ചിസ് പ്ലസ്: മുതിർന്നവർക്ക് 30,000 രൂപയുടെ അധിക ചികിൽസ

മഹാപ്രളയത്തെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങി. ഈ സാഹചര്യത്തിൽ സാധാരണക്കാർക്കൊരു സഹായമാണ് സർക്കാരിന്റെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതികൾ. 

‍രാഷ്‌ട്രീയ സ്വസ്ത്യ ബീമായോജന
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും അസംഘടിത മേഖലകളിൽ പണിയെടുക്കുന്നവർക്കും ‘ആർഎസ്ബിവൈ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന രാഷ്‌ട്രീയ സ്വസ്ത്യ ബീമായോജന പ്രകാരം പരിരക്ഷ ലഭിക്കും. ഒരു കുടുംബത്തിന് വർഷം പരമാവധി 30,000 രൂപയുടെ പരിരക്ഷ ലഭിക്കുന്ന വിധത്തിലാണ് കേന്ദ്ര–കേരള സർക്കാരുകൾ സംയുക്തമായി ഈ പദ്ധതി നടപ്പിലാക്കുന്നത്. 

കേരളത്തിൽ ചിസ് 
കേരള സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിൽ രൂപീകരിക്കപ്പെട്ട ‘ചിയാക്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസി ഓഫ് കേരള ആണ്  ആർഎസ്ബിവൈയുടെ കേരള പതിപ്പായ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി അഥവാ ‘ചിസ്’ നടപ്പാക്കുന്നത്. ആർഎസ്ബിവൈയിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ദാരിദ്ര്യരേഖയ്‌ക്കു താഴെ താമസിക്കുന്ന കുടുംബങ്ങൾക്കും സേവനം ലഭിക്കുമ്പോൾ ചിസ് പദ്ധതി പ്രകാരം ക്ഷേമനിധി അംഗങ്ങൾ, 1,000 രൂപയോ അതിൽ കുറവോ എംപ്ലോയീസ് പെൻഷൻ ലഭിക്കുന്നവർ, മഞ്ഞ, പിങ്ക്, വെള്ള, നീല റേഷൻ കാർഡുള്ളവർ എന്നിങ്ങനെ കൂടുതൽ വിഭാഗങ്ങൾക്ക് ആനുകൂല്യം ലഭിക്കും. ആർഎസ്ബിവൈ പ്രകാരം പ്രീമിയത്തിന്റെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് നൽകുക. മറ്റ് അർഹരായവരുടെ പ്രീമിയം 100 ശതമാനവും സംസ്ഥാന സർക്കാർ തന്നെ നൽകുന്നു.

പ്രത്യേകതകൾ
∙ അംഗീകൃത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കിടത്തിച്ചികിത്സയ്‌ക്കു സഹായം കിട്ടും.
∙ അഞ്ച് അംഗങ്ങളുള്ള കുടുംബത്തിനു വർഷത്തിൽ 30,000 രൂപയുടെ വരെ സൗജന്യ ചികിത്സ.
∙ മരുന്നുകളും സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനച്ചെലവുകൾക്കും അർഹത. 
∙ നിലവിലുള്ള രോഗങ്ങൾ ഒഴിവാക്കില്ല. 
∙ പ്രസവസംബന്ധമായ ചികിത്സകൾക്കും സഹായം ലഭിക്കുന്നു.

