Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറിക് ആസിഡ് കൂടാനുള്ള കാരണങ്ങൾ?

537115731

ശരീരത്തിലെ കോശങ്ങളിലെ ഡി. എൻ. എ. യുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിന്‍. കോശങ്ങൾ നശിക്കുമ്പോള്‍ അതിലെ പ്യൂരിൻ വിഘടിച്ചാണ് പ്രധാനമായും ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാവുന്നത്. കൂടാതെ നമ്മൾ കഴിക്കുന്ന ആഹാരത്തിലെ (ഉദാ: മാംസം, മത്സ്യങ്ങൾ, മദ്യം തുടങ്ങിയവ) പ്രോട്ടീൻ വിഘടിച്ചു പ്യൂരിൻ ഉണ്ടാവുകയും അതിൽ നിന്നും ധാരാളമായി യൂറിക് ആസിഡ് ശരീരത്തിൽ ഉണ്ടാവുകയും ചെയ്യുന്നു.

സാധാരണയായി പുരുഷന്മാരിൽ മൂന്നു മുതൽ ഏഴു വരെ mg/dl യൂറിക് ആസിഡ് ആണു കാണാറുള്ളത്. എന്നാൽ സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കുറവായിരിക്കും (2.4–6 mg/dl). ആർത്തവം ഉള്ള സ്ത്രീകളിൽ യൂറിക് ആസിഡ് ഉയരാതെ കാക്കുന്നത് അവരിലുള്ള ഈസ്ട്രജൻ എന്ന ഹോർമോൺ ആണ്. ഈ ഹോർമോണിന് യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവുണ്ട്. യൂറിക് ആസിഡ് എഴുപതു ശതമാനവും മൂത്രത്തിൽ കൂടിയും ബാക്കി മുപ്പതു ശതമാനം മലത്തിലൂടെയും പുറംതള്ളപ്പെടുന്നു. യൂറിക് ആസിഡ് പുറന്തള്ളാതെ ശേഷിച്ചാൽ അവ ശരീരത്തിൽ അടിഞ്ഞു കൂടാൻ തുടങ്ങും.

സന്ധികളിലുണ്ടാകുന്ന അസഹനീയ വേദനയാണ് യൂറിക് ആസിഡ് കൂടുന്നതിന്റെ പ്രധാന ലക്ഷണം. ഇത് ഗൗട്ട്, റുമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയിലേക്കു വഴിവയ്ക്കുന്നു. ലിംഫോമ, ലുക്കീമിയ തുടങ്ങിയ അർബുദരോഗങ്ങളുടെ ചികിത്സയെ തുടർന്ന് അർബുദകോശങ്ങൾ പെട്ടെന്നു നശിക്കുമ്പോഴും അതികഠിനമായ വ്യായാമശീലത്തെ തുടർന്നും അപസ്മാരബാധയെ തുടര്‍ന്നും യൂറിക് ആസിഡ് അനിയന്ത്രിതമായി ഉയരാം. യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല് (Kidney Stone), വൃക്കസ്തംഭനം (Kidney Failure) എന്നീ സങ്കീർണ പ്രശ്നങ്ങൾ ഉണ്ടാകാം. 

യൂറിക് ആസിഡ് ശരീരത്തിൽ കൂടുതലായി കാണപ്പെടുന്നതു പ്രധാനമായും മൂന്നു കാരണങ്ങൾ കൊണ്ടാണ്.

∙ കോശങ്ങൾ നശിക്കുമ്പോള്‍ ഉണ്ടാകുന്ന പ്യൂരിന്‍ വിഘടിച്ച് ഉണ്ടാകുന്നത് യൂറിക് ആസിഡ് ആണ്. ഗൗട്ട് രോഗികളിൽ മൂന്നിൽ രണ്ടു ഭാഗവും ഈ വിഭാഗത്തില്‍ പെടുന്നു. സോറിയാസിസ്, ലുക്കീമിയ, അര്‍ബുദ ചികിത്സയുടെ പ്രതിപ്രവർത്തനം എന്നിവ മൂലമാണ് പ്രധാനമായും ഇതു സംഭവിക്കുന്നത്.

∙ ആഹാരം: മാംസം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, അമിതമായിട്ടുള്ള ഭക്ഷണം, മദ്യം എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്യൂരിൻ വിഘടിക്കുമ്പോൾ.

∙ ദീർഘകാല വൃക്കാരോഗങ്ങൾ, വൃക്കാസ്തംഭനം എന്നീ രോഗങ്ങൾ കാരണം രക്തത്തിലുള്ള യൂറിക് ആസിഡ് പുറംതള്ളാൻ സാധിക്കാതെ വരുമ്പോള്‍.

തൈറോയ്ഡിന്റെ പ്രവർത്തനം മന്ദിക്കുക, പാരാതൈറോയ്ഡ് അമിതമായി പ്രവര്‍ത്തിക്കുക, പൊണ്ണത്തടി, ഹൈപ്പർ ടെൻഷൻ, ഡൈയൂറിറ്റിക്സിന്റെ അമിത ഉപയോഗം, ശരീരത്തില്‍ നിന്നും അമിതമായി ജലം പുറത്തുപോവുക. കൊഴുപ്പ് രക്തത്തിൽ അമിതമായി കൂടുക എന്നിവ കാരണങ്ങളായി പറയപ്പെടുന്നു.

രക്താർബുദമുള്ള രോഗികളിൽ 60%-70% ത്തിലും യൂറിക് ആസിഡ് ലെവൽ വളരെയധികം ഉയർന്ന തോതിൽ ആയിരിക്കും. ഈ രോഗികളിൽ കോശങ്ങളിലുണ്ടാകുന്ന വളരെ വേഗത്തിലുള്ള പരിണാമത്തിന്റെ ഭാഗമായി യൂറിക് ആസിഡ് അമിതമായി ഉത്പാദിക്കപ്പെടുന്നു. സോറിയാസിസ് രോഗികളിൽ 70% വരെ യൂറിക് ആസിഡിന്റെ അളവ് കൂടുതലായിരിക്കും.

Read More : ആരോഗ്യവാർത്തകൾ