Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകനോട് രോഗം വെളിപ്പെടുത്തി സൊണാലി; കണ്ണു നനയിക്കുന്ന കുറിപ്പ്

sonali

സൊണാലി ബേന്ദ്ര അർബുദബാധിതയാണെന്ന വാർത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. മെറ്റാസ്റ്റാറ്റിക് കാൻസർ ആണെന്ന വാർത്ത ട്വിറ്ററിലൂടെ താരം പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ ചികിത്സയ്ക്കായി മുടി മുറിക്കുന്നതിന്റെ വിഡിയോയും ന്യുയോർക്കിലെ ആശുപത്രിയിൽ നിന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരുന്നു. ഇപ്പോൾ മകനോടു രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയ കാര്യവും സമൂഹമാധ്യമത്തിലൂടെ സൊണാലി പങ്കുവയ്ക്കുന്നു. സൊണാലിയുടെയും മകന്റെയും സുന്ദരമായ ഒരു ചിത്രത്തിനൊപ്പമാണ് ഹൃദ്യമായ കുറിപ്പും താരം പങ്കുവച്ചിരിക്കുന്നത്.

മകനെ സംരക്ഷിക്കുക എന്നത് തന്റെ കടമയാണ്. അതിനാൽ അവനോട് കാര്യങ്ങൾ  തുറന്നു പറയേണ്ടത് അത്യാവശ്യമായിരുന്നു. അവനോട് എപ്പോഴും ഞങ്ങൾ എല്ലാം തുറന്നു പറഞ്ഞിരുന്നു. ഇക്കാര്യത്തിലും ഒന്നും മൂടിവയ്ക്കാനില്ലായിരുന്നു. അവൻ വളരെ പക്വമായി തന്നെ കാര്യങ്ങൾ മനസിലാക്കി. 

പലപ്പോഴും അവൻ എനിക്ക് രക്ഷിതാവാകുന്നു. എല്ലാ കാര്യങ്ങളും എന്നെ ഓർമിപ്പിക്കുന്നു. ഇത്തരം പ്രതിസന്ധികൾ കുട്ടികളെ അറിയിക്കുന്നത് അനിവാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവരെ ഒഴിവാക്കുന്നു എന്ന് തോന്നിയാൽ അവർ നമ്മിൽ നിന്നും പിൻവാങ്ങി തുടങ്ങും. അവരോടൊപ്പം സമയം ചെലവഴിക്കനാണ് ശ്രദ്ധിക്കേണ്ടത്. എല്ലാം അറിഞ്ഞുകൊണ്ട് അവരോട് ഒന്നും മറച്ചുവച്ചിട്ട് കാര്യമില്ല. അവരെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി നാം പലപ്പോഴും അവരോട് സത്യാവസ്ഥകള്‍ തുറന്നു പറയുകയില്ല. രൺവീറിന് വേനലവധിക്കാലമായതിനാൽ ഇപ്പോൾ കൂടുതൽ സമയവും ചെലവഴിക്കുന്നത് അവനോടൊപ്പമാണ്. അവന്റെ കുട്ടിക്കളികളും കുസൃതികളും എനിക്ക് ആശ്വാസം പകരുന്നുണ്ട്. ഇന്ന് ഞങ്ങൾ അന്യോന്യം ശക്തി പകരുന്നു.' സൊണാലി കുറിച്ച വാക്കുകൾ ഇതാണ്.

സൊണാലിയുടെ ഓരോ പോസ്റ്റുകളും കാൻസറിനെതിരെ ശക്തമായി പോരാടൻ ഉറച്ചുകൊണ്ടുള്ളതാണ്. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിക്കുമ്പോഴുണ്ടാകുന്ന കാന്‍സറാണ് സൊണാലിയെ ബാധിച്ചിരിക്കുന്ന മെറ്റാസ്റ്റാറ്റിക് കാൻസർ. കാന്‍സര്‍ തന്നെ നാലാം ഘട്ടത്തില്‍ എത്തുമ്പോള്‍ ഇങ്ങനെ പറയാറുണ്ട്‌. കാന്‍സര്‍ ടൈപ്പ്, അതിന്റെ ശക്തി എന്നിവ കണക്കിലെടുത്താണ് കാന്‍സര്‍ മെറ്റാസ്റ്റാറ്റിക്ക് ആണോ എന്നു പറയുന്നത്. പൊതുവേ ഇത് തലച്ചോർ‍, എല്ലുകള്‍, കരള്‍, കോശദ്രാവകം, ആമാശയം, ശ്വാസകോശം എന്നിവിടങ്ങളിലാണ് ആദ്യം തലപൊക്കുന്നത്. ഇവിടെ നിന്നാണ് പടര്‍ന്നു തുടങ്ങുന്നതും. 

Read More : Health News