Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഠായികളിലെ മായം ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും

515675410 Representative Image

കേരളത്തിൽ വിൽക്കുന്ന മിഠായികളിലും മായം. അനുവദനീയമായതിലും കൂടുതൽ കൃത്രിമനിറങ്ങൾ ഉപയോഗിച്ച മിഠായികൾ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ടൈംപാസ് ലോലിപോപ്പ് എന്ന മിഠായിയുടെ വിൽപന പൂർണമായി നിരോധിച്ചു.

ചെന്നൈ അൽപാക്കം അഭിഷേക് ഇൻഡസ്ട്രീസ് ഉൽപാദിപ്പിക്കുന്ന മിഠായിയിൽ കൃത്രിമ നിറങ്ങളായ ടാർട്രാസിൻ, കാർമോയിസിൻ, സൺസെറ്റ് യെല്ലോ എഫ്സിഎഫ് എന്നീ കൃത്രിമനിറങ്ങളാണ് അനുവദനീയമായതിന്റെ 66 ശതമാനം വരെ കൂടുതലായി ഉപയോഗിച്ചതായി കണ്ടെത്തിയത്. മിഠായിയുടെ കവറിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത എറിത്രോസിൻ എന്ന രാസവസ്തുവും മിഠായിയിൽ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

ഇവ ഉപയോഗിക്കുന്നതു ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. ചെന്നൈയിലെ നിർമാതാക്കൾക്കും മൊത്തക്കച്ചവടം നടത്തുന്ന ഏജൻസികൾക്കും എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു.  

 "മിഠായികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ കൃത്രിമനിറങ്ങളും രുചിവർധകവസ്തുക്കളും അനുവദനീയമായതിൽ കൂടുതൽ ഉപയോഗിക്കുന്നുണ്ടോ എന്നു കണ്ടെത്താനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ എം.ജി.രാജമാണിക്യം പറഞ്ഞു. രാസവസ്തുകകളുടെ അമിതോപയോഗം കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More : Health News