Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു പേരിലൂടെ പുനർജനിച്ച് ലീന മരണത്തിലേക്കു പോയി

അപ്രതീക്ഷിതമായി മരണം കീഴടക്കിയെങ്കിലും ലീന തോറ്റില്ല. കരളും വൃക്കകളും പകുത്തു നൽകി മൂന്നു പേരിലൂടെ ജീവിക്കും. ബവ്റിജസ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആശ്രാമം കുളങ്ങര വീട്ടിൽ ആശ്രാമം സജീവിന്റെ ഭാര്യ ലീനയാണ് (42) അവയവദാനത്തിലൂടെ മൂന്നുപേരുടെ ജീവനായി മാറിയത്. 

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലീനയുടെ മസ്തിഷ്ക മരണം ഇന്നലെ സ്ഥിരീകരിക്കുകയായിരുന്നു.സർക്കാരിന്റെ അവയവദാന പദ്ധതിയായ കെഎൻഒഎസിലെ ഡോക്ടർമാരും കോഓർഡിനേറ്റർമാരും അവയവദാന പദ്ധതിയുടെ പ്രാധാന്യം ബന്ധുക്കളെ അറിയിച്ചതോടെ ലീനയുടെ സഹോദരനും ഭർത്താവും അവയവദാന സമ്മതപത്രം ഒപ്പിട്ടു. 

സംസ്ഥാനത്ത് ഈ വർഷം നടക്കുന്ന രണ്ടാമത്തേതും സർക്കാർ മേഖലയിൽ ആദ്യത്തേതുമായ അവയവദാനമാണിത്. ലീനയുടെ സഹോദരൻ സെക്രട്ടേറിയറ്റിലെ ഹെൽത്ത് ആൻഡ് ഫിമിലി വകുപ്പിൽ സീനിയർ ഗ്രേഡ് അസിസ്റ്റന്റായ സതീഷ്കുമാറാണു ബന്ധുക്കളുടെ അനുവാദം വാങ്ങിയത്.

കെഎൻഒഎസ് സംസ്ഥാന ചെയർമാനും മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായ ഡോ.തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമദ്, അനസ്‌തീസിയ വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ.അനിൽ സത്യദാസ്, എന്നിവരാണ് അവയവദാനത്തിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കടുത്ത തലവേദനയെ തുടർന്ന് ഈ മാസം മൂന്നിനു കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണു ലീനയെ ആദ്യം പ്രവേശിപ്പിച്ചത്.

അടുത്ത ദിവസം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രോഗം കുറഞ്ഞില്ല. അഞ്ചിനാണു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട പെരുനാട് ബവ്റിജസ് ഔട്‌ലെറ്റ് ജീവനക്കാരനാണ് സജീവ്. മക്കൾ: ആദർശ്, അദ്വൈത് (ഇരുവരും വിദ്യാർഥികൾ). 

Read More : Health News