പൂന്തോട്ടപരിപാലനത്തില്‍ അതീവതല്‍പരയായിരുന്നു 43 കാരിയായ ജൂലി ബോര്‍ഡ്. എന്നാല്‍ അതേ ഇഷ്ടം ജൂലിയുടെ ജീവിതം തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിലാണ് സംഭവങ്ങളുടെ തുടക്കം. പൂന്തോട്ടത്തില്‍ വച്ചാണ് ജൂലിയുടെ ഇടുപ്പില്‍ ഒരു റോസാച്ചെടിയില്‍ നിന്നു മുള്ളുകൊണ്ട് ചെറിയൊരു മുറിവുണ്ടായത്. ജൂലി അത് ഒട്ടും സാരമാക്കിയില്ല
ഒരാഴ്ചയ്ക്കു ശേഷം അവസ്ഥ മോശമായി. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ജൂലിയുടെ ബോധം പോയിരുന്നു. കോമ അവസ്ഥയിൽ അടിയന്തരശസ്ത്രക്രിയ നടത്തി. കൂടുതല്‍ പരിശോധനകളിലാണ് മാംസം കാര്‍ന്നു തിന്നുന്ന ഒരുതരം ബാക്ടീരിയ മൂലമുണ്ടാകുന്ന necrotising fasciitis (NF) ആണ് ജൂലിയെ ബാധിച്ചതെന്നു കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടു മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു.
ഇതിനിടയില്‍ ഏഴു ശസ്ത്രക്രിയകളാണ് ജൂലിയുടെ ശരീരത്തില്‍നിന്നു മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ നടത്തേണ്ടി വന്നത്. ജൂലിയുടെ ഭര്‍ത്താവ് ഹെര്‍ബെര്‍ട്ട് റോസന്‍ഫീല്‍ഡ് പറയുന്നത്, ഇത്തരം ബാക്ടീരിയകള്‍ ശരീരത്തിലെത്തിയാല്‍ മരിക്കാനുള്ള സാധ്യത 97 ശതമാനം ആണെന്നാണ്. ജൂലി ജീവിതത്തിലേക്കു മടങ്ങി വന്നെങ്കിലും അവരുടെ ഇടുപ്പും രണ്ടു കാലുകളും ഒരു പൃഷ്ഠഭാഗവും പൂര്‍ണമായും നീക്കം ചെയ്യേണ്ടി വന്നു.
ഇത്രയും ഗുരുതരമായ അവസ്ഥയില്‍നിന്ന് ആരും തിരികെ വന്നതായി ഡോക്ടര്‍മാര്‍ക്കു പോലും ഓര്‍മയില്ല. അതിനാല്‍ ജൂലി അതീവഭാഗ്യവതി ആണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. ഉയർന്ന അളവിൽ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ചാണ് ഇപ്പോള്‍ ജൂലി കഴിയുന്നത്. എങ്കിലും തന്റെ ജീവന്‍ തിരികെ കിട്ടിയല്ലോ എന്ന സന്തോഷത്തിലാണ് അവര്‍.
ശസ്ത്രക്രിയ മൂലമുണ്ടായ വടുക്കള്‍ മാറ്റാനായി ഇപ്പോള്‍ സ്കിന്‍ ഗ്രാഫ്റ്റിങ് നടത്തുന്നുണ്ട്. സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താൻ ഇനിയും നിരവധി ശസ്ത്രക്രിയകള്‍ ജൂലിക്കു നടത്തേണ്ടതുണ്ട്.
Read More : Health News