Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാഗ്രത വേണം ഉയരുന്ന ചൂടിനോട്; നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

heavy-hot-t

അന്തരീക്ഷതാപം ക്രമാത്തിലധികം ഉയരുന്ന സാഹചര്യത്തിൽ സൂര്യാതപത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ചൂട് അമിതമാകുന്ന കാലാവസ്ഥയിൽ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാകുന്നതാണു സൂര്യാതപത്തിനു കാരണം. 

വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, അമിതവണ്ണമുള്ളവർ, പ്രമേഹം-ഹൃദ്രോഗം-വൃക്കരോഗം തുടങ്ങി രോഗങ്ങളുള്ളവർ എന്നിവർക്കാണു സൂര്യാതപം ഉണ്ടാവാൻ സാധ്യത കൂടുതൽ. വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്നു ചൂടായ ശരീരം, നേർത്ത വേഗത്തിലുള്ള നാഡിമിടിപ്പ്, ശക്തമായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും തുടർന്നുള്ള അബോധാവസ്ഥയും സൂര്യാതപത്തിന്റെ ലക്ഷണങ്ങളാണ്. 

വെയിലത്തു ജോലി ചെയ്യുമ്പോൾ പേശിവലിവ് അനുഭവപ്പെടുന്നതാണു തുടക്കം. കാലുകളിലെയും ഉദരത്തിലെയും പേശികൾ കോച്ചിപ്പിടിച്ചു വേദന തോന്നും. ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതിന്റെ ലക്ഷണമാണിത്. ഈയവസരത്തിൽ ജോലി മതിയാക്കി വിശ്രമിക്കണം. തണലുള്ള സ്ഥലത്തേക്കു മാറണം. ധാരാളം വെള്ളം കുടിക്കണം.

എന്തു ചെയ്യണം?

  • സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ, ആളെ എത്രയും പെട്ടെന്നു വെയിലത്തുനിന്നു തണലത്തേക്കു മാറ്റണം.
  •  ചൂടു കുറയുംവരെ ശരീരം വെള്ളം മുക്കി തുടയ്ക്കുക. കുളിപ്പിക്കുകയും ആവാം. 
  • എസിയുള്ള മുറിയിലോ ഫാനിന്റെ അടിയിലോ രോഗിയെ കിടത്താൻ സൗകര്യമുണ്ടെങ്കിൽ അതിനു ശ്രമിക്കണം. 
  • ധാരാളം വെള്ളം കുടിക്കാൻ കൊടുക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം കിട്ടുമെങ്കിൽ നല്ലതാണ്. 
  • ഒആർഎസ് അടങ്ങിയ ലായനി, കരിക്കിൻ വെള്ളം എന്നിവ നൽകുന്നതു നഷ്ടപ്പെട്ട ലവണങ്ങൾ തിരിച്ചുകിട്ടാൻ സഹായിക്കും. 
  • കട്ടൻ കാപ്പി, കട്ടൻ ചായ എന്നിവ നൽകരുത്. ശരീരത്തിൽനിന്നു ജലം വീണ്ടും നഷ്ടപ്പെടാൻ കാരണമാകും..  
  • അടുത്തുള്ള ആശുപത്രിയിലേക്കു രോഗിയെ കൊണ്ടുപോകുക. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ധാരാളമായി വെള്ളം കുടിക്കുക. വെയിലത്തു ജോലി ചെയ്യേണ്ടിവരുന്നവർ ഇടയ്ക്കിടെ തണലത്തുമാറി വിശ്രമിക്കണം. ചുരുങ്ങിയത് ഉച്ചയ്‌ക്കു 12 മുതൽ മൂന്നു വരെയുള്ള   സമയം വിശ്രമിച്ചു രാവിലെയും വൈകിട്ടുമുള്ള സമയം ജോലി ചെയ്യുക. 
  • കുട്ടികളെ വെയിലത്തു കളിക്കാൻ അനുവദിക്കരുത്. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലോ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണു നല്ലത്. 
  • വീടിനകത്തു ധാരാളം കാറ്റ് കടക്കുന്ന രീതിയിൽ വാതിലുകളും ജനലുകളും തുറന്നിടാൻ ശ്രദ്ധിക്കണം. 
  • വെയിലത്തു പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ടു പോകരുത്. 
  •  ചൂടു കൂടുതലുള്ള സമയത്തു തുറസ്സായ സ്ഥലത്തു സഞ്ചരിക്കുന്നത് ഒഴിവാക്കുക. കാൽനടയാത്ര വേണ്ടിവന്നാൽ കുട ചൂടുക, കയ്യിൽ കുടിവെള്ളം കരുതുക.