ഗ്യാരറ്റ് മിഖായേല്‍ എന്ന അഞ്ചു വയസ്സുകാരന്‍ ഇന്ന് ഈ ലോകത്തില്ല. അവനെ ബാധിച്ച ഗുരുതരമായ കാന്‍സർ ജൂണിൽ അവന്റെ ജീവന്‍ കവർന്നു. Alveolar Fusion Negative Rhabdomyosarcoma (ARMS) എന്ന ഗുരുതരമായ അര്‍ബുദത്തിന്റെ അവസാനസ്റ്റേജിലായിരുന്നു അവന്‍. മരണശേഷം അവന്‍ പ്രിയപെട്ടവര്‍ക്കായി കുറിച്ചുവച്ച കത്തിലെ വരികളാണ് അവനെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ വീണ്ടും തീരാനൊമ്പരമായി നിലനില്‍ക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഗ്യാരറ്റിന് ഇത്രയും മാരകമായ കാന്‍സര്‍ ആണെന്ന് മാതാപിതാക്കളായ എമിലിയും റയാനും അറിയുന്നത്. അധികകാലം ഈ ഭൂമിയില്‍ ആയുസ്സില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എങ്കിലും തങ്ങളുടെ കുഞ്ഞുമകനു വേണ്ടി അവര്‍ പ്രതീക്ഷയോടെ നാളുകള്‍ തള്ളിനീക്കി.
അവന്റെ ഓരോ ഇഷ്ടങ്ങളെ കുറിച്ചും മരിക്കുന്നതിനു മുൻപ് അവന്‍ എഴുതിവെച്ചിരുന്നു. ഏറ്റവും ഇഷ്ടം എന്താണെന്ന് അമ്മ ചോദിച്ചപ്പോള്‍ അതിനു മറുപടിയായി അവന്‍ കുറിച്ചത് സഹോദരിക്കൊപ്പം കളിക്കുന്നതാണ് എന്നായിരുന്നു. ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളുടെ ലിസ്റ്റില്‍ അവന്റെ കുഞ്ഞുകളിപ്പാട്ടങ്ങളും പ്ലേ സ്കൂള്‍ സുഹൃത്തുക്കളും തലയണക്കീഴില്‍ അവന്‍ ഉറങ്ങുമ്പോള്‍ പോലും സൂക്ഷിക്കുന്ന ബാറ്റ്മാന്‍ വരെയുണ്ടായിരുന്നു.
മൂക്കിലൂടെ ഇട്ടിരിക്കുന്ന ട്യൂബും തന്റെ രോഗത്തെയും സൂചിമുനകളെയുമാണ് ഏറ്റവും വെറുക്കുന്നതെന്ന് ഗ്യാരറ്റ് പറയുന്നു.
മരിച്ചാല്‍ എന്നെ അടക്കം ചെയ്യണമെന്നും അതിനു മുകളില്‍ ഒരു മരം നടണമെന്നും കുഞ്ഞു ഗ്യാരറ്റ് പറഞ്ഞിരുന്നു. എങ്കില്‍ മാത്രമേ തനിക്ക് ഒരു ഗോറില്ലയായി ആ മരത്തിനു മുകളില്‍ കഴിയാന്‍ സാധിക്കൂ എന്നാണ് അവന്‍ പറയുന്നത്.
കുടുംബത്തിലെ ഓരോ അംഗങ്ങളെയും അവന്‍ തന്റെ അവസാനകുറിപ്പില്‍ പ്രതിപാദിക്കുന്നുണ്ട്. ഓരോരുത്തരെയും അവന്‍ സ്നേഹപൂര്‍വം അഭിവാദ്യം ചെയ്യുന്നുണ്ട്. ഗ്യാരറ്റിന്റെ മരണശേഷമാണ് അവന്‍ എഴുതിയ ഈ കുറിപ്പുകള്‍ മാതാപിതാക്കള്‍ പുറത്തുവിട്ടത്. ഇതിനോടകം ഇത് ഇന്റര്‍നെറ്റില്‍ വലിയ പ്രചാരം നേടിയിട്ടുണ്ട്. അഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ബാധിക്കുന്ന അപൂര്‍വകാന്‍സര്‍ ആയിരുന്നു ഗ്യാരറ്റിനെ ബാധിച്ചത്.
Read More : Health News