ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ അമ്മ സ്റ്റെസി ഹെറാൾഡ് ഇനി ഓർമകളിൽ. വളരെ ശ്രദ്ധേയമായ ഒരു ജീവിതം നയിച്ച സ്റ്റെസി 44–ാമത്തെ വയസ്സിലാണ് ഈ ലോകത്തോടു വിടപറഞ്ഞത്.
ഒസ്റ്റിയോ ജെനിസിസ് ഇംപെർഫെക്ട എന്ന അപൂർവരോഗം ബാധിച്ച സ്റ്റെസിക്ക് രണ്ടടി നാലിഞ്ച് ഉയരമാണ് ഉണ്ടായിരുന്നത്. രോഗത്തിന്റെ ഫലമായി വളർച്ച മുരടിച്ചു. വലിപ്പമില്ലാത്ത ശ്വാസകോശവും ബലമില്ലാത്ത എല്ലുകളുമായിരുന്നു സ്റ്റെസിക്ക്.
ഗർഭിണി ആകരുതെന്ന ഡോക്ടർമാരുടെ ഉപദേശം മറികടന്ന് മൂന്നു കുഞ്ഞുങ്ങൾക്കും ഇവർ ജൻമം നൽകി. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് വലുതാകുന്തോറും താങ്ങാനാകില്ലെന്നും ശ്വാസകേശത്തെയും ഹൃദയത്തെയും ബാധിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ഇതിനെയെല്ലാം മാറ്റിമറിച്ചാണ് കറ്റേരി (11) മഖ്യ (10) മലാച്ചി (8) എന്നീ മൂന്നു മക്കൾക്ക് അവർ ജൻമം നൽകിയത്. മുന്ന് കുട്ടികളിൽ ആദ്യത്തെ രണ്ട് കുട്ടികൾക്കും സ്റ്റെസിയെ പോലെ വളർച്ചാമുരടിപ്പുണ്ട്. ആദ്യത്തേതു രണ്ടും സ്വാഭാവിക പ്രസവമായിരുന്നു. എട്ടാഴ്ച മുൻപേ ശസ്ത്രക്രിയയിലൂടെ ജനിച്ച ഇളയകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
ഒരു സൂപ്പർമാർക്കറ്റിൽ വച്ചു പരിചയപ്പെട്ട ഹെറാൾഡിനെ നാലു വർഷത്തിനു ശേഷം 2004ലാണ് സ്റ്റെസി വിവാഹം കഴിക്കുന്നത്. 2011ൽ കെന്‍റുക്കി മിസ്സ് വീല്‍ചെയറായും സ്റ്റെസിയെ തിരഞ്ഞെടുത്തിരുന്നു. കെന്റുക്കിലാണ് ഭർത്താവ് വില്ലിക്കും മൂന്ന് മക്കൾക്കുമൊപ്പം സ്റ്റെസി താമസിച്ചിരുന്നത്.
Read More : Health News