ദിവസം ഏഴുമണിക്കൂർ ഉറങ്ങുന്നത് ഹൃദയത്തെ ചെറുപ്പമാക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷകർ. രാത്രി ഏഴുമണിക്കൂർ ഉറങ്ങുന്ന മുതിർന്നവരിൽ ‘ഹാര്‍ട്ട് ഏജ്’ വളരെ കുറവാണെന്ന് പഠനം പറയുന്നു.
ഉറക്കസമയം ഏഴുമണിക്കൂറിൽ കുറയുന്നതും കൂടുന്നതും ഹൃദയത്തിന്റെ പ്രായം കൂട്ടും. ഏറ്റവും കുറച്ചു സമയം ഉറങ്ങുന്നവരുടെ ‘ഹാർട്ട് ഏജ്’ ആണ് ഏറ്റവും കൂടുതൽ.
ഉറക്കസമയവും ഹൃദയത്തിന്റെ പ്രായവും തമ്മിലുള്ള ഈ ബന്ധം ഹൃദയാരോഗ്യവും ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യതയും മനസ്സിലാക്കാൻ സഹായിക്കുമെന്ന് യുഎസിലെ ജോർജിയയിലെ എമോറി സർവകലാശാലയിലെ ജൂലിയ ഡേമർ പറയുന്നു.
30 മുതൽ 74 വയസ്സു വരെ പ്രായമുള്ള 12775 പേരിൽ നടത്തിയ ഈ പഠനം സ്‌ലീപ്പ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉറങ്ങുന്ന സമയം അനുസരിച്ച് പഠനത്തിൽ പങ്കെടുത്തവരെ അഞ്ചു വിഭാഗങ്ങളിലായി തിരിച്ചു. അഞ്ചുമണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്നവർ, ആറു മണിക്കൂർ ഉറങ്ങുന്നവർ, ഏഴു മണിക്കൂർ, എട്ടു മണിക്കൂർ, ഒൻപതു മണിക്കൂറോ അതിൽ കൂടുതലോ ഉറങ്ങുന്നവർ എന്നിങ്ങനെയാണ് വിഭജിച്ചത്. ഓരോ വ്യക്തിയുടെയും ഹാർട്ട് ഏജ് കണക്കാക്കാൻ ഫ്രാമിങ്ഘാം ഹാർട്ട് ഏജ് അൽഗോരിതം ഉപയോഗിച്ചു.
24 മണിക്കൂര്‍ കാലയളവിൽ ഏഴു മണിക്കൂർ ഉറങ്ങുന്നവരിൽ ഹാർട്ട് ഏജ് ഏറ്റവും കുറവ് ആണെന്നു കണ്ടു. മതിയായി ഉറക്കം ലഭിക്കാത്തവർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾക്കും കൊറോണറി ഹാർട്ട് ഡിസീസിനും ഉള്ള സാധ്യത കൂടുതലാണെന്ന് പ്രായം, ശരീരഭാരം, പുകവലി, വ്യായാമം ഇതൊന്നും ബാധകമല്ലെന്നുമാണ് യുഎസിലെ നാഷണൽ സ്‌ലീപ് ഫൗണ്ടേഷൻ പറയുന്നത്.
ഉറക്കം കുറയുന്നത് ഗ്ലൂക്കോസ് മെറ്റബോളിസം, രക്തസമ്മർദം , ഇൻഫ്ലമേഷൻ ഇവയ്ക്കൊക്കെ കാരണമാകും. അതുപോലെതന്നെ അമിതമായി ഉറങ്ങുന്നതും അനാരോഗ്യത്തെ ക്ഷണിച്ചു വരുത്തലാകും.
Read More : Health News