ആരോഗ്യകരമായ ജീവിതം നയിക്കുന്ന ആളുകൾക്കും കാൻസർ വരാം. മിക്ക കാൻസറിനും കാരണം ജനിതക മാറ്റം ആണ്. എന്നാൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്ന മറ്റ് ചില ഘടകങ്ങളും ഉണ്ട്.
അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർക്ക് കാൻസർ പിടിപെടാൻ സാധ്യത കൂടുതലാണ്. കാൻസർ കേസുകളിൽ പകുതിയും അനാരോഗ്യകരമായ ജീവിത ശൈലി, അതായത് പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, ശരീരഭാരം കുറയാതിരിക്കുക മുതലായവ മൂലം ഉണ്ടാകുന്നതാണ്. ഈ നിശബ്ദനായ കൊലയാളി നമ്മെ ആക്രമിക്കുന്നതിന് കുടുംബ ചരിത്രമോ ജനിതക ഘടകങ്ങളോ മാത്രമല്ല, നമ്മുടെ ആരോഗ്യ ശീലങ്ങളും ഒരു ഘടകമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഒരു വ്യക്തിക്ക് കാൻസർ വരാൻ കാർസിനോജനുകൾ ഒരു ഘടകമാണ്. നമ്മുടെ വീട്ടിലും ചുറ്റുപാടും ഉള്ള ചില വസ്തുക്കൾ കാൻസറിനു കാരണമാകും എന്നത് പലപ്പോഴും നാം അറിയാതെ പോകുന്നു. കാൻസറിനു കാരണമാകുന്ന ചില സമ്പർക്കങ്ങളെയും ചില സാഹചര്യങ്ങളെയും ചില വസ്തുക്കളെയുമാണ് കാർസിനോജനുകൾ എന്നു വിളിക്കുന്നത്. ഈ വസ്തുക്കൾ നിങ്ങളുടെ ഭക്ഷണത്തിലോ നിങ്ങൾ ദിവസവും ഉപയോഗിക്കുന്ന വസ്തുക്കളിലോ ഉണ്ടാകാം.
കാൻസർ വരാൻ സാധ്യത കൂട്ടുന്ന ചില കാര്യങ്ങൾ എന്തൊക്കെ എന്നു നോക്കാം.
1. ഡിയോഡറന്റ് / പെർഫ്യൂം
നിങ്ങൾ ഉപയോഗിക്കുന്ന പെർഫ്യൂം നിങ്ങൾക്ക് കാൻസർ വരുത്തുമെന്നു പറഞ്ഞാൽ വിശ്വസിക്കുമോ. അര്‍ബുദത്തിനു കാരണമാകുന്ന വസ്തുക്കളാണ് ഇവയിലെ ചേരുവ. ഇത് അന്ത:സ്രാവി വ്യവസ്ഥയെയും പ്രത്യുല്പാദന വ്യവസ്ഥയെയും ബാധിക്കും. DEP, DEP, DEHP, parafin താലേറ്റുകൾ ഇവയാണ് ചേരുവകൾ എങ്കിൽ ആ ഉൽപന്നം ഒഴിവാക്കുക.
2. മോയിസ്ചറൈസര്‍
അമേരിക്കൻ ഗവേഷകർ നടത്തിയ പഠനത്തിൽ മോയിസ്ചറൈസിങ്ങ് ക്രീമുകൾ ചർമാർബുദത്തിനു കാരണമാകുമെന്നു തെളിഞ്ഞു. ജേണൽ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 4 മോയിസ്ചറൈസിങ്ങ് ക്രീമുകൾ പരിശോധിച്ചതിൽ നാലും അര്‍ബുദരോഗങ്ങൾക്കു കാരണമാകുന്നതായിരുന്നു. ഏതു ചേരുവയാണ് അർബുദം ഉണ്ടാക്കുന്നതെന്നു വ്യക്തമായില്ലെങ്കിലും മിനറൽ ഓയില്‍, സോഡിയം ലോറിൽ സൾഫേറ്റ് ഇവയുടെ സാന്നിധ്യമാകാം അർബുദ കാരണമെന്നു കരുതുന്നു. എലികളിലാണ് ഈ രണ്ടു പഠനങ്ങളും നടത്തിയത്.
3. ഫുഡ് പാക്കേജിങ്ങ്
ഭക്ഷണ പായ്ക്കറ്റുകളിൽ അടങ്ങിയ ബിപിഎ പോലുള്ള രാസവസ്തുക്കൾ ഭക്ഷണത്തിലേക്കും അതുവഴി നമ്മുടെ ശരീരത്തിലേക്കും കലരുന്നു. ബിസ്ഫെനോൾ എ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും.
4. ഡയറ്ററി സപ്ലിമെന്ററുകൾ
ചില പോഷകങ്ങളുടെ അഭാവം നികത്താൻ പലപ്പോഴും സപ്ലിമെന്റുകൾ സഹായിക്കും. എന്നാൽ അവ ചിലപ്പോൾ ദോഷം ചെയ്യും. ഉയർന്ന അളവിൽ കാൽസ്യം ശരീരത്തിലെത്തുന്നത് ചില കാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനങ്ങൾ പറയുന്നു. എന്നാൽ ഉയർന്ന അളവിൽ കാൽസ്യം ശരീരത്തിൽ ചെല്ലുന്നത് പ്രോസ്ട്രേറ്റ് അർബുദം ഉണ്ടാക്കും. നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ള പ്രത്യേക സപ്ലിമെന്റ് ഡോക്ടർ കുറിച്ചു തന്നാൽ മാത്രം കഴിക്കുക. എല്ലാ പോഷകങ്ങളും ലഭിക്കാൻ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക.
5. രാത്രി ഷിഫ്റ്റുകളിലെ ജോലി
രാത്രി ഉറക്കമിളച്ചുള്ള ജോലി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. ഹൃദ്രോഗം, പൊണ്ണത്തടി, കാന്‍സർ, ഉറക്ക പ്രശ്നങ്ങൾ മുതലായവയ്ക്ക് രാത്രി ഷിഫ്റ്റുകളിലെ ജോലി കാരണമാകും. ‘കാന്‍സര്‍, എപ്പിഡെമിയോളജി, ബയോമാർക്കേഴ്സ് ആന്‍ഡ് പ്രിവൻഷൻ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ദീർഘകാലം രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ചർമാർബുദം, സ്തനാർബുദം, ശ്വാസകോശാർബുദം ഇവ വരാൻ സാധ്യത കൂടുതലാണെന്നു തെളിഞ്ഞു. രാവിലെ ഉണരുന്ന പതിവു തെറ്റുമ്പോൾ, ജൈവഘടികാരത്തിനു മാറ്റം വരുമ്പോൾ ശരീരം പ്രതികരിക്കുന്നു. അങ്ങനെ രോഗം വരുന്നു.
ഈ ഘടകങ്ങളൊക്കെ കാൻസറിനു കാരണമാകാം. എന്നാൽ ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ ഒരു പരിധിവരെ കാൻസർ വരാതെ തടയാം.
Read More : Health Magazine