കർക്കടകം പിറന്നാൽ കുട്ടികളുടെ രോഗകാലമായെന്നാണു പഴമക്കാർ പറയാറ്. ചുമ, പനി, ടോൺസലൈറ്റ്സ്, സൈനസൈറ്റിസ്, ആസ്മ, ശ്വാസംമുട്ടൽ തുടങ്ങിയ രോഗങ്ങളെല്ലാം വഴിക്കുവഴിവരാം. കൂടെ വയറുവേദന, വയറിളക്കം, കഫക്കെട്ട്, നെഞ്ചിൽ വേദന, കാൽകടച്ചിൽ ചെവിയിൽ നിന്നു വെള്ളം വരൽ തുടങ്ങിയ പ്രശ്നങ്ങൾ വേറെയും.
ഷൂസും സോക്സും നനഞ്ഞുണ്ടാകുന്ന കാൽകടച്ചിൽ ഒഴിവാക്കാവുന്നതോ ഉള്ളു. നനഞ്ഞ സോക്സും ഷൂസുമിട്ട് അധ്യയനസമയം മുഴുവൻ ഇരുന്നാൽ കാൽകടച്ചിൽ സ്വാഭാവികം. സ്കൂൾ അധികൃതരുമായി ആലോചിച്ച് ഇതൊഴിവാക്കാൻ വേണ്ട കരുതൽ എടുക്കാവുന്നതാണ്.
കുട്ടികളല്ലേ, അവർക്കു മഴ ഒരു ഹരമാണ്. മഴയത്തു ഓടികളി ക്കുമ്പോൾ ഷർട്ട് നനയും. നനഞ്ഞ ഷർട്ടിട്ടിരുന്നാൽ നെഞ്ച ത്തു കഫക്കെട്ട് ഉറപ്പ്. അതിന്റെ കൂടെ നെഞ്ചു വേദനയും വരും. നനഞ്ഞ ഷർട്ടാണ് അതിനൊക്കെ കാരണം.
മഴ നനയുമ്പോൾ കുട്ടികളുടെ ട്രൗസറും അതിനടിയിലിട്ട നിക്കറും നനയും. ആ തണുപ്പു കാരണം രാത്രി കിടക്കുമ്പോൾ വൃക്ഷണങ്ങളിൽ കടുത്ത വേദന വരും.
ചെവിയിൽ നിന്നു വെള്ളം വരുന്നതും തണുപ്പുകൊണ്ടാണ്. തണുപ്പുകാലത്തു തുറന്നിട്ട ജനാലയ്ക്കരികിൽ നല്ലൊരു പുതപ്പു പോലുമി ല്ലാതെ കുട്ടികളെ കിടത്തിയാൽ അവർക്കു ജലദോഷമൊഴിഞ്ഞ നേരമുണ്ടാകുമോ? തണുപ്പു കാലത്തു കുട്ടികളെ, സ്വെറ്റർ ഇടുന്ന ശീലം ചെറുപ്പത്തിലേ പഠിപ്പിക്കണം.
കുടിക്കുന്ന വെള്ളം ശ്രദ്ധിക്കണം. തണുപ്പു കൂടുതലാണെങ്കിൽ അജീർണമുണ്ടാകും. കുട്ടികൾ വയറുവേദനയെന്നു പറഞ്ഞു വയർ പൊത്തിപ്പിടിച്ചു കരയുന്നത് അതുകൊണ്ടാണ്. ചില കുട്ടികൾക്കതു ഗ്യാസായി മാറും. രക്ഷിതാക്കൾ പാതിരായ്ക്കു ഡോക്ടറെ തേടി ഓടാതിരിക്കാൻ ചൂടു നിലനിൽക്കുന്ന ഫ്ലാസ്കിൽ വെള്ളം കൊടുത്തുവിട്ടാൽ മതി. വയറു വേദന വൈകാതെ വയറിളക്കമാകും. അതിസാരമാകും.
കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നതു ശീലമാക്കണം. തണുപ്പുള്ളതെല്ലാം ഒഴിവാക്കുക. ഐസ്ക്രീം, കൂൾഡ്രിങ്സ്, തൈര്, പാളയങ്ങോടൻ പഴം (പഴങ്ങളിൽ ഏറ്റവും കൂടുതൽ തണുപ്പ് അതിനാണ്). പഴകിയ ഭക്ഷണം എന്നിവ ഒഴിവാക്കുക. കിഴങ്ങുവർഗങ്ങളും മഴക്കാലത്ത് അത്ര നല്ലതല്ല. അതിനൊക്കെ തണുപ്പുണ്ട്. കൂർക്ക, ചേമ്പ്, കടല തുടങ്ങിയവയെല്ലാം കുറച്ചേ പറ്റൂ.
അതേസമയം മീനാകാം. കോഴിയിറച്ചിയും കോഴിമുട്ടയുമാകാം, അതൊക്കെ ലിമിറ്റിനു കഴിക്കാം. കുടിക്കാൻ ജീരക വെള്ളമാണു ബെസ്റ്റ്. ചുക്കുവെള്ളവുമാകാം. ഉച്ചഭക്ഷണ ത്തോടൊപ്പം എന്നും രസമാകാം. രാമച്ച വെള്ളം ഇപ്പോൾ വേണ്ട. നല്ല തണുപ്പുണ്ടതിന്. സ്കൂളില്ലാത്ത ദിവസം കുട്ടികൾ ക്കു മൂടിപ്പുതച്ചുള്ള പകലുറക്കം ഇഷ്ടമാകും. അങ്ങനെ പകൽ കിടന്നാൽ കഫത്തിന്റെ ഉപദ്രവവും കൂടും.
അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : മുറികളിൽ നനഞ്ഞ തുണിയിട്ടാൽ, ആ മുറിയിൽ ആരും കിടന്നുറങ്ങരുത്. തുറന്ന ജനാലയ്ക്കടുത്ത് മഴക്കാലത്തു ആരെയും ഉറക്കാൻ കിടത്തരുത്. അലക്കാനുള്ള തുണികൾ അലസമായി ഇടാതെ ഒരു ബക്കറ്റിനുള്ളിലിട്ടു മൂടി വയ്ക്കണം. റൂമിലെ മാറാല തട്ടിക്കളയണം. മാളത്തിൽ വെള്ളം കയറുന്നതിനാൽ ചുണ്ടെലി തുടങ്ങിയവ അകത്തു കയറാതെ സൂക്ഷിക്കണം. ബാത്റൂം അറ്റാച്ച്ഡാണെങ്കിൽ നനഞ്ഞ ചവിട്ടി മാറ്റാൻ മറക്കരുത്.
Read More : Health Tips