ഓടുന്ന വണ്ടിയിലിരുന്ന് പുസ്തകം വായിച്ചാൽ, മൊബൈൽ ഗെയിം കളിച്ചാൽ, അല്ലെങ്കിൽ ഒരു ഒരു സിനിമ കണ്ടാൽ തലവേദനിക്കുകയും ഛർദിക്കണമെന്നു തോന്നുകയും ചെയ്യുന്നത് ഒരു ആഗോള പ്രതിഭാസമാണ്. മോഷൻ സിക്ക്നസ് മൂലമാണ് ഇതു സംഭവിക്കുന്നത്. മോഷൻ സിക്ക്നസ് അനുഭവിക്കുന്നവർക്ക് യാത്രാവേളകൾ ഉറങ്ങിത്തീർക്കുകയല്ലാതെ മറ്റു മാർഗമില്ല.
മോഷൻ സിക്ക്നസിനു പരിഹാരവുമായി പുതിയ ഒരു കണ്ണട അവതരിപ്പിച്ചിരിക്കുകയാണ് ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രോൺ. ബോർഡിങ് റിങ് ടെക്നോളജിയാണ് സിട്രോൺ കണ്ണടകൾക്കു പിന്നിൽ. നാലു വളയങ്ങളാണ് കണ്ണടയുടെ പ്രധാനഭാഗം. ഈ വളയങ്ങൾക്കുള്ളിൽ നിറച്ചിരിക്കുന്ന ദ്രാവകം വാഹനത്തിന്റെ ചലനം അനുസരിച്ച് ചലിക്കുകയും അങ്ങനെ നമ്മുടെ ബാലൻസ് നിയന്ത്രിക്കുന്ന ചെവിയിലെ ദ്രാവകത്തിന്റെ ചലനങ്ങളെ അനുകരിച്ചുകൊണ്ട് കണ്ണിന്റെ ആശയക്കുഴപ്പം പരിഹരിക്കുകയുമാണ് ചെയ്യുന്നത്.
വാഹനത്തിൽ സഞ്ചരിക്കുമ്പോൾ എപ്പോഴും ഈ കണ്ണട വയ്ക്കേണ്ട. കണ്ണിനെ കാലിബെറേറ്റ് ചെയ്യുന്നതിനായി 10 മിനിറ്റ് മാത്രം വച്ചാൽ മതി. ചലനങ്ങളുടെ സ്വഭാവം കണ്ണ് പരിചയിച്ചു കഴിഞ്ഞാൽ പിന്നെ കണ്ണട ഊരിമാറ്റാം.
കൂടുതൽ അറിയാൻ: boardingglasses.com