ചിസ് പ്ലസ്
ചിസ് പദ്ധതിയിലെ അംഗങ്ങൾക്കു കാൻസർ, ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾ, കരൾ, തലച്ചോറ് എന്നിവയെ ബാധിക്കുന്ന അസുഖങ്ങൾ, അപകടം മൂലം വേണ്ടിവരുന്ന തീവ്ര പരിചരണം എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ 70,000 രൂപയുടെ അധിക ചികിത്സാസഹായം നൽകുന്ന പദ്ധതിയാണ് ചിസ് പ്ലസ്. റീജനൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾക്കു പുറമേ സർക്കാർ മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലും പദ്ധതി പ്രകാരം ചികിത്സ ലഭ്യമാക്കും. കൂടാതെ ചിസ് അംഗങ്ങളായ 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കു 30,000 രൂപയുടെ അധിക സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതിയാണ് എസ് ചിസ്. ചിസ് സ്‌മാർട് കാർഡുള്ള ഒരു കുടുംബത്തിൽ 30,000 രൂപ വരെയുള്ള സൗജന്യ ചികിത്സ ഏതൊരു അംഗത്തിനും ഉപയോഗിക്കാം. കൂടാതെ കുടുംബത്തിലെ മുതിർന്ന പൗരന്മാർക്ക് എല്ലാവർക്കും 30,000 രൂപയുടെ അധിക ചികിത്സാ സൗകര്യവും ഉണ്ട്. ഇതിനു പുറമേയാണ് ഗുരുതര രോഗങ്ങൾക്ക് 70,000 രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുക. 

അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ
ആർഎസ്ബിവൈയ്‌ക്കു പകരമായി ആയുഷ്‌മാൻ ഭാരത് അഥവാ നാഷനൽ ഹെൽത്ത് പ്രൊട്ടക് ഷൻ സ്കീം (എൻഎച്ച്പിഎസ്) ഈ വർഷം നിലവിൽ വരും.  2011 ലെ സോഷ്യോ ഇക്കണോമിക് ആൻഡ് കാസ്റ്റ് സെൻസസ് പ്രകാരം തയാറാക്കിയ പട്ടികയിൽ ഉൾപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ആയുഷ്‌മാൻ ഭാരത് ദേശീയ ആരോഗ്യ പരിരക്ഷ പദ്ധതിപ്രകാരം പുതിയ ആരോഗ്യ ഇൻഷുറൻസിന് അർഹതയുണ്ടാകും. ഓരോ കുടുംബത്തിനും അഞ്ചു ലക്ഷം രൂപ വരെ ചികിത്സാ ചെലവുകൾ ലഭ്യമാക്കുന്ന രീതിയിലാണ്  ആയുഷ്‌മാൻ ഭാരത് മെഡിക്കൽ ഇൻഷുറൻസ് നിലവിൽ വരിക. ദ്വിതീയ, ത്രിതീയ തലങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളിലും പൊതുആശുപത്രികളിലും ചികിത്സ ആവശ്യമായി വരുമ്പോൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. 2018–'19 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഈ മാസം ലഭ്യമായി തുടങ്ങും. ചിയാകിനു തന്നെയായിരിക്കും കേരളത്തിൽ ഇതിന്റെ നടത്തിപ്പു ചുമതല. നിലവിൽ ആർഎസ്ബിവൈ അംഗങ്ങളായവർക്കെല്ലാം പുതിയ ഇൻഷുറൻസ് പരിരക്ഷയ്‌ക്ക് അർഹതയുണ്ടാകും. കേന്ദ്ര പദ്ധതിയിൽത്തന്നെ സംസ്ഥാനങ്ങൾക്ക് ആവശ്യമായ പ്രാദേശിക വ്യത്യാസങ്ങൾ വരുത്തുന്നതിനു വ്യവസ്ഥകളുണ്ട്.

എങ്ങനെ ചിസിൽ ചേരാം
എല്ലാ ജില്ലകളിലും ചിയാകിന്റെ ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ഒട്ടാകെയുള്ള അക്ഷയകേന്ദ്രങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവ വഴി അർഹരായവർക്കു സൗജന്യമായി റജിസ്റ്റർ ചെയ്യാം. കുടുംബത്തിന്റെ ഫോട്ടോ പതിച്ച സ്‌മാർട് കാർഡുകൾ നൽകുകയും ഈ കാർഡ് ആശുപത്രികളിൽ ഹാജരാക്കി സൗജന്യ ചികിത്സ തേടുകയും വേണം. 

എല്ലാ വർഷവും ഓഗസ്റ്റ്– നവംബർ മാസങ്ങളിലാണു പുതിയ അംഗങ്ങളെ ചേർക്കുന്നത്. 

(പ്രമുഖ കോളമിസ്റ്റും േവൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ)

ഇ – സമ്പാദ്യം വരിക്കാരാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക