് ഉൾപ്പെടെ പല പ്രധാന പരിശോധനകൾക്കും ആവശ്യമായ കെമിക്കലുകൾ ഇല്ലാത്തതിനാൽ രോഗികൾ വൻ തുക നൽകി സമീപത്തെ സ്വകാര്യ ലാബിനെ ആശ്രയിക്കുകയാണ്. മാസങ്ങൾക്കു മുമ്പ് എസിആർ ലാബിലെ വരുമാനം പ്രതിമാസം ഒന്നര കോടി രൂപയായിരുന്നുവെങ്കിൽ ഇന്നതു പകുതിയിൽ താഴെയായി.

Read More : ആരോഗ്യവാർത്തകൾ