Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മുടെ വൃത്തി വൃത്തിയോ?

140217119

അടുക്കളയിലെ പാത്രങ്ങൾ ചാരം ഉപയോഗിച്ചു തേച്ചു വൃത്തിയാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. കഴുകിയെടുത്ത പാത്രങ്ങൾ അടുക്കളപ്പുറത്തു വെയിലിൽ ഉണക്കിയെടുക്കും. അത്താഴം കഴിഞ്ഞാൽ പാത്രങ്ങളെല്ലാം കഴുകി കമിഴ്ത്തി അടുപ്പും പരിസരവും തുടച്ചു വൃത്തിയാക്കിയിട്ടിരുന്നു വീട്ടമ്മമാർ. ഇന്നോ? പൗഡറോ സോപ്പോ ഉപയോഗിച്ചു പാത്രങ്ങൾ വൃത്തിയാക്കും. കഴുകിയെടുത്ത പാത്രങ്ങൾ വെയിലിൽ ഉണക്കുകയോ തുടയ്ക്കുകയോ ചെയ്യാറില്ല. രാത്രി ഭക്ഷണം കഴിഞ്ഞാല്‍ ഭക്ഷണാവശിഷ്ടങ്ങൾ പോലും കളയാതെ പാത്രങ്ങൾ സിങ്കിലേക്കിടും. രാവിലെ പത്തുമണിയോടടുത്തു ജോലിക്കാരി വന്നശേഷമാണ് എല്ലാം കഴുകിവയ്ക്കുന്നത്. ഏകദേശം 12 മണിക്കൂർ പാത്രങ്ങൾ വൃത്തിയാക്കപ്പെടാതെ അഴുക്കു ജലത്തിൽ കിടക്കുന്നു. 

അതിൽ നിന്നു പെരുകുന്ന രോഗാണുക്കൾ എത്രയെന്ന് ഏതെങ്കിലും വീട്ടമ്മ ചിന്തിച്ചിട്ടുണ്ടോ? സോപ്പുലായനിയിൽ മുക്കി കഴുകുന്നതു കൊണ്ടു മാത്രം പാത്രങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുന്നില്ല. രോഗാണുക്കൾ പൂർണമായും നീക്കം ചെയ്യണമെങ്കിൽ സോപ്പിട്ടു കഴുകിയ ശേഷം തിളപ്പിച്ച വെള്ളത്തിൽ മുക്കിയെടുക്കണം. പഴയ അടുക്കളയിൽ ചിമ്മിനിയിൽ ചെറിയ ഒരു ജനലും വച്ചിരുന്നു. ഇതിലൂടെ ആവശ്യത്തിനു സൂര്യപ്രകാശം പാചകമേഖലയിൽ പതിച്ചിരുന്നു. ഇത്തരം ജനാലകളും ചിമ്മിനികളും ഒഴിവാക്കിയുള്ളതാണ് ആധുനിക അടുക്കളകൾ. മാനം കറുത്താൽ പല അടുക്കളകളും ഇരുളും. സൂര്യപ്രകാശത്തിന്റെ അഭാവം ഉറുമ്പു പോലെയുള്ള ചെറു ജീവികൾക്ക് യഥേഷ്ടം സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകുന്നു.

പാത്രങ്ങളുടെ അടപ്പ് സ്ലാബിൽ വച്ച ശേഷം വീണ്ടും അതേ പടി എടുത്തു ഭക്ഷണം അടച്ചു വയ്ക്കുന്നവരാണു ഭൂരിഭാഗം പേരും. അടപ്പിൽ പറ്റിപ്പിടിച്ചിരിക്കുന്ന രോഗാണുക്കൾ ഭക്ഷണത്തിലേക്കും കലരുന്നു. ഇതും രോഗസാധ്യത കൂട്ടുന്നു. പഞ്ച സാര, ഉപ്പ്, കറി പൗ‍ഡറുകൾ, തേയില തുടങ്ങിയതെന്തും പ്ലാസ്റ്റിക് പാത്രങ്ങളിലാണു സൂക്ഷിക്കാറുള്ളത്. ഒരിക്കൽപ്പോലും പാത്രം മാറ്റുകയോ കഴുകുകയോ ചെയ്യാതെ വർഷങ്ങളോളം ഒരേ സ്ഥലത്താണ് ഇവയുടെ സ്ഥാനം. സൂക്ഷിച്ചു നോക്കിയാൽ പല പാത്രങ്ങളിലും പൂപ്പൽ പറ്റിപ്പിടിച്ചിരിക്കുന്നതു കാണാം. 

അച്ചാറുകളുടെയും അവസ്ഥ ഇതു തന്നെയാണ്. അച്ചാർ എടുത്തശേഷം സ്പൂണ്‍ കഴുകാതെ പാത്രത്തിനു മുകളിൽ തന്നെ സൂക്ഷിക്കുന്നതും അതേ സ്പൂൺ ഉപയോഗിച്ചു വീണ്ടും എടുക്കുന്നതും അച്ചാർ പുറത്തു പോകാൻ ഇടയാക്കും. ഒരാഴ്ചത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കിവച്ചു ഫ്രിഡ്ജില്‍ സൂക്ഷിച്ച് ചൂടാക്കി ഉപയോഗിക്കുന്ന അനേകം വീടുകളുണ്ട്. കുറേസമയം കറന്റ് പോകുമ്പോൾ തന്നെ ഭക്ഷണം ചീത്തയാകാൻ തുടങ്ങും. ഇതു നോക്കാതെ മിക്കവരും ഫ്രിഡ്ജിലെ ഭക്ഷണം ചൂടാക്കി വീണ്ടും ഉപയോഗിക്കുന്നു. പാൽ, വെണ്ണ തുടങ്ങിയവയൊക്കെ ഇത്തരത്തിൽ കേടാകാൻ സാധ്യത കൂടുതലാണ്. അടുക്കളയിലെ പഴന്തുണികളുടെ സ്ഥിതിയോ? പലതും ആഴ്കചളോളം കഴുകാതെ ഉപയോഗിക്കുന്നവയാണ്. 

സ്ലാബ് തുടയ്ക്കാൻ ഉപയോഗിക്കുന്ന അതേ തുണികൊണ്ടു തന്നെ കൈകളും പ്ലേറ്റുകളും തുടയ്ക്കുന്നവരുണ്ട്. ചൂടു പാത്രങ്ങൾ അടുപ്പിൽ നിന്നു വാങ്ങുമ്പോൾ പലപ്പോഴും തുണിയുടെ അറ്റം പാത്രത്തിലെ ഭക്ഷണസാധനത്തിൽ സ്പർശിക്കാറുണ്ട്. ചില അടുക്കളകളിൽ തുണികളേ ഉണ്ടാവാറില്ല. മേൽപ്പറഞ്ഞ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നതു പാചകക്കാരിയുടെ സാരിത്തുമ്പോ ചുരിദാറിന്റെ ഷോളോ ആയിരിക്കും. 

Read More : Health News