ന്യൂഡൽഹി ∙ സംസ്ഥാനത്ത് ഇലക്ട്രോണിക് സിഗരറ്റ് (ഇ–സിഗരറ്റ്) നിരോധിക്കുന്നതിനുള്ള നടപടിയുമായി സംസ്ഥാന സർക്കാർ. ഉൽപാദനം, വിൽപന, വിതരണം എന്നിവ ഘട്ടംഘട്ടമായി അവസാനിപ്പിക്കുമെന്നു സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇ– സിഗരറ്റ്, നിക്കോട്ടിൻ ഉൾപ്പെടുന്ന ഇ–ലിക്വിഡ് എന്നിവയുടെ ഉൽപാദനം ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് ആക്ടിന്റെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) ഹൈക്കോടതിയിൽ വ്യക്തമാക്കി.
എന്താണ് ഇ–സിഗരറ്റ്?
ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണം. കാഴ്ചയിൽ യഥാർഥ സിഗരറ്റ് പോലെ തോന്നും. നിക്കോട്ടിനും കൃത്രിമ രുചികൾക്കുള്ള ചേരുവകളും ചേർത്ത ദ്രവരൂപത്തിലുള്ള മിശ്രിതമാണു ഇ-സിഗരറ്റിലുള്ളത്. ഇത് ചൂടാകുമ്പോൾ ഉണ്ടാകുന്ന ആവിയാണ് ഉള്ളിലേക്കു വലിക്കുന്നത്. മൂവായിരത്തിനും 30,000നും ഇടയിലാണ് ഇ–സിഗരറ്റിന്റെ വില. നിക്കോട്ടിൻ നിറയ്ക്കാൻ 700 മുതൽ ആയിരം രൂപവരെ മുടക്കണം. നിക്കോട്ടിൻ ട്യൂബ്, അതിന്റെ രുചി എന്നിവ അനുസരിച്ചാണു വില വ്യത്യാസം.കർണാടക, കേരളം, മിസോറം, മഹാരാഷ്ട്ര, ജമ്മു ആൻഡ് കശ്മീർ, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിരോധനമുണ്ട്.
അപകടവശങ്ങള്‍
ഇ–സിഗരറ്റ് അർബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നു
കാൻസറിനു കാരണമാകുന്ന ബെൻസേൻ എന്ന ഘടകം ഇ-സിഗററ്റ് വേപ്പറുകളിൽ അടങ്ങിയിട്ടുണ്ട്
ഇവ പുറപ്പെടുവിക്കുന്ന വാതകം ഹൃദയമിടിപ്പ് വർധിപ്പിക്കുകയും ഡിഎൻഎഘടകങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യും
ഇ–സിഗരറ്റ് ഉപയോഗിച്ചു തുടങ്ങുന്ന യുവാക്കൾ മറ്റു നിക്കോട്ടിൻ ഉൽപന്നങ്ങൾ ക്രമേണ ഉപയോഗിക്കുന്നു
കഞ്ചാവ് അടക്കം ലഹരിവസ്തുക്കൾ വലിക്കാൻ ഇ-സിഗരറ്റ് ഉപയോഗിച്ചുവരുന്നു.
Read More : Health News