32 വര്‍ഷമായി ഉസ്ബെക്കിസ്ഥാന്‍ സ്വദേശിനിയായ ഗുല്‍നോറ റാഫിക്കോവയുടെ ജീവിതം നിന്നും കിടന്നുമായിരുന്നു. അഞ്ചു വയസ്സിനു ശേഷം ഒന്നിരിക്കാൻ സാധിച്ചത് 37–ാം വയസ്സിൽ. എന്താണ് ഗുൽനോറയുടെ ജീവിതത്തിൽ സംഭവിച്ചതെന്നു നോക്കാം.
ഗുല്‍നോറയ്ക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് സ്റ്റവില്‍ നിന്നു തീ ദേഹത്തേക്ക് പടര്‍ന്നു പിടിച്ചു ഗുരുതരമായി പൊള്ളലേറ്റത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ഈ അപകടം. ഉടന്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുല്‍നോറയുടെ പിന്‍ഭാഗവും തുടയുമെല്ലാം ഗുരുതരമായി പൊള്ളിയിരുന്നു. 18 മാസത്തോളം അവളുടെ ജീവിതം ഉസ്ബെക്കിസ്ഥാനിലെ വിവിധ ആശുപത്രികളിലായിരുന്നു. അഞ്ചോളം ശസ്ത്രക്രിയകള്‍ നടത്തി.
എന്നാല്‍ അപകടത്തെത്തുടര്‍ന്ന് ഗുല്‍നോറയ്ക്ക് ഇരിക്കാന്‍ കഴിയാതെയായി. എട്ടാം വയസ്സില്‍ സ്കൂളിലേക്കു വീണ്ടും പോയിത്തുടങ്ങി. ക്ലാസ്സ് മുറികളില്‍ നിന്നു കൊണ്ടും കിടന്നു കൊണ്ടും പഠിച്ചു. മുറിവുകള്‍ കരിയാതായതോടെ ജീവിതവും അതനുസരിച്ചു ഗുൽനോറ മാറ്റിയെടുത്തു. വൃത്തിയുള്ള ടവല്‍ ഉടുപ്പിനടിയില്‍ വച്ചും വേദനസംഹാരികള്‍ കഴിച്ചും ജീവിതം മുന്നോട്ടുപോയി. ഇതില്‍ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ അവളുടെ നാട്ടില്‍ ലഭ്യമല്ലായിരുന്നു.
ആറുമാസങ്ങള്‍ക്കു മുന്‍പാണ് അപ്പോളോ ആശുപത്രി അധികൃതര്‍ ഗുല്‍നോറയുടെ നാട്ടില്‍ ഒരു മെഡിക്കല്‍ ക്യാംപ് നടത്തിയത്. ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ പ്രശസ്ത കോസ്മെറ്റിക് വിദഗ്ദന്‍ ഡോ.ഷാഹിന്‍ നൂറിയെഴ്ഡന്‍ അവളെ പരിശോധിച്ചു. ഇപ്പോഴും ഉണങ്ങാത്ത മുറിവുകള്‍ അവളില്‍ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ഇത്തരത്തില്‍ കോശങ്ങളെ തന്നെ ബാധിച്ച മുറിവുകള്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹംപറയുന്നു.
ഒരു ചെറിയ കട നടത്തി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഗുല്‍നോറയുടെ കുടുംബത്തിനു ചികിത്സയ്ക്കാൻ കൂടുതല്‍ പണവും ഇല്ലായിരുന്നു. എന്നാല്‍ ഒരു സുമനസ്സിന്റെ സഹായത്തോടെ അവര്‍ ഡല്‍ഹിയില്‍ ചികിത്സയ്ക്ക് എത്തി. മെയ് 26 നു ഇന്ത്യയിലേക്കുള്ള വിമാനയാത്രയില്‍ വരെ ഗുല്‍നോറ നിന്നാണു വന്നത്.
കാലിന്റെ താഴ്ഭാഗത്തു നിന്നുള്ള തൊലി എടുത്ത് സ്കിന്‍ ഗ്രഫ്റിങ് നടത്തിയായിരുന്നു ശസ്ത്രക്രിയ. 10 - 15വര്‍ഷത്തിനു മേല്‍ പഴക്കമുള്ള ഇത്തരം ക്രോണിക് മുറിവുകള്‍ കാന്‍സര്‍ ആയി മാറാന്‍ സാധ്യതയുള്ളതിനാല്‍ കാന്‍സര്‍ പരിശോധനയും നടത്തിയിരുന്നു. ഭാഗ്യംകൊണ്ട് കാന്‍സര്‍ കണ്ടെത്തിയില്ല.
ഇപ്പോള്‍ ഗുല്‍നോറ പതിയെ ജീവിതത്തിലേക്കു തിരികെ വരികയാണ്. സെപ്റ്റംബര്‍ വരെ ചികിത്സയുടെ ഭാഗമായി ഇന്ത്യയില്‍ കഴിയേണ്ടി വരും. ബോളിവുഡ് സിനിമകളിലൂടെ മാത്രം പരിചിതമായിരുന്ന ഇന്ത്യ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചു എന്നാണ് ഗുല്‍മോറ പറയുന്നത്. ആദ്യമായി ഇരുന്ന ദിവസം ഗുല്‍മോറ സങ്കടം കൊണ്ട് പൊട്ടികരയുകയായിരുന്നു.
Read More : ആരോഗ്യവാർത്തകൾ