ജീവിതത്തിൽ ആശയറ്റു നിന്ന തൊടുപുഴ സ്വദേശിനിയായ ചിന്നമ്മ തോമസിന് ഇത് പുനർജന്മം.ആരോഗ്യസ്ഥിതി വഷളായ ചിന്നമ്മ തോമസിനെ രാജഗിരിയിൽ എത്തിക്കുമ്പോൾ ബന്ധുക്കൾക്കും റഫർ ചെയ്ത ഡോക്ടർമാർക്കും രോഗാവസ്ഥയെക്കുറിച്ച് അവ്യക്തതയും ആശങ്കയും ആയിരുന്നു.കാൻസറെന്നു കരുതിയ ശ്വാസകോശത്തിലെ മുഴ വിദഗ്ധ പരിശോധനയിൽ തൊണ്ടയിൽ കുരുങ്ങിയ ഭക്ഷണപദാർഥം മാത്രമായി മാറി. ആലുവ രാജഗിരി ആശുപത്രിയിലെ പരിശോധനയിലാണ് ശ്വാസകോശത്തിൽ കുടുങ്ങിയ ഭക്ഷണപദാർഥങ്ങൾ നീക്കം ചെയ്തത്.
പരിശോധനകളിൽ ഇടതു ശ്വാസകോശം ചുരുങ്ങി പ്രവർത്തനക്ഷമമല്ലാത്ത അവസ്ഥയിലാണെന്നു മനസ്സിലായി. ശ്വാസതടസ്സം ഗുരുതരമായ രീതിയിൽ മൂർച്ഛിച്ചതിനാൽ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്നു കൃത്രിമ ശ്വാസക്കുഴലിലൂടെ ബ്രോങ്കോസ്‌കോപ് കടത്തി പരിശോധിച്ചപ്പോഴാണു പ്രധാന ശ്വാസനാളിയുടെ താഴ്ഭാഗം തൊട്ട് ഇടതു വശത്തെ ശ്വാസനാളത്തിൽ വരെ ഭക്ഷണപദാർഥങ്ങൾ കുടുങ്ങി ശ്വസനത്തിന് തടസ്സം സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തിയത്.
തുടർന്നു ഭക്ഷണപദാർഥങ്ങൾ വലിച്ചെടുത്തു തടസ്സം മാറ്റി. രാജഗിരി ആശുപത്രി ശ്വാസകോശ വിഭാഗം മേധാവി ഡോ. രാജേഷ് വെങ്കിടകൃഷ്ണന്റെ നേതൃത്വത്തിൽ ഡോ. ജ്യോത്സന അഗസ്റ്റിൻ, ഡോ. ആർ. ദിവ്യ, ഡോ. മെൽസി ക്ലീറ്റസ്, ഡോ. ജേക്കബ് വർഗീസ്, ഡോ. തേജസ് കലരികണ്ടി എന്നിവർ പങ്കാളികളായി.
Read More : Health Tips