Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൊണാലി ബേന്ദ്രയ്ക്ക് ബാധിച്ചത് മെറ്റാസ്റ്റാറ്റിക് കാന്‍സർ; രോഗം ഗുരുതരമോ?

sonali

ബോളിവുഡ് താരം സൊണാലി ബേന്ദ്രയ്ക്ക് കാന്‍സര്‍ ആണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ഇര്‍ഫാന്‍ ഖാന്‍ കാന്‍സര്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് സൊണാലിയും തനിക്ക് കാന്‍സര്‍ ആണെന്നു വെളിപ്പെടുത്തിയത്. താരംതന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ചത‌്.

‘ജീവിതം ചിലപ്പോൾ ഒരു പന്തുപോലെ നിങ്ങളെ തട്ടിത്തെറിപ്പിക്കും. ഈയിടെയാണ് ഞാന്‍ അറിഞ്ഞത് എനിക്കും കാൻസർ എന്ന മഹാരോഗം പിടിപെട്ടെന്നും അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണെന്നും. കഠിനമായ വേദന അനുഭവപ്പെട്ടപ്പോഴാണ് ചില പരിശോധനകൾ നടത്തിയത്. അപ്പോഴാണ് രോഗം അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞത്. എന്നാൽ ഞാൻ തളർന്നുപോയില്ല. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്കു ധൈര്യം തന്ന് കൂടെ നിന്നു. അവരൊക്കെ എന്റെ കൂടെയുള്ളതിനാൽ ഞാൻ ഭാഗ്യവതിയാണ്, ഓരോരുത്തർക്കും നന്ദി അറിയിക്കുന്നു’– സൊണാലി ട്വിറ്ററിൽ കുറിച്ചു. 

ഡോക്ടർമാരുടെ നിർദേശപ്രകാരം ന്യൂയോർക്കിൽ ചികിത്സയിലാണെന്നും ഓരോ ചുവടുവയ‌്പിലും കാൻസറിനെതിരെ പൊരുതാനാണ് തീരുമാനമെന്നും താരം കൂട്ടിച്ചേർത്തിരുന്നു. 

എന്താണ് സോണാലിയെ ബാധിച്ച കാന്‍സര്‍

കാന്‍സര്‍ എന്നത് ഒരുകൂട്ടം അര്‍ബുദരോഗങ്ങള്‍ക്ക് ഒന്നിച്ചു നല്‍കിയിരിക്കുന്ന പേരാണ്. ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് കാന്‍സര്‍ രോഗത്തിന്റെ തുടക്കം. തനിക്ക് മെറ്റാസ്റ്റാറ്റിക്ക് കാന്‍സര്‍ (Metastatic cancer ) ആണെന്നാണ്‌ സൊണാലി വെളിപ്പെടുത്തിയത്. 

കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിക്കുമ്പോഴാണ് അതിനെ മെറ്റാസ്റ്റാറ്റിക്ക് കാന്‍സര്‍ എന്നു പറയുന്നത്. കാന്‍സര്‍ തന്നെ നാലാം ഘട്ടത്തില്‍ എത്തുമ്പോള്‍ ഇങ്ങനെ പറയാറുണ്ട്‌. അതായത് അതിജീവനസാധ്യത ഉറപ്പു പറയാന്‍ കഴിയാത്ത അവസ്ഥ.

എങ്ങനെ ഉണ്ടാകുന്നു?

കാന്‍സര്‍ എന്തുകൊണ്ടു വരുന്നു എന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരം ശാസ്ത്രത്തിനു നല്‍കാന്‍ സാധിച്ചിട്ടില്ല. എങ്കിലും കാന്‍സര്‍ ഉണ്ടാകുന്ന ഭാഗത്തു നിന്നും  വ്യാപിച്ചു രക്തത്തിലൂടെയും കോശദ്രാവകത്തിലൂടെയും മറ്റ് അവയവങ്ങളിലേക്ക് പടരുകയും ചെയ്യുന്നു. ഇത് പല ഭാഗങ്ങളില്‍ അർബുദ കോശങ്ങൾ വളരാന്‍ കാരണമാകുന്നു. 

