Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യമണിക്കൂറിൽ മുലയൂട്ടാൻ കേരളത്തിനിപ്പോഴും മടിയെന്ന് യുനിസെഫ് റിപ്പോർട്ട്

breast-feeding

നവജാത ശിശുക്കൾക്ക് ആദ്യമണിക്കൂറിൽ മുലയൂട്ടുന്നതിൽ കേരളത്തിന് ഇപ്പോഴും വിമുഖതയെന്ന് യുനിസെഫിന്റെ റിപ്പാർട്ട്. ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടുന്ന അമ്മമാർ 64 ശതമാനം മാത്രം. എന്നാൽ, ഈ കണക്കു ദേശീയ ശരാശരിയായ 41.5 ശതമാനത്തെക്കാൾ കൂടുതലാണെന്ന ആശ്വാസം മാത്രം.

നവജാതശിശുക്കളുടെ മരണനിരക്ക് നിയന്ത്രിക്കുന്നതിൽ ഇന്ത്യയിൽ മുന്നിലുള്ള കേരളം ആദ്യമണിക്കൂറിൽ മുലയൂട്ടുന്നതിൽ പിന്നിൽ നിൽക്കുന്നതു ഗൗരവത്തോടെ കാണണമെന്നാണു യുനിസെഫ് റിപ്പോർട്ടിലെ സൂചന. 1992–1993–ൽ 14.2 ശതമാനമായിരുന്നു കേരളത്തിലെ മുലയൂട്ടൽ നിരക്ക്. 1998–99 ൽ 4.9%, 2005–06 ൽ 55.4% എന്നിങ്ങനെ ഉയർന്നാണ് 64.3 ശതമാനത്തിലെത്തിയത്.

ആദ്യമണിക്കൂറിൽ മുലയൂട്ടുന്നതിൽ ശ്രീലങ്കയാണു മുന്നിലെന്നു റിപ്പോർട്ട് പറയുന്നു. പിറന്നുവീഴുന്ന കുട്ടികളിൽ 90 ശതമാനം പേർക്കും ആദ്യമണിക്കൂറിൽ മുലപ്പാൽ ലഭിക്കുന്നു. ഇന്ത്യ പട്ടികയിൽ 56–ാം സ്ഥാനത്താണ്.

ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ കുട്ടിക്കു മുലപ്പാൽ കൊടുക്കുന്നതിലൂടെ നവജാതശിശു മരണനിരക്കിൽ 22 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണു ലോകാരോഗ്യ സംഘടനയുടെ പഠനം. ജനിച്ചു രണ്ടു മുതൽ 23 മണിക്കൂർ വരെയുള്ള സമയത്തു മുലപ്പാൽ ലഭിച്ച കുട്ടികൾക്ക് ഒരു മണിക്കൂറിനുള്ളിൽ മുലപ്പാൽ ലഭിച്ച കുട്ടികളെ അപേക്ഷിച്ച് 33 ശതമാനം മരണസാധ്യത കൂടുതലാണെന്നും പഠനങ്ങളുണ്ട്. ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ കുട്ടിക്കു മുലപ്പാൽ കൊടുക്കുക, ആദ്യ ആറുമാസം മുലപ്പാൽ മാത്രം കൊടുക്കുക, ഏഴാം മാസം മുതൽ രണ്ടു വയസ്സു വരെ മുലപ്പാലിനൊപ്പം വീട്ടിലെ ഭക്ഷണവും നൽകുക– ഈ നിർദേശങ്ങളാണു മുലയൂട്ടൽ സംബന്ധിച്ചു യുനിസെഫും ലോകാരോഗ്യ സംഘടനയും മുന്നോട്ടു വയ്ക്കുന്നതെന്നു യുനിസെഫ് ഇന്ത്യാ മേധാവി ഡോ.യാസ്മിൻ അലി ഹഖ് പറഞ്ഞു. മുലയൂട്ടൽ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ കേരളത്തിലെ ശിശുമരണ നിരക്ക് ഇനിയും കുറയ്ക്കാനാകുമെന്നു യുനിസെഫ് കേരള–തമിഴ്നാട് വിഭാഗം മേധാവി ജോബ് സഖറിയ പറഞ്ഞു.

Read More : ആരോഗ്യവാർത്തകൾ