തലയിലൂടെ കമ്പി തുളച്ചു കയറിയ 10 വയസ്സുകാരന്റെ രക്ഷപ്പെടൽ അത്യന്തം അവിശ്വനീയകരമെന്ന് ഡോക്ടർമാർ. താൻ ഇപ്പോഴും ജീവനോടെ ഉണ്ടെന്നു വിശ്വസിക്കാൻ കുട്ടിക്കും പ്രയാസം. അമേരിക്കയിലെ കാൻസസിലുള്ള സേവ്യർ കണ്ണിങ്ഹാമാണ് ജീവിതത്തിലേക്ക് ഈ അദ്ഭുത തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയിലാണ് സേവ്യർ ടെറസിൽ നിന്നു മുഖംകുത്തി ഇറച്ചി കുത്തിെവയ്ക്കുന്ന കമ്പിയുടെ മുകളിലേക്കു വീണത്. സേവ്യറിന്റെ കവിളിലൂടെ കയറിയ കമ്പി തലയോടു തകർത്ത് ആഴത്തിൽ തറഞ്ഞു. വീണിടത്തുനിന്ന് തനിയെ എഴുന്നേറ്റ സേവ്യർ നേരേ വീട്ടിൽ അമ്മയുടെ അടുത്തേക്ക് ഓടി.
അമ്മ ഗബ്രിയേൽ മില്ലർ ഉടൻ കുട്ടിയുമായി ആശുപത്രിയിലെത്തി. ആദ്യമെത്തിയ രണ്ട് ആശുപത്രികളും മികച്ച സർജൻമാരില്ലെന്നു പറഞ്ഞു മടക്കിഅയച്ചു. ഒടുവിൽ കാൻസസിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിയ ഉടൻ ശസ്ത്രക്രിയയ്ക്കായി കുട്ടിയെ പ്രവേശിപ്പിച്ചു. ഈ സമയമത്രയും പുറത്ത് പ്രാർഥനകളുമായി കാത്തിരിക്കുകയായിരുന്നു അമ്മയും മറ്റു ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ.
ആശങ്കകൾ നിറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ ഒടുവിൽ ചീഫ് ന്യൂറോസർജൻ ഡോ. കോജി എബൻസോളി പുറത്തെത്തി ആ സന്തോഷവാർത്ത അറിയിച്ചു, ' പേടിക്കാനില്ല... സേവ്യറിനെ രക്ഷപ്പെടുത്താനാകും'.
മുഖത്ത് 15 സെന്റീമീറ്റർ ആഴത്തിൽ തറച്ച കമ്പി കണ്ണ്, തലച്ചോറ്, സുഷ്മ്ന തുടങ്ങിയ പ്രധാന അവയവങ്ങളിൽ ഒരു പോറലുപോലും ഏൽപ്പിക്കാതിരുന്നതാണ് ഇവിടെ രക്ഷയയാത്. ഇത് വളരെ അവിശ്വസനീയമാണെന്നും ഡോക്ടർ പറയുന്നു.
100 മെഡിക്കൽ വിദ്ഗ്ധർ അടങ്ങിയ സംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്. ചോര വാർന്നൊഴുതാകാതിരുന്നതിനാൽ വിദ്ഗ്ധ സർജൻമാരെ വിളിച്ചുവരുത്താനുള്ള സമയവും ആശുപത്രി അധികൃതർക്കു ലഭിച്ചു. കമ്പി നീക്കം ചെയ്യുംവരെ ഒരു രാത്രി മുഴുവൻ ക്ഷമയോടെ കാത്തിരുന്ന സേവ്യർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും സേവ്യറിന്റെ സഹകരണം കൊണ്ടുമാത്രമാണ് ശസ്ത്രക്രിയ വിജയിച്ചതെന്നും ഡോക്ടർമാർ പറയുന്നു.
Read More : Health News