കാന്‍സര്‍ ടൈപ്പ്, അതിന്റെ ശക്തി എന്നിവ കണക്കിലെടുത്താണ് കാന്‍സര്‍ മെറ്റാസ്റ്റാറ്റിക്ക് ആണോ എന്നു പറയുന്നത്. പൊതുവേ ഇത് തലച്ചോർ‍, എല്ലുകള്‍, കരള്‍, കോശദ്രാവകം, ആമാശയം, ശ്വാസകോശം എന്നിവിടങ്ങളിലാണ് ആദ്യം തലപൊക്കുന്നത്. ഇവിടെ നിന്നാണ് പടര്‍ന്നു തുടങ്ങുന്നതും.

ലക്ഷണങ്ങള്‍ 

തലവേദന, ശരീരവേദന, കണ്ണിന്റെ കാഴ്ച കുറയുക, ചലിക്കാന്‍ ബുദ്ധിമുട്ടുകള്‍, ശ്വാസതടസ്സം എന്നിവയൊക്കെ ലക്ഷണങ്ങള്‍ ആണ്. കാന്‍സര്‍ ആദ്യഘട്ടത്തെ പോലെ തന്നെയാണ് മെറ്റാസ്റ്റാറ്റിക്ക് കാന്‍സറും. ഉദാഹരണത്തിന് ബ്രസ്റ്റ് കാന്‍സര്‍ കരളിലേക്കും എല്ലുകളിലേക്കും പടര്‍ന്നാല്‍ അതിനെ ഒരിക്കലും ബ്രസ്റ്റ് കാന്‍സര്‍ എന്നോ കരളിലെ കാന്‍സര്‍ എന്നോ അല്ല പറയുക മറിച്ചു മെറ്റാസ്റ്റാറ്റിക്ക്  കാന്‍സര്‍ എന്നാണ് വിളിക്കുന്നത്‌. എവിടെ നിന്നാണ് ഈ കാന്‍സര്‍ ആരംഭിച്ചതെന്നു കണ്ടെത്താന്‍ ഇന്ന് സാധ്യമാണ്. 

ചികിത്സ 

രോഗത്തിന്റെ ഗുരുതരാവസ്ഥയും എത്രത്തോളം പടര്‍ന്നു എന്നതൊക്കെ പരിഗണിച്ചാണ് ചികിത്സ. ഒപ്പം പ്രായവും കണക്കിലെടുക്കും. കീമോതെറാപ്പി, റേഡിയേഷന്‍, ശസ്ത്രക്രിയ എന്നിവയൊക്കെ ചികിത്സാവിധികള്‍ ആണ്. എങ്കിലും മിക്കപ്പോഴും മെറ്റസ്റ്റാറ്റിക്ക് കാന്‍സര്‍ ചികിത്സിച്ചു മാറ്റാന്‍ സാധിക്കാതെ വരാറുണ്ട്. എങ്കിലും ചികിത്സ കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് പറയാന്‍ കഴിയില്ല.  ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ ചികിത്സ വഴി സാധിക്കും.

എത്രയും പെട്ടെന്ന് രോഗം കണ്ടെത്തിയാല്‍ ചികിത്സ തേടണം എന്നതാണ് ഏറ്റവും ആവശ്യം. ഒരേസമയം പലതരം ചികിത്സകള്‍ നടത്താറുണ്ട്‌ ഡോക്ടര്‍മാര്‍ ഇതിന്. ചികിത്സയുടെ ലക്ഷ്യം രോഗത്തെ മെരുക്കുക എന്നതാണ്. 

പ്രശസ്ത ഡോക്ടര്‍ ദിനേശ് അഗര്‍വാള്‍ മെറ്റാസ്റ്റാറ്റിക്ക് കാന്‍സര്‍ ശരീരത്തില്‍ വേരുന്നുമ്പോള്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുന്ന ഏഴ് ലക്ഷണങ്ങളെ കുറിച്ചു പറയുന്നത് ഇങ്ങനെ:

 തുടര്‍ച്ചയായ ചുമ, 

മലശോധനയില്‍ ഉണ്ടാകുന്ന വ്യത്യാസം, 

വായ, മൂക്ക്, മറ്റു സ്വകാര്യഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നു രക്തം വരുന്നത്, 

കഴിക്കാനോ  കുടിക്കാനോ ഉള്ള ബുദ്ധിമുട്ടുകള്‍, 

മുറിവുകള്‍ ഉണങ്ങാന്‍ താമസം ഉണ്ടാകുക, അല്ലെങ്കില്‍ ഉണങ്ങാതെ ഇരിക്കുക, 

ശരീരത്തില്‍ ഉണ്ടാകുന്ന തടിപ്പുകള്‍. 

Read More : Health News