കുഞ്ഞ് ബട്ടൻ ബാറ്ററി വിഴുങ്ങിയോ? എങ്കില്‍ തേനിനു സഹായിക്കാന്‍ കഴിയും

കുഞ്ഞുങ്ങള്‍ കളിക്കിടയില്‍ ബട്ടന്‍ ബാറ്ററി വിഴുങ്ങിയ സംഭവങ്ങള്‍ അനവധിയാണ്. പലപ്പോഴും ഇതു മാതാപിതാക്കള്‍ അറിയാതിരിക്കുകയും ബാറ്ററി കുഞ്ഞുങ്ങളുടെ വയറ്റില്‍ കിടന്ന് ഒടുവില്‍ ആന്തരികരക്തസ്രാവം സംഭവിച്ചു മരിക്കുകയും ചെയ്ത സംഭവങ്ങള്‍ വരെയുണ്ട്. എന്നാല്‍ ഇതിനൊരു പ്രകൃതിദത്തമായ പ്രതിവിധിയുണ്ട്. മറ്റൊന്നുമല്ല, നല്ല തേന്‍.

അമേരിക്കയില്‍ മാത്രം ഒരു വർഷം 2,500 ഓളം കേസുകളാണ് കുഞ്ഞുങ്ങള്‍ ബാറ്ററി വിഴുങ്ങിയതുമായി ബന്ധപ്പെട്ടു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അത്യധികം ആപത്കരമാണ് ഇതെന്നു ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. ബാറ്ററി വിഴുങ്ങി രണ്ടു മണിക്കൂറിനകം കുഞ്ഞ് അപകടനിലയിലാകും. ആ രണ്ടു മണിക്കൂറാണ് ഇവിടെ നിര്‍ണായകം. കുഞ്ഞിന്റെ അന്നനാളത്തില്‍ പരുക്കുകള്‍ സംഭവിക്കുന്നതിനു മുന്‍പ് ഇതു നീക്കം ചെയ്യണം.

ബട്ടന്‍ ബാറ്ററിയുടെ വളരെ ചെറിയ സൈസും അതിന്റെ മിനുസമുള്ള പ്രതലവും കുഞ്ഞുങ്ങളെ അതു കഴിക്കാന്‍ പ്രേരിപ്പിക്കും. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധ ചെലുത്തണം. വായിലെ തുപ്പലും അന്നനാളത്തിലെ ടിഷ്യൂവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇത് ഹൈഡ്രോക്സൈഡ് അടങ്ങിയ ഒരു ആല്‍ക്കലൈന്‍ സോലുഷന്‍ ഉണ്ടാക്കും. ഇത് കോശങ്ങളെ അലിയിച്ചുകളയാൻ തക്ക അപകടകാരിയാണ്. ഇതുമൂലം കുഞ്ഞിന്റെ അന്നനാളത്തിനു സാരമായ പരിക്ക് സംഭവിക്കും.

പലപ്പോഴും കുട്ടികള്‍ ബാറ്ററി വിഴുങ്ങിയെന്ന് മാതാപിതാക്കള്‍ക്ക് അറിയാന്‍ സാധിക്കില്ല. കടുത്ത ചുമ, പനി, ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസം എടുക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം എന്നിവയാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങള്‍. വൈകാതെ ഇതുമൂലം അന്നനാളത്തില്‍ തുളവീഴുക, സംസാരവൈകല്യം ഉണ്ടാകുക, പ്രധാനരക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുക എന്നിങ്ങനെയുള്ള അപകടങ്ങള്‍ സംഭവിക്കാം. കുഞ്ഞിന്റെ ഉള്ളില്‍ ബാറ്ററി എത്ര നേരം കിടക്കുന്നുവോ അത്രയും അപകടത്തിന്റെ തോതും വര്‍ധിക്കും. നല്ലൊരു എൻഡോസ്കോപിസ്റ്റിന്റെ സഹായത്തോടെ മാത്രമേ ഇതു നീക്കം ചെയ്യാന്‍ സാധിക്കൂ. 

എന്നാല്‍ അടുത്തിടെ ഒരു സംഘം ഗവേഷകര്‍ ഇതിനു വീട്ടില്‍തന്നെ ഉടനടി ചെയ്യാന്‍ സാധിക്കുന്ന പ്രതിവിധികളെ കുറിച്ചൊരു പഠനം നടത്തി. നിരവധി വസ്തുക്കളില്‍ നടത്തിയ പഠനത്തിലൂടെയാണ് തേനിന്റെ ഈ ഗുണം ഇവര്‍ കണ്ടെത്തുന്നത്.

കുഞ്ഞ് ബട്ടന്‍ ബാറ്ററി വിഴുങ്ങിയെന്നു തോന്നിയാല്‍ ഉടന്‍ അവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുൻപായി ഇടയ്ക്കിടെ അവര്‍ക്ക് തേന്‍ കുടിക്കാന്‍ കൊടുക്കണമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു. 

ആശുപത്രിയില്‍ എത്തിക്കഴിഞ്ഞാല്‍ ഒരു ഡോക്ടറുടെ നേതൃത്വത്തില്‍ sucralfate നല്‍കാവുന്നതാണ്.

എന്നാല്‍ അന്നനാളത്തില്‍ തുള വീണിട്ടുണ്ടോ എന്ന് ഡോക്ടര്‍ക്ക്‌ സംശയം തോന്നുന്ന സാഹചര്യത്തില്‍ ഇവ നല്‍കുമ്പോള്‍ അൽപം ശ്രദ്ധിക്കണമെന്നും ഗവേഷകര്‍ പറയുന്നു. എന്തായാലും തേനിന്റെ ഈ അദ്ഭുതഗുണം ഒരുപാടു പേര്‍ക്ക് ഗുണകരമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്രയധികം അപകടസാധ്യതയുള്ള ബട്ടൻ ബാറ്ററികള്‍ ഒരിക്കലും ശ്രദ്ധ ഇല്ലാതെ വീടുകളില്‍ വയ്ക്കാന്‍ പാടില്ലെന്നും ഡോക്ടര്‍മാര്‍ കര്‍ശനനിര്‍ദേശം നല്‍കുന്നു.

Read More : Health Tips