പി കേശവദേവ് ഡയാബ്സ്ക്രീൻ പുരസ്കാരം മോഹൻലാലിന്

Image courtesy: Facebook

പതിനാലാമത് പി കേശവദേവ് ഡയാബ്സ്ക്രീൻ പുരസ്കാരം നടൻ മോഹൻലാലിന്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ രോഗങ്ങളെ അകറ്റിനർത്തുവാൻ നടത്തിയ പ്രവർത്തനങ്ങൾ, സന്ദേശങ്ങൾ‍, സിനിമ അഭിനയത്തിലൂടെയും വിഡിയോകളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങൾക്കിടയിൽ നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് മോഹൻലാലിനെ തിരഞ്ഞെടുത്തത്. പ്രമേഹബോധവത്കരണത്തിനായി കേശവദേവ് ട്രസ്റ്റ് നിർമിച്ച ഡയബറ്റിസ് ചാറ്റ് എന്ന വിഡിയോയിലൂടെ പ്രമേഹരോഗ നിയന്ത്രണത്തിനു വേണ്ട നിർദേശങ്ങളും അദ്ദേഹം നൽകിയിരുന്നു.

മോഹൻലാൽ നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും ശ്രദ്ധേയമാണെന്ന് കോശവദേവ് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. അനാഥരും വാർധക്യത്തിൽ ഉപേക്ഷിക്കപ്പെട്ടവരുമായ അമ്മമാരെ അവരുടെ ചെലവുകളും ഡയാലിസിസ് ഉൾപ്പടെയുള്ള ആരോഗ്യകാര്യങ്ങളും ഏറ്റെടുത്ത് തൃശൂർ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിൽ സംരക്ഷിക്കുന്നുണ്ട്. നേത്രദാനം, രക്തദാനം, അവയവദാനം തുടങ്ങിയ കാംപയിനുകൾക്കു പുറമേ മരണശേഷം എല്ലാ അവയവങ്ങളും ദാനം ചെയ്തുകൊണ്ടുള്ള സമ്മതപത്രത്തിൽ ഒപ്പുവച്ചും ജനങ്ങൾക്ക് മാതൃകയായി. കൂടാതെ കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ സാനിധ്യമുണ്ട്. 

കാൻസർ ബോധവൽക്കരണ പരിപാടികളും ആർസിസി കേന്ദ്രീകരിച്ചു നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളും ശുചിത്വകേരളമിഷൻ കാംപയിൻ , ലഹരിവിരുദ്ധ കാംപയിൻ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ  എന്നിവയും പ്രശംസനീയമാണ്. 

കേശവദേവ് സാഹിത്യപുരസ്കാരം കവിയും മാധ്യമപ്രവർത്തകനുമായ പ്രഭാവർമയ്ക്കാണ്. 

Read More : Health News