യുവാക്കള്‍ക്കിടയില്‍ ഹൃദ്രോഗസാധ്യത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2015 ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത അകാലമരണങ്ങളില്‍ നല്ലൊരു പങ്കും സംഭവിച്ചിരിക്കുന്നത് ഹൃദ്രോഗം മൂലമാണെന്നാണു പുറത്തു വരുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദ്രോഗസാധ്യത ക്രമാതീതമായി വര്‍ധിക്കുകയാണെന്നാണ് ഇതു തെളിയിക്കുന്നത്. ടൊറന്റോ സെന്റ് മൈക്കല്‍സ് ആശുപത്രിയിലെ ഗ്ലോബല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഹെഡ് ആയ ഡോക്ടര്‍ പ്രഭാത് ജായുടെ നേതൃത്വത്തില്‍ നടന്ന ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി 30- 69 വയസ്സിനിടയില്‍ പ്രായമുള്ളവരില്‍ ഹൃദ്രോഗസാധ്യത ഏറിവരികയാണ്. അതേ സമയംതന്നെ ഇന്ത്യയില്‍ ചില സ്ഥലങ്ങളില്‍ മാത്രം യുവാക്കള്‍ക്കിടയില്‍ സ്ട്രോക്ക് സാധ്യത വര്‍ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ചു ഇന്ത്യയുടെ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍.
ലോകത്താകമാനം എടുത്താല്‍ ആളുകളുടെ മരണനിരക്കില്‍ നല്ലൊരു പങ്കിനും കാരണമാകുന്നത് ഹൃദ്രോഗം തന്നെയാണ്. തെറ്റായ ആഹാരക്രമവും, വ്യായാമത്തിന്റെ അപര്യാപ്തതയുെമല്ലാം ഇതിനു പിന്നിലുണ്ടെന്ന് ഡോ.പ്രഭാത് പറയുന്നു. മില്യന്‍ ടെത്ത് സ്റ്റഡി എന്ന പേരില്‍ ലോകമെമ്പാടും നടന്ന ഒരു വലിയ പഠനത്തിന്റെ ഭാഗമായാണ് ഈ പഠനവും നടന്നത്.
ഇന്ത്യയില്‍ നടക്കുന്ന മിക്കഅകലമരണത്തിനും പിന്നില്‍ ശ്രദ്ധക്കുറവ് കൂടിയുണ്ടെന്ന് ഡോ.പ്രഭാത് പറയുന്നു. മരുന്നുകള്‍ ശരിയായി കഴിക്കാത്തതും ഇതിനു കാരണമാകുന്നുണ്ട്. ഇത്തരം മരണങ്ങള്‍ സംഭവിച്ച ആളുകളുടെ ബന്ധുക്കളുമായി സംസാരിച്ചാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
2030 ഓടെ ലോകമെമ്പാടും സംഭവിക്കുന്ന ഹൃദ്രോഗമരണങ്ങളില്‍ കുറവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പഠനം നടന്നിരിക്കുന്നത്.
Read More : ആരോഗ്യവാർത്തകൾ